പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം

പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം

പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം: പയ്യന്നൂർ – പയ്യൻറെ ഊര് – അന്നം വിളയുന്ന പഴയ അന്നൂര് – പ്രത്യേക നിലങ്ങളിൽ ഉഴുതുമറിച് വിളയിച് എടുക്കുന്ന നെല്ല് പത്തായത്തിൽ നിറച്ച് മാസങ്ങൾ കഴിഞ്ഞ് പുഴുങ്ങി കുത്തി ഉണ്ടാക്കുന്ന പയ്യന്നൂർ പഴയരിയുടെ നാട് – ഈ പെരുമാൾപുരത്ത് കൊക്കാനം അഥവാ കൊൾക്കാനം പുഴയോരത്തെ( പെരുമ്പ പുഴ) ചേരി പ്രദേശമായിരുന്ന കൊക്കാനിശ്ശേരിയിൽ പണ്ടുകാലത്ത് എടച്ചേരി ആലും അതിൻറെ കീഴിൽ കരിഞ്ചാമുണ്ഡി സ്ഥാനവും ചില്ലറ കച്ചവടസ്ഥാപനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതിനു ചുറ്റുമുള്ള കാടും പെരുമ്പ പുഴയോരവും കൊക്കാരൻ എന്ന കൊള്ളാത്തവൻറെ വിഹാര കേന്ദ്രമായിരുന്നു. അതുകൊണ്ട് ഈ സ്ഥലത്തെ കൊക്കാരൻ ചേരി എന്നറിയപ്പെട്ടു . വടുകുന്ദ ശിവക്ഷേത്രം തകർത്ത ടിപ്പുവിൻറെ പടയാളികൾ കത്തി അമ്പുകളും ഗന്ധകബോംബുകളും കൊണ്ടുള്ള ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നപ്പോൾ കുഞ്ഞിമംഗലം വഴി പെരുമ്പ പുഴ കടന്ന് കൊക്കാരൻ ചേരിയിൽ എത്തി. അവിടെ കൊക്കാരൻ എന്ന കൊള്ളാത്തലവൻ മൈസൂർ പടയുമായി ഏറ്റുമുട്ടി മരിക്കുകയായിരുന്നു.

അങ്ങനെ ഒത്തിരി ചരിത്രവും പഴമ്പുരാണങ്ങളും ഉറങ്ങുന്ന ഈ കൊക്കാനിശ്ശേരിയിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമുണ്ട്, നമ്പ്യാത്രകക്കൊവ്വൽ ശിവക്ഷേത്രം. ഐതിഹ്യങ്ങൾ ഏറെയുണ്ട് ഈ ശിവ ക്ഷേത്രവുമായി ബന്ധപ്പെട്ട് . പ്രാചീനകാലത്ത് ശിവഭക്തനും വേദ പണ്ഡിതനുമായ ഒരു ബ്രാഹ്മണൻ പയ്യന്നൂരിൽവസിച്ചിരുന്നു.പെരിഞ്ചല്ലൂരപ്പൻറെ പരമഭക്തനായ ഈ ബ്രാഹ്മണൻ കാൽനടയായി പോയി തളിപ്പറമ്പ് രാജരാജേശ്വരനെ തൊഴുതു വരാറുണ്ടായിരുന്നു. കാലമേറെ കഴിഞ്ഞപ്പോൾ വാർധക്യസഹജമായ കാരണങ്ങളാൽ അദ്ദേഹത്തിന് ക്ഷേത്രദർശനം അതീവ ദുഷ്കരമായി തീർന്നു.

തൻറെ ആരാധനയ്ക്ക് വിഘ്നം വരാതിരിക്കാനായി ഒരുനാൾ തളിപ്പറമ്പത്തപ്പനെ തൊഴുതുമടങ്ങവെ രാജരാജേശ്വരചൈതന്യത്തെ ശംഖ് തീർത്ഥത്തിൽ ആവാഹിച് പയ്യന്നൂരിലേക്ക് മടങ്ങി. മടക്കയാത്രയിൽ നടന്ന് തളർന്ന വൃദ്ധബ്രാഹ്മണൻ വഴിയിൽ ഒരു ആൽമരവും കുളവും കണ്ടു. ശംഖ് ആൽമര ചുവട്ടിൽ വെച്ച് അല്പം വിശ്രമിച് മൂത്രശങ്ക തീർത്ത് കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തി അരയാൽ തറയിൽ എത്തിയപ്പോൾ ബ്രാഹ്മണൻ ഒരു അതിശയ കാഴ്ച കണ്ടു. ശംഖ് വിറകൊള്ളുന്നു .ശംഖിലെ തീർത്ഥജലം ആ ആൽമരച്ചുവട്ടിൽ തുളുമ്പി മറഞ് പരന്നിരിക്കുന്നു.

