Karimanal Chamundi – കരിമണൽ ചാമുണ്ഡി

About Karimanal Chamundi Theyyam in malayalam – കരിമണൽ ചാമുണ്ഡി

Karimanal chamundi

 

Karimanal Chamundi

 
വിഷ്ണു മൂർത്തിയോട് ഏറെ രൂപ സാദൃശ്യമുള്ള ഉള്ള തെയ്യമാണെങ്കിലും മടയിൽ ചാമുണ്ഡി സങ്കല്പത്തിലുള്ള തെയ്യമാണ് കരിമണൽ ചാമുണ്ഡി. കരിമണൽ പ്രദേശത്തെ നാടുവാഴി ആയിരുന്ന കരിമണൽ നായർ തറവാട്ടിലെ സ്ത്രീകൾ തിമിരി ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പതിവ് ഉണ്ടായിരുന്നത്രെ. തിമിരിയപ്പനെയും തൊഴുത് യമണ്ടി കാവ് വഴിയാണ് (ഇന്ന് ഏണ്ടി എന്നറിയപ്പെടുന്ന സ്ഥലം) മടങ്ങുന്നത്. യമണ്ടിക്കാവിൽ കുടികൊള്ളുന്ന മടയിൽ ചാമുണ്ഡി ഒരു ദിവസം കരിമണൽ തറവാട്ടിലെ ഒരു സ്ത്രീയുടെ വെള്ളോലക്കുടയാധാരമായിട്ടാണ് കരിമണൽ തറവാട്ടിൽ എത്തിപ്പെട്ടത് എന്ന് പറയപ്പെടുന്നു. വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ നിലത്ത് വച്ചിരുന്ന ഓലക്കുട വിറങ്ങലിച്ചുകൊണ്ടിരുന്നപ്പോൾ ജ്യോതിഷ പ്രശ്നം വെക്കുകയും പ്രശ്നവശാൽ ദേവി സാന്നിധ്യം തിരിച്ചറിഞ്ഞ കരിമണൽ നായർ ദേവിക്ക് പള്ളിയറ പണിത് ദേവിയെ കുടിയിരുത്തുകയും ചെയ്തു.
 
യമണ്ടികാവിൽ നിന്നും വരുന്ന വഴി ഓലക്കുട ഒരു വനപ്രദേശത്തു വച്ചു നിലത്തു വച്ചിരുന്നുവെന്നും അപ്പോൾ ആ വനപ്രദേശത്ത് കാട്ടു ദ്രവ്യങ്ങൾ ശേഖരിക്കുക്കയായിരുന്ന മാവിലൻ വിഭാഗത്തിലെ മൂപ്പന് ദേവി ദിവ്യ ദർശനം നൽകിയെന്നും പറയപ്പെടുന്നു. അങ്ങനെയാണ് കരിമണൽ ചാമുണ്ഡി കെട്ടിയാടുന്ന അധികാരം മാവില സമുദായത്തിന് കൈവന്നത്. പിന്നീട് വർഷങ്ങളോളം അവിടെ തെയ്യം കെട്ടിയാടിയിരുന്നു എന്നു പറയപ്പെടുന്നു. അന്ന് പുറത്തട്ട് മുടി വച്ച രൂപത്തിൽ ആയിരുന്നു കെട്ടിക്കോലം ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു. കാലാന്തരത്തിൽ കരിമണൽ നായർ തറവാട് കരിമണൽ പ്രദേശത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നു. പോകും വഴി കരിമണൽ ചാമുണ്ടിയുടെ പുറത്തട്ടും അണിയലങ്ങളും തിരുവായുധങ്ങളും കരിമണൽ കാവിന്റെ മുന്നിലുള്ള ചതുരകിണറിൽ ഉപേക്ഷിച്ചു. പിന്നീട് കാവിൽ കുറെ കാലം കളിയാട്ടം മുടങ്ങി .നാട്ടിൽ അനർത്ഥങ്ങൾ പെരുകി. കാവും പരിസരവും തീപിടിച്ചു നശിച്ചു. അങ്ങനെ ഭീതിയിലായ ആ പ്രദേശത്തുള്ള നാട്ടുകാരും എഴുത്തൻ വീട്ടുകാർ എന്ന തറവാട്ടുകാരും കൂടി കാവ് ഏറ്റെടുത്തു കളിയാട്ടം നടത്തി.
 
ഇന്ന് കാണുന്ന രൂപത്തിൽ ഉള്ള അണിയലങ്ങൾ മാവിലർ മലയ സമുദായത്തിൽ നിന്നും അന്ന് കടം കൊണ്ടതാണത്രേ. അങ്ങനെയാണ് വിഷ്ണുമൂർത്തി സാദൃശ്യം ഈ തെയ്യത്തിന് ഉണ്ടായത് . എന്നാൽ മാവില സമുദായത്തിലെ മൂപ്പന് ദേവി ദർശനം ഉണ്ടായപ്പോൾ ദേവി കാട്ടികൊടുത്ത രൂപം തന്നെയാണ് ഇന്ന് കാണുന്ന രൂപം എന്നും പണ്ട് കാലത്തും അങ്ങനെ തന്നെയായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. 

About Vishnumurthy theyyam – Click Here

Story of Karimkutti Chathan – Click Here