രക്തചാമുണ്ഡി തെയ്യം പുരാണം Dazzling Rakthachamundi Theyyam 2021

രക്തചാമുണ്ഡി തെയ്യം പുരാണം മലയാളത്തിൽ – Rakthachamundi Theyyam History in Malayalam

Rakthachamundi Theyyam
Rakthachamundi Theyyam, Olavara Mundyakkavu ഒളവറ മുണ്ട്യ കാവ്
കോലധാരി : രാജൻ പണിക്കർ, Photo: VRC photography

ചെറുകുന്നിലമ്മയോടൊപ്പം ആര്യർനാട്ടിൽനിന്നും തുണയായ് വന്ന് ചെറുകുന്ന്ആയിരം തെങ്ങിൽ കപ്പലിറങ്ങിയ രക്തചാമുണ്ഡിയെ പൂവാരുന്ന മൂവാരിമാർ പൂവെറിഞ്ഞെതിരേറ്റു. അത് വഴി ഈ ദേവത അവരുടെ കുലദേവതയായി. മംഗലാപുരത്തെ കോയിൽ കുടുപ്പാടിയിൽനിന്നും നീലേശ്വരത്തേക്ക് നടകൊണ്ട പാലന്തായി കണ്ണന്റെ വിഷ്ണുമൂർത്തീ ചൈതന്യമുൾക്കൊള്ളുന്ന ചുരികയാധാരമായി കുമ്പള ചിത്രപീഠത്തിൽ നിന്നാണ് ഈ ദേവത അള്ളടനാട്ടിലെ കോട്ടപ്പുറം എത്തിയത്.

തേപ്പും കുറി പ്രാക്കെഴുത്തിൽ മുഖത്തെഴുതി , ഉഗ്രകോപം വമിക്കുന്ന കരിമഷി ക്കണ്ണും , അരയിൽ കുരുത്തോലയുടുപ്പും,നഗത്താന്മാർ ഇഴപിരിഞ്ഞാടുന്ന മടിത്തട്ടും, വലിയ മാറും, മയിൽ‌പീലി ഞൊറിയിട്ട് കുരുത്തോല അരുതുന്നിയ , അനേകം ചന്ദ്രക്കലകൾ മിന്നിതിളങ്ങുന്ന വട്ട തിരുമുടിയുമണിഞ്ഞ് , അസുര വാദ്യത്തിന്റെ താള കൊഴുപ്പിൽ പുറപ്പെട്ട് വരുന്ന രക്ത ചാമുണ്ഡി ഏതൊരാളുടെ മനസ്സിലും സംഭ്രമം ജനിപ്പിക്കും. ബ്രഹ്‌മാവിനെ തപം ചെയ്ത് സ്ത്രീയിൽ നിന്നേ മരണമുണ്ടാകൂ എന്ന് വരം നേടിയ ശുമ്ഭ നിശുമ്ഭന്മാർ ദേവലോകം ആക്രമിച്ച് കീഴടക്കി.

വരബലത്താൽ ഉന്മത്തരായ ഈ അസുരന്മാരുടെ ആത്മ മിത്രങ്ങളായ കിങ്കരന്മാരായിരുന്നു ചണ്ഡമുണ്ഡാസുരന്മാരും , ധൂമ്രാക്ഷനും, രക്തബീജാസുരനുമൊക്കെ. ദേവന്മാർ ശ്രീപാർവതിയെ ശരണം പ്രാപിച്ചപ്പോൾ ദേവിയുടെ തിരുനെറ്റിയിൽ നിന്നും മഹാകാളി പ്രത്യക്ഷയായി. ചണ്ഡമുണ്ഡന്മാരും ധൂമ്രാക്ഷനുമൊക്കെ കാളിയാൽ മരണപെട്ടപ്പോൾ രക്തബീജാസുരൻ അസുരപ്പടയുമായി വർദ്ധിത വീര്യത്തോടെ കാളിയോടേറ്റുമുട്ടി.

