മാരാൻ തെയ്യം പുരാണം മലയാളത്തിൽ – Powerful Maran Theyyam History in Malayalam 2021
മാരാൻ തെയ്യം – Maran Theyyam – എരിഞ്ഞ പാറയിലെ വീര പൗരുഷം
വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും നട്ടുച്ച നേരത്തും പാതിരാത്രിയിലും കർക്കിടകത്തിലും കറുത്തവാവിനുമൊന്നും മുക്കാലിപ്പാറ വഴി നടന്നു പോകാൻ മാലോകർ മടിക്കുന്ന കാലുണ്ടായിരുന്നു. വീരപൗരുഷത്തിൻ്റെ പ്രോജ്വലമായ അടയാളവും അവതാരവുമായി മാറിയ മാരാൻ തെയ്യത്തിൻ്റെ അധീനതയിലാണ് കരകാണാക്കടൽ പോലെ വന്യ വിജനമായി പരന്നു കിടന്നിരുന്ന ആ പാറ പ്രദേശം. ഉൾഭയത്തോടെ മാത്രമേ കാൽനടയാത്രക്കാർക്ക് പാറ മറികടക്കാൻ പറ്റുമായിരുന്നുള്ളൂ.
എന്നാൽ മാരാൻ തെയ്യത്തിന് എണ്ണയും അരിയും നേർച്ചയായി സങ്കൽപ്പിച്ചാൽ പിന്നെ ഭയപ്പെടേണ്ടെന്നാണ് വിശ്വാസം. വെങ്കളത്ത് വെളിച്ചം തോട്ട് പള്ളിയറയിലേക്കാണ് നേർച്ച. പയ്യന്നൂരിൽ നിന്ന് പത്തു കിലോമീറ്ററാളം കിഴക്ക് മാറി മാത്തിലിനടുത്ത് വടവന്തൂരെന്ന ഗ്രാമാന്തരീക്ഷത്തിലാണ് വെളിച്ചം തോട് തറവാടും പള്ളിയറയും. പ്രധാന ദേവത ചാമുണ്ഡി, കൂടെ വിഷ്ണു മൂർത്തിയും. വടക്ക് കർണാടക ദേശത്തെ മന്ത്രശാലയിൽ നിന്നാണ് ചാമുണ്ഡിയുടെ ആ ഗമനം. പല മല താണ്ടി പിടിച്ചാലിനപ്പുറം കൊട്ടുംപുറത്ത് ചാമുണ്ഡി ആസനസ്ഥയായി.
കാള കാടിൻ്റ അധീനതയിലായിരുന്ന കൊട്ടും പുറത്തു നിന്ന് തന്ത്രശാലിയും ദേവ്യുപാസകനും പ്രമാണിയുമായ വെളിച്ചം തോട്ട് നമ്പ്യാർ ചാമുണ്ടിയെ തൻ്റെ കൂടെ കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. മുക്കാലിപ്പാറയിലെ പച്ചത്തുരുത്തായ കവിനകത്ത് ദേവി ഉപവിഷ്ടയായി. വെളിച്ചം തോട്ട് തറവാട്ടിലെ കന്യകയുമായി അവിടെ ആശ്രിതനായി കഴിഞ്ഞിരുന്ന ഒരു കാര്യസ്ഥൻ മാരാർക്ക് ഇഷ്ടം തോന്നിയെന്നും പ്രമാണിയായ വെളിച്ചം തോട്ട് നമ്പ്യാർ അയാളെ കാവിനപ്പുറം കിഴക്കു മാറിയുള്ള ഒരു ആലമരത്തിൽ തറച്ച് വക വരുത്തിയെന്നുമാണ് ഐതിഹ്യം.
തുടർന്ന് പലവിധ ദുർനിമിത്തങ്ങൾ കാണുകയാൽ പ്രശ്ന ചിന്തയിൽ ദോഷപരിഹാരാർത്ഥം മാരാൻ്റെ കോലം പടിത്തരക്കളിയാട്ടത്തിന് കെട്ടിയാടിക്കാൻ കൽപ്പിച്ചുവത്രേ. തുടർന്ന് കാലാകാലങ്ങളായി ചാമുണ്ഡിക്കും വിഷ്ണുമൂർത്തിക്കുമൊപ്പം മാരാൻ്റെ കോലവും കെട്ടിയാടിക്കപ്പെടുന്നു. മുക്കാലിപ്പാറയിലെ ആലമര സങ്കൽപ്പത്തിൽ ആ സ്ഥാനത്തു നിന്നാണ് തെയ്യം പുറപ്പെട്ടോടി വെങ്കളത്ത് പടിഞ്ഞാറ്റ ആധാരമായി നിലകൊള്ളുന്നത്.
വിവരണം: ഈശ്വരൻ നമ്പൂതിരി
ലൈവ് ക്രിക്കറ്റ് സ്കോർ, ഐപിൽ അപ്ഡേറ്സ്, ക്രിക്കറ്റ് ന്യൂസ് എന്നിവ മലയാളത്തിൽ ലഭിക്കുന്ന ക്രിക്കറ്റ് ന്യൂസ് മാത്രം ഉള്കൊള്ളിക്കുന്ന ഒരേ ഒരു മലയാളം വെബ്സൈറ്റ് CRICKWORLD.XYZ