കൊടുങ്ങല്ലൂർ ഭരണി – Kodungallur Bharani Ulsavam

കൊടുങ്ങല്ലൂർ ഭരണി

Kodungallur Bhrani

️കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷം “കൊടുങ്ങല്ലൂർ ഭരണി” എന്നറിയപ്പെടുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും ആപത്തില്‍ രക്ഷക്കും ഉത്തമമായിരിക്കുന്നു, അതിനാല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം ഉണ്ടാകാറുണ്ട്.

മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത് . ദ്വാരികന് മേൽ കാളി വിജയം വരിച്ചെന്ന് വിശ്വസിക്കപ്പെടുന്ന രേവതി നാളിൽ “രേവതി വിളക്കും“, അശ്വതി നാളിൽ നടക്കുന്ന “തൃച്ചന്ദനച്ചാർത്തു പൂജയും” “കാവു തീണ്ടൽ” എന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങുമാണ് കൂടുതൽ പ്രാധാന്യമുള്ളത്. “തീണ്ടുക” എന്നാൽ അശുദ്ധമാക്കുക എന്നാണ്‌ അർത്ഥം.

ചുവന്ന പട്ടുടുത്ത് വാളും ചിലമ്പും ധരിച്ച ധാരാളം വെളിച്ചപ്പാടുകൾ അന്നേ ദിവസം ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തങ്ങളുടെ സങ്കടങ്ങൾ വെളിച്ചപ്പാടുകളോട് പറഞ്ഞു ആശ്വാസം തേടാം എന്നു ഭക്തരും വിശ്വസിക്കുന്നു. ദുരിതങ്ങൾ ഒഴിയാനായി വാളും ചിലമ്പും ധരിക്കുക, ചെമ്പട്ട് കൊണ്ട് കോഴിക്കല്ല് മൂടുക, മഞ്ഞളും കുരുമുളകും സമർപ്പിക്കുക തുടങ്ങിയ വഴിപാടുകളും പ്രധാനമാണ്.

ശ്രീ കുറുമ്പഭഗവതി ക്ഷേത്രം. “ലോകാംബിക ക്ഷേത്രം” എന്നും അറിയപ്പെടുന്നു. കേരളത്തിൽ ആദ്യമായി “ആദിപരാശക്തിയെ” കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്.

കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഇവിടുത്തെ ദ്രാവിഡ-ശാക്തേയ ഭഗവതിയായ ഭദ്രകാളി അഥവാ മഹാകാളി കേരളത്തിൽ പ്രസിദ്ധയാണ്. വടക്കോട്ട്‌ ദർശനം.

അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ. ശാക്തേയസങ്കല്പത്തിലുള്ള പൂജകളാണ് ഇക്കൂട്ടർ നടത്തുന്നത്. കുന്നത്ത്, മഠത്തിൽ, നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം.

കേരളത്തിൽ “ആദിപരാശക്തിയും” “പരബ്രഹ്മസ്വരൂപിണിയുമായ” “ഭദ്രകാളിയെ (മഹാകാളി)” ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്നു പറയപ്പെടുന്നു. ഇതിന് വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കപ്പെട്ടതായി പറയുന്നു. കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുറുംബക്കാവുകളും ഇവിടുന്നു ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ഠിച്ചതാനെന്ന് പറയപ്പെടുന്നു.

പരശുരാമൻ പ്രതിഷ്ഠിച്ച നാല് ദേവിമാരിൽ “ലോകാംബികയെന്നാണ്” കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. കേരളത്തെ മഹാമാരികളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ആണ് ഭഗവതിയെ പ്രതിഷ്ഠിച്ചത് എന്നാണ് സങ്കല്പം.

ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മധുരാനഗരം ദഹിപ്പിച്ച കണ്ണകി “മധുര മീനാക്ഷി” ആവശ്യപ്പെട്ട പ്രകാരം കൊടുങ്ങല്ലൂരിൽ എത്തിയതായും വടക്കേ നടയിൽ വച്ചു ജഗദംബയായ പരാശക്തിയിൽ ലയിച്ചു മോക്ഷം നേടിയതായും കഥയുണ്ട്. ദുർഗ്ഗയുടെ രൗദ്രഭാവമായാണ് “ഭദ്രകാളിയെ” സങ്കല്പിച്ചിരിക്കുന്നത്.