ശിവഭജനംചെയ്ത് തന്റെ ഒരുതുള്ളി രക്തം ഭൂമിയിൽവീണാൽ അതിൽ നിന്നും സമാന ശക്തിയുള്ള ഓരോ അസുരൻ പിറവി എടുക്കും എന്ന വരബലം നേടിയ രക്തബീജനെ വധിക്കാൻ എത്രയോ ദിവസത്തെ യുദ്ധത്തിന് ശേഷവും കഴിയാതെ വന്നപ്പോൾ തന്റെ കോപാഗ്നിയിൽ തിരുമിഴിയൊന്ന് തുറന്നപ്പോൾ മഹാകാളിയുടെ തിരുനെറ്റിയിൽ നിന്നും അതാ മറ്റൊരു ശക്തി സ്വരൂപിണി പിറവി എടുത്ത് പടനടുവിൽ പറന്നെത്തി രക്തബീജനോടേറ്റ്മുട്ടി. അവൾ അസുരപ്പടയെ കൊന്നൊടുക്കാൻ തുടങ്ങി. തന്റെ നീട്ടിവിരിച്ച നാക്കിനാൽ രക്തബീജാസുരന്റെ ഓരോ തുള്ളി രക്തവും ഭൂമിയിൽ പതിക്കാതെ കാളി കോരി കുടിച്ചു.

ഒടുവിൽആ അസുരന്റെ തലയറുത്ത് രക്തത്തിൽ കുളിച്ച ദേവി വെട്ടി എടുത്ത തലയുമായി പാർവതിയുടെ മുമ്പിൽ തൊഴുത് നിന്നു. അതെ രക്തേ മുഴുകിയ ദേവി രക്തേശ്വരിയായി , രക്തചാമുണ്ഡിയായി. മഹാദേവിയുടെ അനുഗ്രഹത്താൽ പാരിലെങ്ങും രക്തചാമുണ്ഡി പൂജനീയ പദവി നേടി. അസുരനിഗ്രഹത്തിനായി ചാമുണ്ഡിക്ക്തുണ നിന്ന് തൂറുനാക്കാൽ രണസ്ഥലി തീർത്ത ഈ ദേവത കുട്ടിക്കരയിലും, ആയിരംതെങ്ങിലും, അണീക്കര പാലേരിയിലും , കോട്ടപ്പുറവും തുടങ്ങി ഒട്ടേറെ കാവുകളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു.

രക്തബീജാസുരന്റെ രക്തം കുടിച്ച് കുന്നിക്കുരു ശോഭയാർന്ന രക്തേശ്വരിയെ വന്ദിച്ച് കൊണ്ടുള്ള പൂരക്കളി മാർഗ്ഗത്തിലെ ഈ വന്ദന ശ്ലോകം ഇത്തരുണത്തിൽ ഓർത്ത് പോയി.

” രക്തബീജനോടെതൃത്തു പണ്ടു ഹരശക്തി

പോൽ പൊഴിയുമന്തരെ

ശക്തിതന്നിലുളവായ ദേവി

ബഹു രക്തപാന കുതുകേ തൊഴാം.

ഭക്തലോക പരിരക്ഷണത്തിനുളവായ

ഭൈരവി മഹേശ്വരി

അരുണ കിരണ വർണ്ണയെ

രക്തബീജാ സുരഘ്‌നേ

കരിവര മൃദുയാനേ

രക്ത മാല്യാദി ഭൂഷേ

നിരവധി ഗുണദായി

ന്യംബികേ രക്തപാന-

പ്രമുദിതഹൃദയേഹം

ഭാവയേത്വൻ പദാബ്‌ജം ”

കടപ്പാട് : ടി.ടി.ലക്ഷ്മണൻ കുഞ്ഞിമംഗലം

You May Also Like

കരിംചാമുണ്ഡി തെയ്യം പുരാണം മലയാളത്തിൽ

മടയിൽ ചാമുണ്ഡി തെയ്യം പുരാണം മലയാളത്തിൽ