Sree Madiyankoolom Kshethram Kanjangad – ശ്രീമഡിയൻകൂലോം ക്ഷേത്രം, കാഞ്ഞങ്ങാട്

Sree Madiyankoolom Kshethram Kanjangadശ്രീമഡിയൻകൂലോം ക്ഷേത്രം, കാഞ്ഞങ്ങാട്

കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ മ‍ഡിയൻ എന്ന പ്രദേശത്താണ് മഡിയൻ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഡിയൻകൂലോം എന്ന പേരിലെ കൗതുകംകൊണ്ടാണ് ക്ഷേത്രം കാണാൻ ആദ്യം ആഗ്രഹം തോന്നിയത്. കാഞ്ഞങ്ങാട്ടുനിന്ന് ഏകദേശം നാലുകിലോമീറ്റർ താഴെ ദൂരമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്.

Sree Madiyankoolom Kshethram Kanjangad


അള്ളട സ്വരൂപത്തിലെ അള്ളർ കോനാതിരിയുടെ ഭരണകേന്ദ്രവും ഉപാസനാശ്രീലകവുമാണ് മഡിയൻ കോവിലകം. അവരുടെ ഉപാസനാമൂർത്തിയായ കാളരാത്രിയമ്മയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കാളരാത്രിയും ക്ഷേത്ര പാലകനുമാണ് (പാർവതിയും പരമേശ്വരനും) ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തികൾ.

വൈരജാതൻ, നടയിൽ ഭഗവതി, പെരട്ടൂർ ഭഗവതി, മാഞ്ഞാളിയമ്മ എന്നീ മൂർത്തികളും ഇവിടെയുണ്ട്. ഉഷഃപൂജയും സന്ധ്യാ പൂജയും ഇവിടെ നടത്തുന്നത് യാദവരും (മണിയാണി) ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്. ഇടവത്തിലെ (മെയ്, ജൂൺ) കലശവും ധനു മാസത്തിലെ (ഡിസംബർ, ജനുവരി) പാട്ടുൽസവവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.

പാട്ടുത്സവ സമയത്ത് പ്രദേശത്തെ എല്ലാ സമുദായങ്ങളുടെയും തെയ്യങ്ങളും ക്ഷേത്രസ്ഥാനികരും വലിയ ആഘോഷത്തോടെ ഇവിടേക്ക് എഴുന്നള്ളും. ധാരാളം തെയ്യങ്ങളെ ഒന്നിച്ചു കാണാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. തണ്ണീലാമൃത്, ഉദയാസ്തമാന പൂജ പ്രധാന വഴിപാടാണ്. ഉത്തര മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് മഡിയൻകൂലോം ക്ഷേത്രം. 1100 വർഷത്തിന്റെ പഴക്കം ഇവിടുത്തെ ലിഖിതങ്ങളിൽനിന്ന് വായിച്ചെടുത്തിട്ടുണ്ട്.

ചിറക്കൽ കോലത്തിരിയുടെയും സാമൂതിരിയുടെ അനന്തരവളായിരുന്ന ഭാഗീരഥിത്തമ്പുരാട്ടിയുടെയും പുത്രനായ കേരളവർമ രാജയ്ക്കുവേണ്ടി അള്ളടദേശം പിടിച്ചെടുക്കാൻ ഒരു സൈന്യം രൂപവത്കരിച്ചു. സാമൂതിരിയുടെയും കോലത്തിരിയുടെയും സംയുക്ത സൈന്യത്തിന്റെ പടനായകൻ ക്ഷേത്രപാലകനായിരുന്നുവെന്നാണ് ഐതിഹ്യം. ഒരു വർഷത്തോളം യുദ്ധം ചെയ്തിട്ടും അള്ളടദേശം പിടിക്കാൻ ക്ഷേത്രപാലകന് കഴിഞ്ഞില്ല.

അവസാനം തന്ത്രത്തിലൂടെ അള്ളർ കോനാതിരിയെ വധിച്ച് കോട്ടയും കോവിലകവും ക്ഷേത്രപാലകൻ പിടിച്ചെടുക്കുകയായിരുന്നു. അതോടെ വലിയൊരു ദേശത്തിന്റെ അധിപനായി ക്ഷേത്രപാലകനായി ക്ഷേത്രപാലകൻ മാറി. എല്ലാ തെയ്യങ്ങൾക്കും തെയ്യമായി ക്ഷേത്രപാലകൻ. പിന്നീട് പ്രദേശത്തെ പ്രഭുക്കൻമാരുടെയും പ്രാദേശിക ക്ഷേത്രങ്ങളുടെയും മേൽക്കോയ്മ ക്ഷേത്രപാലകനായി.

