കോതാമൂരിയാട്ടം

Story Of kothamooriyattam in Malayalam

kothamooriyattam

കോതാമൂരിയാട്ടം – ഭൂലോകത്ത് കാർഷിക വൃദ്ധിക്കായി ദേവലോകത്തു നിന്നും പാർവ്വതിയുടെ നിർദ്ദേശപ്രകാരം ഇന്ദ്രൻ അയച്ച കാമധേനു ഗോദാവരി നദിക്കരയിൽ എത്തിച്ചേർന്നു. ഗോപാലകന്മാ രാൽ ആരാധിക്കപ്പെട്ട എല്ലാംതികഞ്ഞ ഗോദാവരിപശു കോലത്തു നാടിന് ഐശ്വര്യം പകരാൻ ഗോപാലകന്മാരോടൊപ്പം മല നാട്ടിലെത്തി. കന്നിക്കൊയ്ത്ത്നുശേഷം തുലാവം 10 തൊട്ട് രണ്ടുമാസം കാർഷിക വൃദ്ധിക്കും കന്നുകാലി കിടാങ്ങൾക്ക് ബാധിച്ചിരിക്കുന്ന ആധി വ്യാധി അകറ്റുന്നതിനും വേണ്ടി നടത്തുന്ന ഈ അനുഷ്ഠാന വീടോടി കലാരൂപം ഒരു ഊർവരത നാടകമാണ് ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നും ആരംഭിക്കുന്ന കോതാമൂരി യെ വീട്ടുമുറ്റത്ത് വിളക്കും തളികയും മടക്കാട യും നിറനാഴിയും മുറത്തിൽ നെല്ലും പണവും തുണിയും വെച്ച് സ്വീകരിക്കുന്നു.

ഇതിന് പ്രദക്ഷിണം വെച്ചതിനുശേഷമാണ് കോതാമൂരിയും മാരിപനിയന്മാരും പാട്ടിൻറെ യും ചെണ്ടയുടെയും താളത്തിനൊത്ത് കോതാമ്മൂരിയാട്ടം തുടങ്ങുന്നത്. കൃഷ്ണ സ്തുതി പാടി തുടങ്ങുന്ന കോതാമൂരിയാട്ടം അഗ്രശാലമാതാവായ ചെറുകുന്നിലമ്മയുടെയും തൃച്ചംബരത്ത് അപ്പൻറെയ്യും മാടായികാവിൽ അമ്മയുടെയും തളിപ്പറമ്പ ത്തപ്പൻറെയും സ്തുതിഗീതവും ചരിതവും പാടുന്നു. പിന്നീട് കാർഷിക വൃദ്ധിക്കായി പാടുന്ന പൊലിച്ചു പാട്ടാണ്.

പതിനെട്ടോളം നെൽവിത്തുകളെ പ്രതിപാദിക്കുന്ന വിത്തു പൊലിപ്പാട്ട് അതിൽ പ്രധാനം.

” ചെന്നെല്ല് വിത്ത്മേ പൊലി പൊലിക

…………………………………………………

18 വിത്തു മേ പൊലി പൊലിപ്പാൻ

ഭൂമിലോകത്തിതാ കീഞ്ഞേൻ

ആലവാതുക്കലും വന്നാ

ഗോദാവരി എന്ന പശുവോ”

എന്നു തുടങ്ങി കഴമ ചിറ്റേനി നവര കീരിപാല അല്ലികണ്ണൻ മാലക്കാരൻ കുഞ്ഞിനെല്ല് മുണ്ടോൻ തൊണ്ണൂറാൻ കരിഞ്ചൻ കുതിര് തഉവൻ പുഞ്ച പള്ളിയാറൽ മലയോട്മ്പൻ വടക്കൻ തവളക്കണ്ണൻ എന്നീ വിത്തുകളെ പൊലിച്ചുപാടുന്നു. സ്വർഗ്ഗത്തിൽനിന്നും ശ്രീപാർവ്വതി ഭൂമിയിൽ കൃഷിചെയ്യാൻ കൊണ്ടുവന്നതാണ് നമ്മുടെ ഈ പഴയ വിത്തുകൾ എന്നാണ് വിശ്വാസം കല്പക തരുവിൽ കയറി മധു എടുക്കാനായി ശിവൻ തൻറെ ജഡ പറിച്ച് തൃ തുടയിൽ അടിച്ചപ്പോൾ പിറന്നുവീണ ദിവ്യൻ( തീയ്യൻ ) കല്പക വൃക്ഷത്തിൽ കയറി മധു എടുക്കുന്നത് സംബന്ധിച്ച കലശ പൊലിപാട്ടാണ് പിന്നീട് പാടികളിക്കുന്നത്.