പരമേശ്വര ചൈതന്യ പൂരിതമായ തീർത്ഥം വീണതു വഴി രാജരാജേശ്വര സാന്നിധ്യം കൊണ്ടു പരമപവിത്രമായ – നമ്പിയുടെ യാത്രാവഴി ശിവചൈതന്യം പതിച്ച കൊവ്വൽ( സ്ഥലം ) നമ്പ്യാത്രകൊവ്വൽ എന്നറിയപ്പെട്ടു. തളിപ്പറമ്പ് രാജരാജേശ്വര ചൈതന്യം കൊണ്ട് ധന്യമായ ഈ പുണ്യഭൂമിയിൽ പിൽക്കാലത്ത് സ്ഥലം ഉടമയായ രയരമംഗലത്ത് മനയിലെ തമ്പുരാൻ ക്ഷേത്രം പണിത് തരണനല്ലൂർ തന്ത്രി പ്രതിഷ്ഠ നടത്തി പൂജാവിധികൾ നിശ്ചയിച്ചു. കേരളത്തിലെ 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായിരുന്നു പയ്യന്നൂർ ഗ്രാമം. അവിടെ അംഗനാട്ടിൽ നിന്നും കൊണ്ടുവന്ന 16 മനക്കാരാണ് ,താഴേക്കാട്ട് മന, തേളകാട്ടു മന, കടുത്തിലകാട്ടു മന, കുന്നത്ത് മന, കോ കുന്നത്ത് മന, കൊട്ടാരത്ത് മന , കതുകിൽ മന, കുഞ്ഞിമംഗലത്തു മന, തളിയിൽ മന, രയരമംഗലത്ത് മന, നൂനിക്കരമന,താറ്റിയേരി മന ,താവത്ത് മന, കൊഴുമ്മൽ മന, തേളപ്പുറത്ത് മന, കുറുവേലി മന എന്നിവ.

എന്നാൽ മേൽപ്പറഞ്ഞ മനകളിൽ താഴക്കാട്ട് മന , തളിയിൽമന, കുഞ്ഞിമംഗലത്തു മന, കുന്നത്ത്മന, രയരമംഗലത്ത് മന, നൂനിക്കര മന എന്നിങ്ങനെ ഏതാനും മനകളേ ഇന്ന് അവശേഷിക്കുന്നുള്ളൂ. മറ്റ് മനകൾ അന്യംനിന്നുപോയി . ഇതിൽ രയരമംഗലത്ത് മനക്കാരുടെ ആയിരുന്നു ഈ ക്ഷേത്രം പണ്ടുകാലത്ത്. നമ്പ്യാത്ര ശിവക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറ് അയ്യപ്പനും ഉപദേവത മാരായി കുടികൊള്ളുന്നു. കവിഞ്ഞ് ഒഴുകുക എന്നതാണ് ഉത്സവം. ദേവചൈതന്യം ദേവൻറെ തട്ടകത്ത് അഥവാ ഗ്രാമത്തിലേക്ക് ഉത്സവനാളുകളിൽ കവിഞ്ഞൊഴുകി പ്രസരിക്കുന്നു . ഇത് ഉത്സവ ദിവസങ്ങളിലും പിന്നീടും ജനമനസ്സുകളിൽ ആനന്ദം പ്രദാനം ചെയ്യുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്, ശിവരാത്രിയും ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവവും, പ്രതിഷ്ഠാദിനവും. പയ്യാവൂർക്ഷേത്രത്തിലെപുരാതനകാലത്തെ പ്രധാന അവകാശികൾ ആയിരുന്ന തെക്കടവൻ മണിയാണിമാർ ഒന്നാം ഊരാഴ്മ സ്ഥാനം അലങ്കരിക്കുന്ന പയ്യന്നൂർ കാപ്പാട് ഭഗവതി ക്ഷേത്രത്തിൽ നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള പൂരംകുളി എഴുന്നള്ളത്ത് സവിശേഷമായ ഒരു ചടങ്ങാണ്. കരിങ്കൽ ശില്പതൂണുകളോടെ പുതുതായി പണിത മനോഹരമായ നടപ്പന്തൽ, തളിപ്പറമ്പ് രാജരാജേശ്വര ചൈതന്യത്തെ ശംഖിൽ ആവാഹിച്ച് കൊണ്ടുവന്ന സിദ്ധനായ വൃദ്ധബ്രാഹ്മണൻ ദേഹശുദ്ധി വരുത്തിയത് വഴി പരമപവിത്രമായ , നവീകരിച്ച തീർത്ഥക്കുളം ഏവരെയും ആകർഷിക്കും.

ഉമാമഹേശ്വരൻമാർ കുടികൊള്ളുന്ന ഇവിടുത്തെ തിരുനടയിൽ വെച്ചുനടക്കുന്ന കല്യാണം ഏറെ ശ്രേയസ്കരം ആണെന്ന് പറയപ്പെടുന്നു. ഇവിടുത്തെ നവരാത്രി സംഗീതോത്സവം പ്രസിദ്ധമാണ്. പ്രസിദ്ധരായ ഒട്ടനവധി സംഗീതജ്ഞർ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നു. നെയ്യമൃതും ഉമാമഹേശ്വര പൂജയും ധാരയും ശംഖാഭിഷേകവും ഒക്കെ ഇവിടുത്തെ വിശേഷപ്പെട്ട വഴിപാടുകളാണ്. ശംഖ് തീർത്ഥം വീണ് പവിത്രമായ ആ അരയാൽ കൊമ്പത്ത് നിന്നും ഒരു കുയിൽ ഇന്നും പാടാറുണ്ട് ആ ശിവ പഞ്ചാക്ഷരി മന്ത്രം. ഓം നമശിവായ.

ടി ടി ലക്ഷ്മണൻ കുഞ്ഞിമംഗലം

നമ്പ്യാത്രക്കൊവ്വൽ ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം