കുറത്തിയമ്മ തെയ്യം പുരാണം മലയാളത്തിൽ

കുറത്തിയമ്മ തെയ്യം – About Kurathiyamma Theyyam in Malayalam

kurathiyamma theyyam

കുറത്തിയമ്മ – കൈലാസവാസനോട് നിച്ചിലും മുത്തും പവിഴവും വാങ്ങി മൈനാക പർവ്വതം കയറിയോൾ – വെള്ളകടപ്പുറം വെള്ളിമാൻ കല്ലിന്മേൽ വെളുക്കെ ചിരിച്ചുറഞ്ഞാടിയോൾ – തുളുനാട്ടിൽ തുളുത്തീയൻ തറവാട്ട് മുറ്റത്തെത്തി കത്തിയും മാച്ചിയും കുറ്റി മുറവുമെടുത്തുറഞ്ഞാടിയോൾ – അതെ മേൽലോകത്ത്നിന്ന് കീഴ്ലോകത്ത് കാർഷീക വൃദ്ധി വരുത്തുന്നതിനായി എത്തിയ ഊർവരതാ ദേവത – സാക്ഷാൽ ശ്രീപാർവ്വതി. ” അന്ന് കുന്നിൻ മകളായ് അവതരിച്ചു. പോയിചെന്നാൻ കിഴക്കുദിക്കും സൂര്യദേവൻതിരുമുമ്പിൽ , അഴകിയ വരം വാങ്ങി കുറത്തിയമ്മ.

തുളുനാട്ടബലം തുളുതീയൻ വീട്ടിൽ കന്നിരാശിയിൽ ശേഷിക്കപ്പെട്ടു. അവിടെ ആയിരംകൊണ്ടും അഞ്ഞൂറ് കൊണ്ടും കുറിക്ക് പഞ്ചങ്ങളഞ്ചും പതിനെട്ട് കൂട്ടം സാധനം , വീത്പാത്രം മന്ത്രപാത്രം മീൻകോല് ഇറച്ചിക്കോൽ ബ്രഹ്മക്കുടം പറിച്ച്ചാടി മധുകണ്ട് വാങ്ങിത്തെളിഞ്ഞ ശ്രീപാർവതിയാൾ ശ്രീ കുറത്തിയമ്മ. ” എന്ന് ഭഗവതിയുടെ തിരുമൊഴി. പെൺ പൈതങ്ങളുടെ ഇഷ്ട ദേവതയായ കുറത്തിയമ്മ തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി പല കാവുകളിലും തറവാട്ട്ഭവനങ്ങളിലും ആരൂഢം കൊണ്ടു.

കാർഷീക ദേവതയായ കുറത്തിയമ്മ മഴയിൽ കുടയായും , വെയിലിൽ നിഴലായും, മരം കോച്ചുന്ന തണുപ്പിൽ പുതപ്പായും , കുത്തൊഴുക്കിൽ പിടിവള്ളിയായും ഭക്തരെരക്ഷിക്കുന്നു. പട്ടാംമ്പരം കെട്ടിയ പള്ളിയറയേക്കാൾ തറവാട്ട് വീട്ടിലെ കൊട്ടിലകമാണ് ഈ ദേവിക്ക് പഥ്യം. മലങ്കുറത്തി, പുള്ളികുറത്തി, സേവക്കുറത്തി, വടക്കൻകുറത്തി, തെക്കൻകുറത്തി, കുഞ്ഞാർകുറത്തി, മുട്ടെകുറത്തി, അഗ്നി കുറത്തി, വിഷ്ണുകുറത്തി, പാളെകുറത്തി, അന്തികുറത്തി, ഇങ്ങനെ 18 തരം കുറത്തികൾ .

ഭൈരവൻ, കുട്ടിശാസ്തൻ, പൊട്ടൻ, കുറത്തി ഗുളികൻ എന്നീ ഭൈരവാദിമന്ത്രമൂർത്തികളിൽ പ്രധാനിയാണീ ദേവത. മുഖത്തെഴുതി ഉടുത്ത്കെട്ടി മുടിയണിഞ്ഞുറഞ്ഞ് വരുന്ന കുറത്തിയമ്മയുടെ പുറപ്പാട് കഴിഞ്ഞാൽ പിന്നെ ദേവിക്ക് പാരണയാണ് . വളരെ വൈശേഷീകമായ ഒരു ചടങ്ങാണിത്. അവലും മലരും പഴവും വെച്ച് ഇളനീർ കൊത്തികൊടുത്ത്കഴിഞ്ഞാൽ തറവാട്ടിലെ മൂത്ത സ്ത്രീ ആദ്യംവെള്ളികിണ്ടിയിൽ പാൽ നൽകും. പിന്നെവലിയ നാക്കില വെച്ച് ചക്കര ചോറും കുത്തരിചോറും ഇറച്ചിയും മീനും പച്ചടിയുംപുളിശ്ശേരിയും എരിശ്ശേരിയും ഓലനും അച്ചാറും പപ്പടവും തുടങ്ങി 18 കൂട്ടം വിഭവങ്ങൾ വിളബണം കുറത്തിയമ്മയ്ക്ക്.

