പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യം വിശേഷങ്ങൾ, പുരാണം അറിയൂ – Pulimaranja Thondachan Theyyam

About Pulimaranja Thondachan Theyyam Story

pulimaranja thondachan theyyam

Pulimaranja Thondachan Theyyam: മാടായിക്കാവിലെ പൂരക്കടവത്തെ അടിമ ചന്തയിൽനിന്നും കുഞ്ഞിമംഗലത്തെ പ്രമാണിയായ വാർന്താറ്റിൽ ചേണിച്ചേരി കുഞ്ഞമ്പുനമ്പ്യാർ കൃഷിപ്പണിക്കായി വള്ളി കുടിച്ചി വിരുന്തിയെ അടിമപ്പണം നൽകി ഏറ്റെടുക്കുന്നു . പിന്നീട് കൊണ്ടുവന്ന മണിയൻ കാഞ്ഞനും വിരുന്തിയും കല്യാണം കഴിച്ച് അതിൽ അവർക്കൊരു മകൻ പിറന്നു – കാരി. കീഴാളർക്ക് അക്ഷരവും അറിവും നിഷേധിക്കപ്പെട്ട കാലം . അക്ഷരങ്ങളെ സ്നേഹിച്ച കാരി ചെമ്പിടാർ ഗുരുക്കളിൽ നിന്നും മറ്റും ഒളിച്ചിരുന്ന് അക്ഷര വിദ്യ പഠിച്ചു.

ആയോധന വിദ്യ പഠിക്കാനുള്ള ആഗ്രഹം അവൻ അച്ഛനോട് പറഞ്ഞു. താഴ്ന്ന ജാതിക്കാരെ കളരിയിൽ കയറ്റില്ല എന്ന് പറഞ്ഞ അച്ഛനോട് . ഞാൻ കളരിയിൽ പോകുമെന്ന് ശഠിച്ചു കാരി. ഇതറിഞ്ഞ കുഞ്ഞമ്പു നമ്പ്യാർക്ക് അനുകമ്പ തോന്നി. എങ്കിൽ നീ കളരിയിൽ ചെന്നാൽ നിന്റെ നാട് കുഞ്ഞിമംഗലം വീട് പാറന്താട്ട് പേര് കുഞ്ഞമ്പു എന്ന് കളരി ഗുരുക്കളോട് പറയുക.

അങ്ങിനെ അവൻ മാടായി കളരിയിൽ നിന്ന് ആയോധനവിദ്യ പഠിച്ചു. അറിവ് തേടിയുള്ള യാത്രയിൽ അവൻ വളപട്ടണം കളരി (വാളോർ കളരി), എടക്കാട് കളരി, മയ്യഴി കളരി , പാഞ്ഞാർകളരി, കോലത്ത് കളരി, താവത്ത് കളരി, ചൊവ്വ കളരി, എടാട്ട് കളരി, കുഞ്ഞിമംഗലത്തെ കല്ലന്താറ്റിൽ കളരി, പണച്ചിറമ്മൽ കളരി , അരയമ്പത്ത് കളരി, മാട്ടുമ്മൽ കളരി, മുതുവടത്ത് കളരി ഇങ്ങനെ 18 കളരികളിൽ നിന്ന് അറിവും അഭ്യാസവും പഠിച്ചു.

വടകരയിലെ ലോകനാർ കാവിന് അടുത്തുള്ള ചോതിയാൻ കളരിയിൽ നിന്നും അവൻ ആയോധനവിദ്യയോടൊപ്പം മാറാട്ട് വിദ്യയും മന്ത്രവും തന്ത്രവും ജ്യോതിഷവും കരസ്ഥമാക്കി. ചോതിയാൻ കളരിയിൽ നിന്നും പിരിയുന്നത് ഇഷ്ടമല്ലാത്ത ഗുരുക്കത്തി അമ്മ വിടചോദിക്കാൻ ചെന്ന കാരിയെ ശപിച്ചു. തൻറെ വീടും പേരും മാറ്റിപ്പറഞ്ഞു പഠിച്ച മന്ത്രവിദ്യയാൽ നീ പുലിയായി മാറിയാൽ നീ പുലിക്കൂട്ടത്തിൽ ചെന്ന് ചേർന്ന് പോകട്ടെ . ഗുരുശാപം കാരിയെ തളർത്തിയില്ല. മണ്ണിൽ അടിമവേല ചെയ്തു ജീവിക്കേണ്ട ഒരടിയാള ജന്മം – എന്നാൽ അതിരുകളെല്ലാം ഭേദിച്ച് എയ്ത്തിനും പോയ്ത്തിനും മന്ത്രതന്ത്രങ്ങൾക്കും പേരെടുത്ത കാരി മാടായികളരിയുടെ ഗുരുക്കൾ ആയ വിവരമറിഞ്ഞ അധികാരവർഗ്ഗം അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചു .

അങ്ങിനെയിരിക്കെ ആധിയും വ്യാധിയും ഭ്രാന്തും പിടിപെട്ട അള്ളട തമ്പുരാന്റെ ചെമ്പോല തരകുമായി ഒരു ദിവസം അനുചരന്മാർ മാടായി കളരി മുറ്റത്തെത്തി. ഒരുപാട് ശിഷ്യരെ പഠിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന കാരി ഗുരുക്കൾ ഉത്തരവ് കൈപ്പറ്റി വായിച്ചു . തമ്പുരാന്റെ ഭ്രാന്ത് ചികിത്സിച്ചു മാറ്റണം. മാറ്റിയാൽ തന്റെ നാടിന്റെ ഒരുഭാഗവും സ്വർണ്ണ കിഴികളും നൽകാം. ചതി മനസ്സിലാക്കിയ ചേണിച്ചേരി കുഞ്ഞമ്പുനമ്പ്യാർ എതിർത്തു. കാരി പോകാൻ തന്നെ തീരുമാനിച്ചു.

ശിഷ്യന്മാരുമൊത്ത് കൊട്ടാരത്തിലെത്തിയ കാരിഗുരുക്കൾ തമ്പുരാന്റെ ഭ്രാന്ത് ചികിത്സിച്ചു മാറ്റി. രോഗം മാറിയപ്പോൾ തമ്പുരാന്റെ മട്ടുമാറി . കോലോത്തെ കൊട്ടിലകത്തെ അടിയന്തിരം മുടങ്ങിയിട്ട് ഒരു വർഷമായി. അത് പുനരാരംഭിക്കാൻ പുലിപാലും പുലിജടയും വേണം. ഇത് കൊണ്ടു വന്നാലേ പാരിതോഷികം തരാൻ പറ്റൂ. അതിനെന്താ തമ്പുരാനേ ഞാൻ കൊണ്ടുവരാം എന്ന് പറഞ്ഞ് കാരി തന്റെ കുടിലിന്റെ മുന്നിലെത്തി. ഭാര്യ വെള്ളച്ചിയെ വിവരമറിയിച്ചു. ഞാൻ പുലിയായി മറഞ്ഞ്പുലിയൂർ കുന്നിലേക്ക് പോകുകയാണ്. ഞാൻ മടങ്ങി വന്നാൽ നീ എൻറെ മുഖത്ത് അരിക്കാടി വെള്ളം തെളിക്കണം. കൂടാതെ പച്ചച്ചാണകം കലക്കിയ വെള്ളത്തിൽ മുക്കിയ അടിമാച്ചികൊണ്ട് മുഖത്ത് അടിക്കണം . എങ്കിലേ എനിക്ക് മനുഷ്യരൂപം തിരിച്ചുകിട്ടു. നീയെന്നെ ചതിക്കുമോ നീ മാത്രമേ ഈ വിവരം അറിയുന്നുള്ളൂ. വെള്ളച്ചി സമ്മതിച്ചു.

താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെ വിശ്വസിച്ച്‌ കാരി ഗുരുക്കൾ ആറാം മലയിലേക്ക് യാത്രയായി. വഴിയിൽവെച്ച് ച്ച കുറത്തിയും ഗുളികനും പൊട്ടനും മാഞ്ഞാളം പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കുന്നു – നടന്നില്ല. കളമെഴുതി വിതാനം തൂക്കി മന്ത്ര തന്ത്രങ്ങളുടെ കെട്ടഴിച്ചു. പൂജാപാത്രങ്ങൾ ഇളകി തെറിച്ചു. നിയോഗം വന്ന് ഉറഞ്ഞുതുള്ളി കാരി പുലിരൂപം പൂണ്ട് അലറിവിളിച്ചുകൊണ്ട് പുലിയൂർ കുന്നിലെത്തി. പുലിജന്മം പൂണ്ട കാരി പുലിജടയും പുലിപ്പാലുമായി കോലോത്തെത്തി . കോലോത്തെ വാതിലുകൾ കൊട്ടിയടച്ചു. ചതി മനസ്സിലാക്കിയ കാരി തൻറെ കുടിലിന്റെ മുന്നിൽ എത്തി. ഭാര്യയെ അലറിവിളിച്ചു.