വടക്കോട്ടെഴുന്നള്ളിയിരുന്ന ക്ഷേത്രപാലകൻ ക്ഷേത്രത്തിലെ കാളരാത്രിയമ്മയുടെ നിവേദ്യമായ തണ്ണീരമൃത് നെയ്യപ്പത്തിന്റെ ഗന്ധത്തിൽ ആകൃഷ്ടനായി അവിടെത്തന്നെ നിലയുറപ്പിച്ചു. ഇനി യാത്രയ്ക്കില്ലെന്ന് പറഞ്ഞ് മടിച്ചുനിന്ന ക്ഷേത്രപാലകനെ മടിയനെന്ന് വിളിച്ചെന്നും പിന്നീട് ഈ നാട് മഡിയൻ എന്നറിയപ്പെട്ടുവെന്നുമാണ് മറ്റൊരു കഥ. തപസനുഷ്ഠിച്ച ക്ഷേത്രപാലകനെ അനുഗ്രഹിക്കാൻ മടിയിൽ കുട്ടിയെ ഇരുത്തിയ രൂപത്തിൽ ദേവി പ്രത്യക്ഷപ്പെട്ടുവെന്നും അതുകൊണ്ട് മടിയനെന്നും പിന്നീട് മഡിയനെന്നും പേരു വന്നുവെന്നാണ് മറ്റൊരു ഐതിഹ്യം.

പടിഞ്ഞാറെ ഗോപുരത്തിൽ പാലാഴിമഥനം, കാളിയമർദ്ദനം, അനന്തശയനം എന്നിവ ചിത്രീകരിച്ചതും വാസുകിയെ കയറാക്കി പാലാഴി കടയുന്ന കൊത്തുപണികളും മനോഹരമാണ്. മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ ക്ഷേത്രത്തിൽ കാണുന്ന പോലുള്ള ശിൽപങ്ങളും ദാരു ശിൽപങ്ങളിലുണ്ട്. ഇവ കാണാനായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.വിഷ്ണുവിന്റെ നരസിംഹാവതാര ചുവർ ചിത്രവും ഇവിടെ കാണാം. ക്ഷേത്രത്തിൽ രണ്ട് കുളങ്ങളുമുണ്ട്.

കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് തന്നെ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രം എന്ന പേരിലും ഇത് പ്രശസ്തമാണ്. ധനു മാസത്തിൽ നടക്കുന്ന പാട്ടുത്സവ സമയത്ത് (ജനുവരി) കളമെഴുത്തു പാട്ടും ഇവിടെ നടക്കാറുണ്ട്. ഉത്സവത്തിന്റെ സമാപന ദിവസം നടക്കുന്ന നാഗത്തോറ്റം വഴിപാടായി ഭക്തജനങ്ങൾ പ്രാർത്ഥിക്കും.

സന്താന ലബ്ധിക്കായി നടത്തുന്ന പ്രാർത്ഥനയാണിത്. നിറമാല ഉദയാസ്തമന പൂജ, വലിയ പുഷ്പാഞ്ജലി, തണ്ണീലാമൃത്, തുലാഭാരം, ഇവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഗർഭിണികൾക്കായുള്ള മീനമൃതൂട്ടും പൂജാരി ഇളനീർ കൊത്തി നൽകുന്നതും ആരോഗ്യത്തോടെയുള്ള സുഖപ്രസവത്തിനു നല്ലതാണെന്നാണ് വിശ്വാസം.

രാവിലെ 5 മണി മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ഇവിടുത്തെ ദർശനസമയം.

You May Also Like

What is Dhakshina – എന്താണ് ദക്ഷിണ…?

Hemachala Lakshmi Narasimha Swami Temple Story 2024 – ഹേമചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ഐതിഹ്യം

ഉത്ഥാന ഏകാദശി അഥവാ പ്രബോധിനി ഏകാദശിയുടെ മഹിമകൾ

കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kannur, Kerala

കാസർഗോഡിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kasaragod