ചുഴലി ഭഗവതി തെയ്യം
ചുഴലി ഭഗവതി തെയ്യം പുരാണം മലയാളത്തിൽ – About Chuzhali Bhagavathi Theyyam Story In Malayalam
Chuzhali Bhagavathi Theyyam: ആദിപരാശക്തിയായ ദേവിക്ക് മലനാട് കാണാൻ മോഹം . ഇതറിഞ്ഞ ആര്യ രാജൻ വിശ്വകർമാവിനെ വിളിച് മനോഹരമായ ഒരു കപ്പൽ നിർമിക്കാൻ കൽപ്പന നൽകി. രാജശില്പി 41 കോൽ നീളവും വും 21 കോൽ വീതിയുമുള്ള മനോഹരമായ ഒരു കപ്പൽ നിർമ്മിച്ചു. സന്തുഷ്ടനായ രാജാവ് മുത്തു പതിപ്പിച്ച 3 സ്വർണ്ണം കൊണ്ടുള്ള ദേവീ വിഗ്രഹങ്ങൾ കപ്പലിൽ പ്രത്യേക പീഠത്തിൽ പ്രതിഷ്ഠിച്ച് അമൂല്യ രത്നങ്ങൾ അണിയിച് കപ്പിത്താൻ ഇല്ലാതെ മലനാട്ടിലേക്ക് യാത്രയാക്കി. ആരോരുമില്ലാതെ ചുഴലി കാറ്റിൽ ആ മരക്കലം ചുറ്റിത്തിരിഞ് 108 അഴിമുഖങ്ങൾ താണ്ടി ചെറുകുന്ന് ആയിരം തെങ്ങിൽ അടുത്തു.
ചുഴലി കാറ്റ് വീശി അടുപ്പിച്ച ഈ അത്ഭുത കപ്പൽ കാണാൻ നാട്ടുകാരും നാടുവാഴികളും ഓടിയെത്തി. അമൂല്യ രത്നങ്ങൾ പതിപ്പിച്ച മൂന്ന് വിഗ്രഹങ്ങൾ കണ്ടുനിന്ന അവർ അതിശയിച്ചു. പ്രകാശം ചൊരിയുന്ന രണ്ട് വിഗ്രഹങ്ങൾ കോലത്ത് കോവിൽ അധികാരിയും നേരിയോടു നാടുവാഴിയും എടുത്തു. കാഴ്ചയിൽ പ്രകാശിതം അല്ലാത്ത മൂന്നാമത്തെ വിഗ്രഹം ഒഴുവിലെടം സാമന്തൻ നായനാർ എടുത്തു. മൂന്നാമത്തെ വിഗ്രഹം എടുത്തപ്പോൾ അത്ഭുതമെന്ന് പറയട്ടെ കപ്പൽ ഒന്നു പൊങ്ങി.
അത് സാന്നിധ്യം ഉൾക്കൊള്ളുന്ന വൈശേഷിക വിഗ്രഹം ആണെന്ന് മനസ്സിലാക്കിയ നായനാർ അതും കൊണ്ട് കോവിലകത്തേക്ക് നടന്നു. ഇത് കണ്ട് കോലത്തിരിയുടെ പടയാളികൾ ഈ ദിവ്യ വിഗ്രഹം കൈക്കലാക്കാൻ നായനാരെ പിന്തുടർന്നു. ഇതറിഞ്ഞ നായനാർ വിഗ്രഹവും കൊണ്ട് ഓടി. നായനാർ പുഴക്കടവിൽ അലക്കുന്ന അലക്കു കാരൻറെ അടുത്തെത്തി. തമ്പുരാൻറെ ഭടന്മാർ നിന്നെ പിടികൂടാൻ വരുന്നു എന്ന് നായനാർ അലക്കുകാരനോട് കളവു പറഞ്ഞു.
അലക്കുകാരൻ പേടിച്ച് ഓടാൻ തുടങ്ങി. ഈ സമയത്ത് നായനാർ അലക്കുകാരൻറെ വേഷത്തിൽ അലക്കുന്നത് പോലെ നടിച്ചു നിന്നു. പിന്നീട് നായനാർ അവിടുന്ന് ഒരു തുണിയെടുത്ത് വിഗ്രഹം പൊതിഞ്ഞ് നടന്നു. വിഗ്രഹവും കൊണ്ട് നായനാർ പല കാവുകളിലും ഒളിച്ചിരുന്നു. നായനാർ ഒളിച്ചിരുന്ന കാവുകളിൽ എല്ലാം ചുഴലി ഭഗവതി സാന്നിധ്യം കൊണ്ടു. വിഗ്രഹം പൊതിഞ്ഞ് വെച്ച അലക്കു കടവിലും സാന്നിധ്യം കൊണ്ടു ഈ ദേവത. അവിടെയാണ് ദേവിയുടെ മൂലസ്ഥാനം. വെളുത്തേടൻമാർക്ക് ആണ് അവിടെ ഊരാൺമ അവകാശം. ഒടുവിൽ ഭയന്ന് ഗത്യന്തരമില്ലാതെ സാമന്തൻ നായനാർ ആ ദിവ്യ വിഗ്രഹം വടക്കേ കാവ് എന്ന കാട്ടുമൂലയിൽ കുഴിച്ചിട്ടു.