പിന്നീട് വീടിനും കന്നാലി പൈതങ്ങൾക്കും ഗുണം വരാൻ ഇങ്ങനെ പാടും പനിയന്മാർ. ” ഈ സ്ഥലം നന്നായി കുളിർക്ക കണ്ണോട് കാലി ഗുണം വരിക പൈതങ്ങൾ ഒക്കെയും ഏറ്റവും വാഴുക “സമകാലിക പ്രസക്തിയുള്ള സാമൂഹിക വിമർശനങ്ങളും വേദാന്തവും അശ്ലീലവും വരെ കടന്നുവരും ഇവരുടെ പാട്ടിലും ആട്ടത്തിലും വാചാലിലും. പനിയന്മാരുടെ പ്രകടനം ചിരിക്കും ചിന്തക്കും വകനൽകുന്നു.

കോതാമൂരി കുരിക്കൾ പെടച്ചി കുരിക്കൾ രണ്ടു പനിയന്മാർ രണ്ടു വാദ്യക്കാർ പെണ്ണുങ്ങൾ ഉൾപ്പെടെ രണ്ടോമൂന്നോ പാട്ടുകാർ എന്നിവർ ചേർന്നതാണ് കോതാമ്മൂരിയാട്ടസംഘം കരിമഷി കണ്ണെഴുതി മുഖത്ത് ചായില്യം തേച്ച് തലയിൽ ചെറു മുടിയും മാറിൽ ചോപ്പും അണിഞ്ഞു മടഞ്ഞ തെങ്ങോല മേൽക്കുമേൽ വെച്ചു വളച്ചുകെട്ടി മേലേ ചുവപ്പു പൊതിഞ്ഞ് മുമ്പിൽ പശുവിൻ തലയും (രൂപം) പിറകിൽ വാലും വെച്ചുകെട്ടി നിർമ്മിച്ച കോതാരി തട്ട് അണിഞ്ഞ ആൺകുട്ടിയാണ് കോതാമ്മൂരി ആയി ആടുന്നത്.

പനിയന്മാർ അരക്ക് തിരി യോല ചീന്തി ഉടുത്ത് തലയിൽ വെള്ള തോർത്ത് പൊതിഞ്ഞുകെട്ടി കുരുത്തോല പൊയ്കാതണിഞ്ഞ് മുഖപാള വെച്ച് കയ്യിൽ നീളൻ കോലുമായി തുള്ളി പാടി ആടുന്നു. കണ്ണാംപാള വെച്ചമാരിപനിയൻമാർക്ക് എന്തും പറയാം എന്നാണ് പറയപ്പെടുന്നത്. ” കണ്ണാംപാള കെട്ടിയ പനിയന്മാരെ പോലെ” എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടുതന്നെ ഇവർ സാന്ദർഭികമായി ആക്ഷേപഹാസ്യ രൂപേണ ആരെയും കളിയാക്കിയും തമാശ പറഞ്ഞു പ്രതികരിക്കും. ചില വീടുകളിലെ കാലിത്തൊഴുത്തുകളിലും കോതാമ്മൂരിയാ ടാറുണ്ട്. ഉർവരത അനുഷ്ഠാനമായി കെട്ടിയാടുന്ന കോതാമ്മൂരിയാട്ടം നടത്തുന്നത് മലയ സമുദായത്തിൽപ്പെട്ടവരാണ്. ചെറുകുന്ന് , മാടായിക്കാവിലമ്മയുടെ തട്ടകമായ മാടായി, ഏഴോം ,വെങ്ങര ,ചെറുതാഴം, കുഞ്ഞിമംഗലം ,കുന്നരു എന്നിങ്ങനെ ചെറിയൊരു പ്രദേശത്താണ് കോതാമ്മൂരിയാട്ടം നടക്കുന്നത്.

പൂരക്കളിപാട്ട്, തോറ്റംപാട്ട്, നാടൻപാട്ട് പഴഞ്ചൊല്ലുകൾ എന്നിങ്ങനെ ഏതു മേഖലയിൽ നിന്നും സന്ദർഭത്തിനൊത്ത് അനുകരിച്ച് ഹാസ്യഭാവത്തിൽ പാടുകയും ആടി കളിക്കുകയും ചെയ്യുന്നു ഈ മാരി പനിയന്മാർ. കുടുംബനാഥയിൽ നിന്ന് വസ്തുക്കൾ പേഞ്ഞു വാങ്ങാൻ ഈ പ നിയന്മാർ സമർത്ഥരാണ് . കാർഷികവൃത്തിയുടെ ഉണർത്തു പാട്ടുമായി വരുന്ന ഈ നാടോടി അനുഷ്ഠാന കലാരൂപം ഇന്ന് വിസ്മൃതിയുടെ വഴിയിലേക്കാണ്. നിലനിൽക്കണം ഈ അനുഷ്ഠാന നാടോടിനാടകം. ആടട്ടെ സമൃദ്ധിയുടെ പൊലി പാട്ടുകളുമായി കോതാമ്മൂരി നമ്മുടെ വീട്ടുമുറ്റങ്ങളിൽ.

ടി. ടി. ലക്ഷ്മണൻ കുഞ്ഞിമംഗലം