കാളിയുടെ ഏറ്റവും ഉഗ്രഭാവമായ “രുധിര മഹാകാളി” ആണ് പടിഞ്ഞാറേ നടയിലെ “രഹസ്യ അറയിലെ” പ്രതിഷ്ഠ. മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മറ്റ്‌ രണ്ട് ഭാവങ്ങളും ദേവിക്കുണ്ട്. നല്ല കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈശ്വരന്റെ ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയുടെ പ്രതീകമാണ് ആദിശക്തിയുടെ ഈ മൂന്ന് ഭാവങ്ങളും എന്നാണ് സങ്കൽപ്പം.

About Kodungallur Bharani Pattu History

Kodungallur Bhrani Pattu

ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന അവർണ്ണ ജാതിയിൽ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം. ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണെന്നും, പാണ്ഢ്യനെ ശപിച്ച് മധുരാനഗരം ദഹിപ്പിച്ച പതിവ്രതയായ കണ്ണകിയെ സാന്ത്വനിപ്പിക്കാൻ ആണെന്നും; അതല്ല കാളീ പ്രധാനമായ പഞ്ചമകാരപൂജയുടെ ഭാഗമായുള്ള ലൈംഗികാരാധനയായ മൈഥുനത്തിന് പകരമാണ് ഇതെന്നും വിശ്വാസമുണ്ട്.

യഥാർഥ “ഭരണിപ്പാട്ടിൽ” അശ്‌ളീല വാക്കിനേക്കാൾ ദേവീസ്തുതികൾക്കും ദ്രാവിഡജനതയുടെ ദുരിതകഥകൾക്കും ആയിരുന്നു പ്രാധാന്യം. മനസിനുള്ളിൽ ഒളിപ്പിച്ച അമിതമായ വികാരങ്ങളെ വർദ്ധിച്ച പാപബോധത്തോടെ അടിച്ചമർത്താതെ, ഭക്തിയോടെ “ഭരണിപ്പാട്ട്“പാടി അധർമ്മനാശിനിയായ കൊടുങ്ങല്ലൂരമ്മയെ സ്തുതിച്ചാൽ ഇത്തരം ചിന്തകൾ പുറത്തുപോയി മനസ് ശുദ്ധമാകുമെന്നു ഭക്തർ വിശ്വസിക്കുന്നു.

കാളീ ഉപാസകർ സ്ത്രീകളെ പുരുഷനു തുല്യമായി ബഹുമാനിക്കണമെന്നും; അവരെപ്പറ്റി മോശമായി ചിന്തിക്കുക പോലും ചെയ്യരുതെന്നും താന്ത്രിക നിയമമുണ്ട്.


താന്ത്രിക സങ്കൽപ്പത്തിൽ മനുഷ്യനിൽ ദൈവീകമായ ലൈംഗിക ഊർജം ഉണ്ടാകുന്നത് കുണ്ഡലിനീ ശക്തിയായ മഹാകാളിയിൽ നിന്നാണെന്നും അത് അവസാനിക്കുന്നത് പരമാത്മാവായ ശിവനിൽ ചേരുമ്പോൾ ആണെന്നും കാണാം; ഇത് ജീവാത്മാവിന്റെ മോക്ഷപ്രാപ്തി അഥവാ ശിവശക്തി ഐക്യത്തെ സൂചിപ്പിക്കുന്നു.

വ്രതാനുഷ്ടാനത്തോടെ മീനഭരണി ഉത്സവത്തിൽ പങ്കെടുക്കുന്ന ഭക്തർ കാളി- ദാരിക യുദ്ധത്തിൽ പങ്കെടുത്ത ശിവഗണങ്ങൾ ആണെന്നാണ് സങ്കൽപ്പം.

കൊടുങ്ങല്ലൂർ ഭരണി പേരിനു പിന്നിലുള്ള ചരിത്രം – The History Behind Kodungallur Bharani

വടക്കൻ ജില്ലകളിൽ നിന്നു വന്ന തീർത്ഥാടകർ അവരുടെ അവകാശത്തറയിൽ സ്ഥാനം പിടിച്ചിരിക്കുന്നു
ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌.

കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

കൊടുങ്ങല്ലൂർ ഭരണി പ്രത്യേകതകൾ – Importance of Kodungallur Bhararani

രേവതി വിളക്ക്, അശ്വതി കാവ് തീണ്ടൽ (Aswathi Kavu Theendal), മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കവേലൻ എന്ന മുക്കുവന്റെ ചടങ്ങുകൾ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്.

കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന ചുവപ്പ് കുട- കൊടുങ്ങലൂർ രാജാവിന്റെ കോയ്മയായ നമ്പൂതിരിയാണ്‌ ഇത് ഉയർത്തുന്നത്. തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീ കാവു തീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല.

കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൊങ്കാലയും, പൂരവും, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക.

കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു.


പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.

മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക.

വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം.


കോഴികല്ല്മൂടൽ (Kozhi Kallumoodal)

മീനഭരണിക്ക് പത്തു ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ഭദ്രകാളി ദാരികനുമായി അങ്കം കുറിക്കുന്നു വെന്ന് വിശ്വസിക്കുന്ന ചടങ്ങാണിത്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു.

1953ൽ ജന്തു ഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു.

നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.

മീന മസത്തിലെ തിരുവോണ നാളിൽ അവകാശികളായ ഭഗവതി വീട്ടിലെ പ്രതിനിധികൾ വടക്കെ നടയിലെ നടപ്പന്തിലിന്റെ അടുത്തുള്ളപ്രധാന ദീപസ്തംഭതിനു താഴെ, വട്ടത്തിലുള്ള വലിയ രണ്ടു കല്ലുകൾ കുഴിയുണ്ടാക്കി അതിലിട്ട് മൂടുന്നു. അതിനു മേൽ മണൽ തിട്ടയുണ്ടാക്കി ചുവന്ന പട്ടു വിരിക്കുന്നു. ഭഗവതി വീട്ടിലെ കാരണവർ തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടൊ എന്ന് മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും.

കോഴികളെ ആദ്യം സമർപ്പിക്കുന്നതിന് അവകാശികളായിട്ടുള്ള വടക്കെ മലബാറിലെ തച്ചോളി തറവാട്ടിലെ പ്രതിനിധികൾ മൂന്നു തവണ മണൽ തിട്ടയെമൂന്നു തവണ പ്രദക്ഷിണം ചെയ്ത് ചുവന്ന പട്ടിൽ കോഴികളെ സമർപ്പിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ മൂലയിൽ വേണാടൻ കൊടികൾ ഉയരും. തുടർന്ന് ക്ഷേത്ര അധികാരികളും പിന്നെ ഭക്തരും കോഴികളെ സമർപ്പിക്കും

കാവുതീണ്ടൽ – Kaavutheendal

കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടൽ എന്ന ചടങ്ങ് ക്ഷേത്രത്തെ അശുദ്ധമാക്കുന്ന എന്ന പ്രതീകാത്മകമായ ചടങ്ങാണിത്. ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിന്റെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു.

ക്ഷേത്രാധികാരിയായ വലിയതമ്പുരാൻ, എടമുക്ക് മൂപ്പന്മാർ ചുമക്കുന്ന പല്ലക്കിൽ സർവാഭരണഭൂഷിതനായി ബലിക്കൽ പുരയിൽ എഴുന്നെള്ളുന്നു. പാലയ്ക്കൽ വേലൻ പടിഞ്ഞാരെ നടയിൽ പീഠമിട്ട് ഇരിക്കും. തമ്പുരാന്റെ അനുവാദത്തോടെ അടികൾ പൂജക്കായി ശ്രീക്കോവിലിൽ പ്രവേശിക്കും.

ഈ സമയം തന്ത്രിയും തമ്പുരാനും പരിവാരങ്ങളും ക്ഷേത്രത്തികത്ത് പ്രവേശിക്കുംൽ.ശ്രീകോവിലിലെ എല്ലാ പൂജാസാധങ്ങളും പുറത്തുവെച്ച്,ദേവിയുടെവിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി, ശ്രീക്കോവിൽ കഴുകി വൃത്തിയാക്കുന്നു.

പിന്നീടുള്ള പൂജകൾ പുതിയ പാത്രങ്ങൾ ഉപയോഗിച്ചാണ്. കരിക്ക് മൂട് വെട്ടി ആ കരിക്കുവെള്ളവുംമഞ്ഞൾപ്പൊടിയും ചേർത്ത് തൃച്ചന്ദനമുണ്ടാക്കി, വിഗ്രഹത്തിൽ ചാർത്തുന്നു. അടികൾക്കാണ് ഇതിന്നവകാശം.

ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.പാരമ്പര്യമായി കിട്ടിയ രഹസ്യമന്ത്രങ്ങൾകൊണ്ട് തൃച്ചന്ദനപൂജകൾ കഴിഞ്ഞ് അടികൾമാരും അകത്തുണ്ടായിരുന്ന തന്ത്രിയും തമ്പുരാനും പുറത്തിറങ്ങും. പിന്നീടാണ് കാവുതീണ്ടലിന് തമ്പുരാൻ അനുവാദം കൊടുക്കുന്നത്.

തൃച്ചന്ദനപൂജകൾ കഴിഞ്ഞ് അടച്ച നട തുറക്കുമ്പോൾ അടികൾമാർ ചേർന്ന് വരിയരി പായസം നിവേദിക്കും. ഇതിനുള്ള നെല്ല് പരമ്പരാഗതമായി എത്തിക്കുന്നത് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധിയാണ്.

കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങൾ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്താണ് തടിച്ചുകൂടുക. ഇവിടത്തെ അറയിൽ ഭഗവതി സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് വെളിച്ചപ്പാട് പൂജിച്ചു നൽകുന്ന വാളുമായാണ് കോമരങ്ങൾ കാവുതീണ്ടുന്നത്.

ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു.

അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. പാലക്കവേലൻ എന്ന മുക്കുവനാണ്‌ ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

പാലക്കവേലന്റെ കയ്യിൽ നിന്ന് ഇളനീർ വാങ്ങിക്കുടിച്ചശേഷമഅണ്‌ തമ്പുരാൻ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയർത്താനുള്ള ഉത്തരവ് കൊടുക്കുന്നത്.

ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നിൽക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകൾ മുഴങ്ങുന്ന തരത്തിൽ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേൽക്കൂരയിൽ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു, ഇതാണ്‌ കാവുതീണ്ടൽ.

കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌.

അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ്‌ പറയുക.

കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക. കാളി- ദാരിക യുദ്ധത്തിൽ മുറിവേറ്റ് ചികിൽസ കഴിഞ്ഞ് ദേവി ആദ്യം കഴിക്കുന്ന ഭക്ഷണമാണിത്.

40 കിലൊഗ്രാം ശർക്കര, 101 നാളികേരം, 101 കദളിപ്പഴം, 2 കിലൊഗ്രാം നെയ്യ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് വരിയരിപായസം ഉണ്ടാക്കുന്നത്. പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക.

അതിനുശേഷം ഭഗവതിയെ പള്ളിമാടത്തിൽ സങ്കൽപ്പിച്ചിരുത്തും. കിണ്ടിയിൽ ഉടയാടകളും, വാൽക്കണ്ണാടിയും വെച്ച് അതിനുമുമ്പിൽ നെറ്റിപ്പട്ടം വിരിച്ചുവെച്ച് കിഴക്കോട്ട് നിലവിളക്കുകൾ തെളിയിക്കും.ഇതോടെ വടക്കെ നടയിലെ കൊടിമരത്തിൽ വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി മഹോൽസവും സമാപിക്കുന്നു.

ഭരണിപ്പാട്ട് – Bharanippaattu

കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും അശ്ലീല ഗാനങ്ങൾ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്.

