ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം
ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം – Sree Balussery Kotta Vettakkorumakan Temple
Sree Balussery Kotta Vettakkorumakan Temple : കേരളത്തിലെ വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒരു പ്രധാനപെട്ട ക്ഷേത്രമണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം. വേട്ടക്കൊരുമകനോടൊപ്പം ഉപദേവൻമാരായി ഭഗവതി, അയ്യപ്പൻ, ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതകളും ഇവിടെ കുടി കൊള്ളുന്നു. എല്ലാ വർഷവും ധനുമാസത്തിൽ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ പാട്ട് മഹോത്സവം നടത്തി വരുന്നു. ബാലുശ്ശേരി ടൗണിൽ നിന്ന് ഏകദേശം ഒരു കി.മീ. അകലത്തിൽ കോട്ടനട പുഴയുടെ തീരത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണു ബാലുശ്ശേരി കോട്ട.
അർജ്ജുനന്റെ തപസ്സിൽ സംപ്രീതരായ പരമശിവനും പാർവതി ദേവിയും കിരാത രൂപം ധരിച്ച് അർജജുനന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നാണൈതിഹ്യം. കിരാതരൂപികളായ അവർക്ക് ജനിച്ച പുത്രനാണു വേട്ടക്കൊരുമകൻ എന്ന് വിശ്വസിക്കപ്പെടുന്നു.
ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വേട്ടക്കൊരുമകൻ തെയ്യം. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്. നായർ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വേട്ടയ്ക്കൊരു മകൻ. “വേട്ടക്കരമകൻഎന്നതിന് വേട്ടയ്ക്ക് പോയപ്പോൾ ജനിച്ച പുത്രൻ എന്നർത്ഥം”.
വേട്ടയ്ക്കൊരുമകൻ കിരാതമൂർത്തി (കിരാതരൂപത്തിലുള്ള ശിവൻ)യുടെ പുത്രന്റെ സങ്കല്പത്തിലുള്ള ദൈവമാണ്. ശിവൻ ഒരു ദ്രാവിഡദേവനാണെന്നും ദ്രാവിഡരുടെ വേട്ടക്കാരൻ ദൈവമായ അയ്യപ്പൻ, മുരുകൻ എന്നിവരുടെ ഉത്ഭവം ശിവനിൽ നിന്നാണെന്നും അഭിപ്രായമുണ്ട്. വേട്ടയ്ക്കൊരുമകൻ തെയ്യം മുഴുവൻ ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു.
വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ , പരമശിവൻ അപ്രകാരം ചെയ്തു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി.
ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകർത്തു” എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാടുന്നത്.
വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു.അമ്പും,വില്ലും, മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിന്റെ ആയുധങ്ങളത്രേ . വേട്ടയ്ക്കൊരുമകൻ തെയ്യത്തിന്റെ മുഖത്തെഴുത്ത് വേട്ടയ്ക്കൊരു മകൻ നെടിയിരുപ്പു സ്വരൂപത്തിൽ ക്ഷേത്രപാലന്റെ കൂടെയും, മറ്റിടങ്ങളിൽ ഊർപ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്.
വേട്ടയ്ക്കൊരുമകന്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്. ചില വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യംപാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്.
തെയ്യംപാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങൾ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് വേട്ടയ്ക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്.
കേരളത്തിലെ പ്രധാന വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. ഇവിടെ വേട്ടയ്ക്കൊരുമകൻ “പരദേവത” എന്ന പേരിലും അറിയപ്പെടുന്നു. തെയ്യം ,തിറ എന്നിവ ഈ ക്ഷേത്രത്തിൽ കെട്ടിയാടിക്കാറില്ല. വേട്ടയ്ക്കൊരുമകൻ തെയ്യത്തിന്റെ തോറ്റംപാട്ടിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്. ഇവിടെയും പാട്ടുത്സവം നടത്താറുണ്ട്.
പരദേവത യാത്രചെയ്ത് ബാലുശ്ശേരി കോട്ടയിൽ നിന്നും കല്പത്തൂരിടം, കരുവഞ്ചേരി, മേക്കൊന്നൊളി, ഒതയോത്, ചെങ്ങോട്ടേരി, പുതിയേടം എന്നീ സ്ഥലങ്ങളിൽ എത്തിച്ചേർന്നു. ബാലുശ്ശേരി കോട്ടയിൽ നിന്നും കരുവഞ്ചേരി പരദേവത ക്ഷേത്രത്തിലും ശേഷം ഭജനയിരിക്കാൻ (സന്യസിക്കാൻ പോയ) നായർ-ഗുരുവിന്റെ കൂടെയും ഇരിങ്ങലിലെ മേക്കൊന്നൊളി ക്ഷേത്രത്തിൽ എത്തിച്ചേരുകയും ശേഷം ഗുരു പരദേവതയെ ആവാഹിച്ചു ഇരുത്തുകയും ചെയിതു. വേട്ടയ്ക്കൊരു മകനെ ചിലയിടങ്ങളിൽ പരദേവതയായും കാണുന്നു.
ചിലർ ശിവന്റെ കാട്ടാളരൂപമായി പരദേവതയെയും. പരദേവതയുടെ മകനായി വേട്ടേയ്ക്കൊരു മകനായും ആരാധിക്കുന്നു. കേരളത്തിലെ പ്രശസ്തമായ ബാലുശ്ശേരി കോട്ട പരദേവതയുടെ ഉൽഭവ സ്ഥാനമായും,ഇവിടെനിന്നും പല പലദിക്കുകളിലേക്കും മാറിമാറി സഞ്ചരിച്ചുവെന്നും വിശ്വാസം
(കടപ്പാട്)