ദേവിയുടെ കോപത്താൽ ഒഴിവിടം നായനാർ ശ്വാസംമുട്ടി മരിച്ചു. ഒരിക്കൽ ഈ സ്ഥലത്ത് കുഴിയെടുകവേ ഈ വിഗ്രഹം തിരിച്ചുകിട്ടി. അവിടെ ദേവി സാന്നിധ്യം കൊണ്ടു. ചുഴലി ഭഗവതിയുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം. പണ്ടുകാലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഒരു ഗുരുകുലം ആയിരുന്നു. അവിടെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു തിരുമേനി ഉണ്ടായിരുന്നു. അദ്ദേഹത്തെ ഗൂഡല്ലൂർ തിരുമേനി എന്നാണ് അറിയപ്പെട്ടിരുന്നത്.
ഗുരുകുലം സ്ഥിതിചെയ്തിരുന്ന കടമ്പ വൃക്ഷം ഇടതൂർന്നു വളരുന്ന കാവിന് അരികിലൂടെ നടന്നുപോവുകയായിരുന്ന കുശവ സമുദായത്തിൽ പെട്ട ഒരാൾ സുന്ദരിയായ ഒരു കന്യക കടമ്പവൃക്ഷത്തിൽ കയറുന്നത് കണ്ടു. അദ്ദേഹം ഈ വിവരം തിരുമേനിയെ അറിയിച്ചു. കടമ്പ വൃക്ഷത്തിൽ കണ്ട കന്യകയിൽ എന്തോ ദിവ്യത്വം ഉള്ളതായി തിരുമേനിക്ക് മനസ്സിലായി. അദ്ദേഹം കന്യകയ്ക്ക് വസ്ത്രങ്ങൾ നൽകി ഗുരുകുലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ദേവി കുടികൊണ്ട ഈ ഗുരുകുലം ആണ് പിന്നീട് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം എന്നറിയപ്പെട്ടത്. വലിയ ചുറ്റമ്പലവും മനോഹര ശില്പങ്ങൾ ഉള്ള ഗോപുരങ്ങളും വലിയ ചിറയും ഒക്കെയുള്ള കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം. കടമ്പ വൃക്ഷത്തിൽ കയറിയ ദേവി അധിവസിക്കുന്ന ഈ പ്രദേശം പിൽക്കാലത്ത് കടമ്പേരി എന്നറിയപ്പെട്ടു. ഈ ക്ഷേത്രത്തിനു പുറമേ കല്യാട്ട് ശേരി മാടായിക്കാവ് ചെറുകുന്ന്താഴെക്കാവ് കളരിവാതുക്കൽ മന്നംപുറത്തു കാവ് പെരു മണ്ണ് നെടിയങ്ങ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ചുഴലി ഭഗവതി കുടികൊള്ളുന്നു. ആകാശം മുട്ടുന്ന വലിയ തിരുമുടിയും വായിൽ എകീറൂം വിതാന തറ യും കയ്യിൽ നാന്തകം ചെറുപരിച എന്നിവയുമായി പുറപ്പെട്ടു വരുന്ന ചുഴലി ഭഗവതി കോലത്തുനാട്ടിലെ പ്രധാന തെയ്യങ്ങളിൽ ഒന്നാണ് .
ടി. ടി. ലക്ഷ്മണൻ കുഞ്ഞിമംഗലം
Chuzhali Bhagavathi Temples:
1. Sree Chuzhali Bhagavathi Temple, Chuzhali Bhagavathi Temple Rd, Chuzhali, Kerala 670142
2.Chuzhali Muchilottu Bhagavathi Temple, Chuzhali – Kavinmoola Rd, Chuzhali, Kerala 670631
3. Chuzhali Bhagavathi Temple, Valakkai, Kerala 670142
4. Kadamberi Chuzhali Bhagavathi Temple, Anthoor muncipality, Post Office,Kannur, Kadambery, Kannur, Kerala 670562
5. നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രം, Swami Madam Junction, Nediyanga, Kerala 670631
6. Chuzhali Bhagavathi Temple, Chundol, Kerala 670595
7. പെരിങ്കോന്ന് ശ്രീ പുളിമ്പിടാവ് ചുഴലി ഭഗവതി ക്ഷേത്രം, Chengalayi Perinkonnu Road, Kerala 670631
8. ശ്രീ ചുഴലി ഭഗവതി ടെമ്പിൾ, Near irinave CRC, irinave crc, Kovvappuram – Irinavu Bypass Rd, Irinave, Kerala 670301