എന്നാൽ പുലി രൂപം കണ്ട വെള്ളച്ചി പേടിച്ചരണ്ട് വാതിലടച്ച് അകത്തുകയറി പായിതിരയിൽ ഒളിച്ചു. അലറിക്കൊണ്ട് അകത്തുകയറിയ പുലി വെള്ളച്ചിയുടെ കഴുത്തു കടിച്ച് പുറത്തേക്കോടി . മനുഷ്യജന്മം കൈവിട്ടു പോയെന്ന് അറിഞ്ഞ കാരി അവളെ കടിച്ചു കൊന്ന് ദീനമായി അലറിവിളിച്ചുകൊണ്ട് പുലിപാതാളത്തിലേക്ക് മറഞ്ഞു. നാടുവാഴിയുടെ നാലുകെട്ടിൽ ദുർനിമിത്തങ്ങൾ കാണാൻ തുടങ്ങി. തമ്പുരാന് വീണ്ടും ഭ്രാന്ത് പിടിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിൽ പുലിയുടെ അലർച്ച കേട്ട് പേടിച്ച് അന്തർജനങ്ങൾക്ക് ഉറക്കം ഇല്ലാതായി. രാശിക്കളം വരച്ചു കവടി നിരത്തി. പ്രശ്നചിന്ത ചെയ്തു കാരി തെയ്യമായി – പുലിമറഞ്ഞ തൊണ്ടച്ചൻ.

ഭൂസ്വത്തും സ്വർണ്ണകിഴികളും പാരിതോഷികങ്ങളും ചേണിച്ചേരി കുഞ്ഞമ്പു നായർക്ക് നൽകി സന്തോഷിപ്പിച്ച നാടുവാഴി കെട്ടിയാടിച്ചു പുലിമറഞ്ഞതൊണ്ടച്ചനെ. കാരിക്ക് എവിടെയും പള്ളിയറയോ മുതിർ ച്ചയോ വിളക്ക് വെപ്പോ ഇല്ല. മാടായിപ്പാറയിൽ തന്റെ സ്മരണ ഉണർത്താനെന്നോണം ഒരു ചെറിയകളരി മാത്രം – മാടായി കളരി. എങ്കിലും തന്റെ കീഴാളർ തോറ്റി ഉണർത്തിയാൽ ഏഴിമലയ്ക്ക് അപ്പുറത്തുനിന്നും വിളി കേൾക്കും അവരുടെ പുലിമറഞ്ഞ തൊണ്ടച്ചൻ. കുറ്റബോധത്താൽ ഗദ്ഗദം പൂണ്ട് തേങ്ങി കരഞ്ഞു കൊണ്ട് വെള്ളച്ചിയും.

സ്നേഹമയിയായ വെള്ളച്ചിയെ തേടി അലറി കരഞ്ഞുകൊണ്ട് കാരിയും ഇന്നും രാത്രികാലങ്ങളിൽ മാടായിപ്പാറയിലൂടെ ഒരു നൊമ്പരമായി അലഞ്ഞു നടക്കുകയാണ് എന്ന് വിശ്വസിക്കുന്നു മാടായിയിലെ നാട്ടു മനസ്സ് . വിവരണം: ടി. ടി. ലക്ഷ്മണൻ കുഞ്ഞിമംഗലം

Pulimaranja Thondachan Theyyam Temple

Athazhakunnu –ThayakkavuBhagavathi Temple, Kannur

You May Also Like

മലയാളത്തിലാദ്യമായി സമ്പൂർണ ക്രിക്കറ്റ് വെബ്സൈറ്റ്, ക്രിക്കറ്റ് വർത്തകകൾ, പുതിയ അപ്ഡേറ്റ്സ് , ലൈവ് സ്കോർ ലഭിക്കുന്നതിനായി സന്ദർശിക്കുക CRICKWORLD.XYZ