അവകാശത്തറകൾ

ചില ദേശങ്ങളിലെ കോമരങ്ങൾക്ക് ഭരണിക്കാലത്ത് ഒത്തുകൂടാനുള്ളതാണ് അവകാശത്തറകൾ. ഏകദേശം 47 തറകളോളമുണ്ട്. ഇതിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നും വരുന്ന ദേശക്കാരുടെ വകയാണ്.ആൽത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയം പറമ്പ് തറവാട്ടുകാരാണ്.

ഈ പണം വലിയ തമ്പുരാനുള്ളതാണ്.തറകളിൽ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളിൽ മറ്റു ദേശക്കാർക്ക് ഇവിടെ പ്രവേശനം ഇല്ല. ഇത്തിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുരാൻ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നൽകുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയർത്തുന്നത് ഇവിടെയാണ്.

നവരാത്രി

വിദ്യാരംഭ നാളിൽ വിദ്യാദേവിയായ “സരസ്വതിയായും” താലപ്പൊലി ദിവസം ഐശ്വര്യദായിനിയായ “മഹാലക്ഷ്മി” ആയും, വൃശ്ചിക തൃക്കാർത്തിക നാളിൽ ദുർഗതിനാശിനിയായ “ദുർഗ്ഗയായും” ദേവിയെ സങ്കൽപ്പിക്കുന്നു.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും പരമശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്തോത്രത്തിൽ പറയുന്നു.

ഇവിടെ ദർശനം നടത്തിയാൽ പകർച്ചവ്യാധികളും ദുരിതങ്ങളും ദാമ്പത്യകലഹങ്ങളും ഇല്ലാതാവും എന്നൊരു വിശ്വാസം ഭക്തർക്കുണ്ട്. “ഭക്തിയുടെ രൗദ്രഭാവം” എന്ന് വിശേഷിക്കപ്പെടുന്ന കൊടുങ്ങല്ലൂർ ഭരണിയും, താലപ്പൊലി മഹോത്സവുമാണ് പ്രധാന ആഘോഷങ്ങൾ.

കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

പുരാണങ്ങൾ പ്രകാരം, ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാൻ വേണ്ടി ശിവഗണങ്ങൾ ദേവീസ്തുതികളും ബലിയുമായി നൃത്തമാടിയെന്നും അപ്പോൾ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ.

ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. വെളിച്ചപ്പാടന്മാരുടെ ഉത്സവമാണിത്. ഇതിന്റെ ഭാഗമായി ഭക്തർ മുളംതണ്ടിൽ താളമിട്ടു ദേവീ സ്തുതികൾ പാടി നൃത്തമാടുകയും ക്ഷേത്രത്തിനു മൂന്ന് വലം വച്ചു ചെമ്പോലതകിടുകളിൽ അടിക്കുകയും ചെയ്യുന്നു; ചെമ്പട്ടുടുത്തു വാളും ചിലമ്പും ധരിച്ച കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു.

അതിനാൽ “ഭക്തിയുടെ രൗദ്രഭാവം” എന്നാണ് ഭരണി വിശേഷിക്കപ്പെടുന്നത്. ശാക്തേയ സമ്പ്രദായത്തിലെ മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.

ഇതിൽ ലൈംഗികത കൊണ്ടുള്ള ആരാധനയായ മൈഥുനത്തിന്റെ പ്രതീകമാണ് അശ്വതി നാളിലെ കാവ് തീണ്ടലിന്റെ ഭാഗമായ ലൈംഗികച്ചുവയുള്ള ഭരണിപ്പാട്ട് എന്ന് വിശ്വാസം.

ദേവി ദാരികനിൽ വിജയം വരിച്ച രേവതി നാളിൽ “രേവതി വിളക്ക് ” ആഘോഷിക്കുന്നു. ബലിയുടെ പ്രതീകമായാണ് “ചുവന്ന പട്ടു കൊണ്ട് കോഴിക്കല്ല് മൂടൽ” എന്ന ചടങ്ങു നടത്തപ്പെടുന്നത്.

ഇത് ശത്രുതാദോഷം മാറാനുള്ള വഴിപാടായും നടത്തുന്നു. മഞ്ഞളും, കുരുമുളകും സമർപ്പിക്കുക എന്നതാണ് പകർച്ചവ്യാധികളും ദുരിതങ്ങളും ഒഴിയാൻ നടത്തുന്ന മറ്റൊരു വഴിപാട്.