ഓരോ വിഭവവും രുചിച്ച് നോക്കി അനുഭവിക്കുമ്പോൾ കുറത്തിയമ്മ അഭിപ്രായം പറയും. എവിടെ കാണും ഇത്രയും ജനകീയയായ ഒരു ദേവതയെ. പാരണ കഴിഞ്ഞാൽ ഈ തെയ്യം സമീപവീടുകളിൽ ചക്കരചോറുണ്ണാൻ കയറിയിറങ്ങും. വെല്ലവും ചിരവിയ തേങ്ങയും ഉണക്കലരിയും ചേർത്തുണ്ടാക്കുന്ന കട്ടിയുള്ള പായസമാണിത്. വാദ്യസമേതം വീട്ട്മുറ്റത്തെത്തുന്ന കുറത്തിയമ്മയെ വീട്ടിലെ മുതിർന്ന സ്ത്രീ അരിയെറിഞ്ഞേതിരേൽക്കും . പിന്നീട് കിണ്ടിയിൽ പാലും ചക്കരചോറും നൽകുന്നു.

തുടർന്ന് പണവും ധാന്യങ്ങളും വസ്ത്രങ്ങളുംനൽകി അനുഗ്രഹം വാങ്ങും. ഉപയോഗിച്ച്അലക്കി വെച്ച വസ്ത്രമാണ് ഈ അമ്മയ്ക്കിഷ്ടം. ഗർഭിണിയായ സ്ത്രീകൾസുഖപ്രസവത്തിനും കുട്ടികളുടെ സർവൈശ്വര്യത്തിനും ഈ നേർച്ച നേരുന്നു. അതെ ഈ അമ്മ വീട്ടിൽ നമ്മളിൽ ഒരുവളാണ് , തറവാട്ടച്ചിയാണ് കർഷകദേവതയാണ്. വിളകാക്കുന്ന തങ്ങളുടെ കുറത്തിയമ്മയ്ക്ക് പത്താമതയ്ക്ക് ( തുലാവം 10 ന് ) വെച്ച് വിളമ്പാൻ അരി എടുത്ത് വെച്ചേ കർഷക ഗൃഹങ്ങളിൽ ചിങ്ങത്തിൽ പുത്തരിയുണ്ണൂ.

എന്റെ കാവ്യാക്ഷരങ്ങളിലൂടെ കാണട്ടെ ഞാനീ അമ്മയുടെ രൂപം.

വട്ടച്ചെറുമുടി വായിലെകിറുമായ്‌

കുരുത്തോലചുറ്റി ഉടുത്തൊരുങ്ങുന്നവൾ

നാഗച്ചിലബിട്ട് പൊയ്ക്കണ്ണുമായ് വന്ന്

നിച്ചിലും മാച്ചിയും കത്തിയും മുറവുമായ്

മുറ്റത്തുറയുന്ന പുള്ളികുറത്തിക്ക്.

വെക്കട്ടെ ഞാനിന്ന് ചുട്ടെടുത്തപ്പവും

കുത്തരിചോറും കറികളും പാരണ

വിത്തുകളൊത്തിരി കൊണ്ടുവന്നമ്മ നീ

തറവാട്ടിലച്ചിയായ് കുടികൊണ്ട ദേവത

പൊന്നണിയിക്കണം ഞങ്ങടെ വയലുകൾ

പോറ്റിപൊലിക്കണം ഞങ്ങടെ വീടകം.

വിവരണം: ടി.ടി.ലക്ഷ്മണൻ കുഞ്ഞിമംഗലം

Kurathiyamma Temple – Mattannur Sivapuram Rd, Kara- Peravoor, Sivapuram, Kerala 670702

You May Also Like

മലയാളത്തിലെ ഒരേയൊരു സമ്പൂർണ മലയാളം ക്രിക്കറ്റ് ന്യൂസ് വെബ്സൈറ്റ് – CrickWorld.xyz