ഇന്നത്തെ ദേവിക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17നോട് ചേർന്ന് റോഡിൻ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബമ്മക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു.

ഇവിടെയാണ്‌ ചേരൻ ചെങ്കുട്ടവൻ പത്തിനിക്കടവുൾ പ്രതിഷ്ഠ നടത്തിയത്. എന്നാൽ പരശുരാമൻ തപസ്സ് ചെയ്തു പരാശക്തിയെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തിൽ കാളിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി ത്രിപുരസുന്ദരിയായി ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ “തൃച്ചന്ദന ചാർത്ത്“ എന്നും അറിയപ്പെടുന്ന രഹസ്യപൂജയാണ് . ദാരികനുമായുള്ള യുദ്ധത്തിൽ ദേവിക്കുണ്ടായ മുറിവുകൾക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാർത്തൽ പൂജയെ സങ്കൽപ്പിക്കുന്നത്.

തുടർന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും ഒപ്പം ഭഗവതിയുടെ പരിവാരങ്ങളുടെ ഉത്സവവും ആയിട്ടാണ് സങ്കല്പം.

ക്ഷേത്രത്തിലെ രഹസ്യ അറയിൽ കണ്ണകിയുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഭരണി ഉത്സവം ആരംഭിച്ചതിനെപ്പറ്റി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാൻ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖരരാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും യജ്ഞത്തിൻറെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ “ആദിപരാശക്തിയുടെ” അവതാരമായ “ഭദ്രകാളിയാണ്“. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനു ശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു.

വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌ ഇരിപ്പ്.

തലയിൽ കിരീടമുണ്ട്. ഇതിന്‌ മുൻപിലായി ത്രിപുര സുന്ദരിയുടെ ചെറിയ പ്രതിഷ്ഠയുണ്ട്. എങ്കിലും ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനമായിട്ടുള്ള “രഹസ്യ അറയിലുള്ള” രൗദ്രരൂപിണിയായ “രുധിര മഹാകാളി” ആണ്. സംഹാരമൂർത്തി ആയതിനാൽ നേരിട്ട് ദർശനം പാടില്ലാത്ത ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയിൽ കാണപ്പെടുന്നത്.

ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നിൽ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളക കൊണ്ട് പൊതിഞ്ഞതുമായ രുധിര മഹാകാളിയുടെ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഉഗ്രയായ “രുധിര മഹാകാളി” ആയതിനാൽ നേരിട്ട് ദർശനം പാടില്ലെന്നും; അതിനാൽ ഈ വിഗ്രഹം കറുത്ത തുണി കൊണ്ട് മൂടിയിരിക്കുകയാണെന്നും; പകരം ഭക്തർക്കു ദർശിക്കാൻ വടക്കു ദിക്കിലേക്ക് ദർശനമായി ഭദ്രകാളിയുടെ മറ്റൊരു ദാരുബിംബവും അതിന് മുൻപിലായി ത്രിപുരസുന്ദരിയുടെ ചെറിയ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പരമാധികാരി വലിയതമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന്‌ രുധിര മഹാകാളിക്ക് മുന്നിൽ (പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ടുവരുമ്പോഴോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെ നട തുറക്കുകയുള്ളു.

തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും.

ശിവൻ

പരമാത്മാവായ ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെയില്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

ക്ഷേത്രപാലകൻ

വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠ. ശിവചൈതന്യം നിറഞ്ഞ മൂർത്തിയാണ്. ക്ഷേത്രപാലൻ, 12 അടിയോളം ഉയരമുള്ള പ്രതിഷ്ഠ ആണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം.

ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്.പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ്‌ (ശർക്കരപായസത്തിൽ തൈര്‌ ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിലാണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.

ദേവീക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയിലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകന്റെ തൃപ്പടിേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു.

ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്. ഇന്ത്യയിലെ ശക്തിപീഠക്ഷേത്രങ്ങളിൽ കാവൽദൈവമായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നതും ഇതിന്‌ സമാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ ഇത് കാലഭൈരവൻ ആണെന്നും വിശ്വാസമുണ്ട്.

തവിടാട്ട്മുത്തി (ചാമുണ്ഡി)

ചാമുണ്ഡി രൂപത്തിലുള്ള ഭഗവതിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് പ്രധാന വഴിവാട്.

തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ വിട്ടുമാറാത്ത ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം. ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്ന് പ്രത്യക്ഷയായി ചണ്ഡമുണ്ഡന്മാരെ വധിച്ച ഉഗ്രഭാവത്തിലുള്ള മഹാകാളിയാണ്‌ ചാമുണ്ഡി.

ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃകൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്ക് ആണ്.

വസൂരിമാല

വസൂരിമാലയുടെ ക്ഷേത്രം പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. ദേവീഭക്തയായി മാറിയ ദാരികന്റെ പത്നി മനോദരി ആണിതെന്ന് ഐതിഹ്യം. വടക്കോട്ടാണ് ദർശനം. ഇതിന് മേൽക്കൂരയില്ല. വിഗ്രഹത്തിന് 4 അടിയോളം ഉയരമുണ്ട്.

മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തിവരികയാണ് പതിവ്.

വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരിമാല ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നുണ്ട്. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു.

വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാല എന്ന പേരുതന്നെ അതിനുള്ള തെളിവായി കണക്കാക്കാവുന്നതാണ്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.

ദാരികന്റെ വധം ഉറപ്പായപ്പോൾ പത്നിയായ മനോദരി ശിവനെ തപസ്‌ ചെയ്യുകയും വസൂരി രോഗത്തിന്റെ വിത്തുകൾ വരമായി വാങ്ങുകയും ചെയ്തു. മനോദരി ഇത് ആദ്യം പ്രയോഗിച്ചത് തന്റെ ഭർത്താവിന്റെ ഘാതകയായ ഭദ്രകാളിയുടെ നേർക്കാണ്.

ഇതറിഞ്ഞ ശിവൻ ഘണ്ഠാകർണ്ണനെ സൃഷ്ടിക്കുകയും അദ്ദേഹം ഭഗവതിയുടെ രോഗം ഭേദം ആക്കുകയും ചെയ്തു. പിന്നീട് ദേവി മനോദാരിയുടെ കയ്യും കാലും ഛേദിക്കുകയും പശ്ചാത്തപിച്ച മനോദരിയെ “വസൂരി” എന്ന് പേരിട്ടു കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട പുരാണകഥ.

സപ്തമാതൃക്കൾ

ശിവന്റെ ശ്രീകോവിലിന്റെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത് . ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും.

സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി (ചാമുണ്ഡി) എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ദേവി വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിന്റെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

കൊടുങ്ങല്ലൂർ ഭരണി പൂജകൾ

ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു.

അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ ഭരണി വഴിപാടുകൾ

എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ്‌ കതിന വെടികളെ കാണുന്നത്.

ഗുരുതിയാണ്‌ മറ്റൊരു വഴിപാട്. ശത്രുദോഷത്തിനും മാനസികപ്രശ്നങ്ങൾക്കും പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതിപൂജ നടത്തിയിരുന്നത് എന്നാണ് വിശ്വാസം.

വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.

വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്. ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്‌. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.

തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.


ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടും.

കൊടുങ്ങല്ലൂർ ഭരണി ഉത്സവമായ സാംസ്കാരിക ഘോഷയാത്രയിൽ മുഴുകാൻ നിങ്ങൾ തയ്യാറാണോ? ഞങ്ങളുടെ സമഗ്രമായ കവറേജിലൂടെ ഈ അതുല്യമായ ആഘോഷത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും ഊർജ്ജവും അനുഭവിക്കുക. ഈ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അറിയാനും ആഘോഷങ്ങളുടെ ഭാഗമാകാനുമുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഞങ്ങളുടെ ബ്ലോഗ് പോസ്റ്റ് വായിച്ച് കൊടുങ്ങല്ലൂർ ഭരണിയുടെ മാസ്മരികതയിൽ മുഴുകാൻ ഇപ്പോൾ ക്ലിക്ക് ചെയ്യുക!