ആണ്ടിൽ ഒരൂട്ട് എന്ന ആണ്ടിയൂട്ട് മഹോത്സവം – Astonishing Aandiyoottu Maholsavam 2021

“പണി തീരാത്ത സുബ്രഹ്മണ്യ കോവിലും “ആണ്ടിൽ ഒരൂട്ട്” എന്ന ആണ്ടിയൂട്ട് മഹോത്സവവും”

Aandiyoottu maholsavam


ആണ്ടവൻ, മുരുകൻ, മയിൽ വാഹനൻ, കാർത്തികേയൻ, കുമാരൻ, ശരവണൻ, വേലായുധൻ തുടങ്ങിയ അനവധി പേരുകളിൽ അറിയപ്പെടുന്ന ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ദൈവമാണ് സാക്ഷാൽ പഴനി ആണ്ടവൻ എന്ന ശ്രീ:സുബ്രഹ്മണ്യൻ. വിശ്വാസ പ്രകാരം പരമശിവന്റെയും ശ്രീ പാർവതിയുടെയും രണ്ട് മക്കളിൽ ഒരാൾ.

ആണ്ടിയൂട്ടു മഹോത്സവം ഐതിഹ്യം – Aandiyoottu Maholsavam History


ചരിത്രം ഇങ്ങിനെ പറയുന്നു. ഒരിക്കൽ ശ്രീ:സുബ്രഹ്മണ്യനും സഹോദരൻ ഗണപതിയും തമ്മിൽ “ജ്ഞാനപ്പഴത്തിനു” വേണ്ടി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ശിവ-പാർവതിമാർ പ്രശ്നത്തിൽ ഇടപെടുകയും ഒരു മദ്ധ്യസ്ഥ നിർദ്ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. ആരാണോ ഈരേഴു പതിനാല് ലോകം ചുറ്റിക്കറങ്ങി ആദ്യം തിരിച്ചെത്തുന്നത് അവരായിരിക്കും “ജ്ഞാനപ്പഴത്തിനു അർഹൻ. വ്യവസ്ഥ എല്ലാവരും സമ്മതിച്ചു.


ശ്രീ:സുബ്രഹ്മണ്യൻ ഉടനെ തന്റെ വാഹനമായ മയിലിനെ വിളിച്ച് വരുത്തി അതിൽ കയറി ലോകം ചുറ്റിക്കറങ്ങാൻ തുടങ്ങി. ഈ സമയം ഗണപതി മൂന്ന് പ്രാവശ്യം തന്റെ മാതാപിതാക്കളെ വലം വെച്ചു ജ്ഞാനപ്പഴത്തിനു അവകാശം ഉന്നയിച്ചു. കാര്യം ബോധ്യപ്പെട്ട ശിവ-പാർവതിമാർ ജ്ഞാനപ്പഴം ഗണപതിക്കു നൽകി പന്തയ വാക്ക് പാലിച്ചു .

ശ്രീ:സുബ്രഹ്മണ്യൻ പതിനാല് ലോകവും ചുറ്റിക്കറങ്ങി തിരിച്ചു വന്നപ്പോഴേക്കും ഗണപതി പന്തയം വിജയിച്ചുവെന്നും ജ്ഞാനപ്പഴം കൈവിട്ടു പോയെന്നും മനസ്സിലാക്കി. പിന്നെ അവിടെ നിന്നും പിണങ്ങി തമിഴ്നാട്ടിലെ പഴനിയിൽ കുടിയിരുന്നു എന്നാണ് ഐതിഹ്യം . ജ്യോതിഷത്തിന്റെ ഉല്പത്തി ശ്രീ:സുബ്രഹ്മണ്യനിൽ നിന്നാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടായിരിക്കാം ജ്യോതിഷം കലണ്ടറിൽ മയിൽ വാഹനം അടക്കം സുബ്രഹ്മണ്യന്റെ ഫോട്ടോ കാണുന്നത് എന്ന് അനുമാനിക്കാം .


പഴനി ആണ്ടവന്റെ അനുഗ്രഹം നേടാൻ മനസ്സിൽ വ്രതമെടുത്ത് അവിടെനിന്നും കാവടി ഏറ്റുവാങ്ങി അവരുടെ ഭക്തനാകുക എന്നത് ജീവിതത്തിലെ അമൂല്യമായ സൗഭാഗ്യമായാണ് ചിലർ വിശ്വസിക്കുന്നത്. കാവടി സ്വീകരിച്ച ശേഷം പ്രതിജ്ഞയെടുത്ത് കാവടിയെടുത്ത് വീടുകൾ തോറും സഞ്ചാരം നടത്തുന്ന ആയിരക്കണക്കിന് ഭക്തന്മാർ ഒരു കാലത്ത് ജീവിച്ചിരുന്നു എന്നത് സത്യമായിരുന്നു. പരമ സത്യം.


അവരുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം അലങ്കരിച്ചിരുന്ന ഒരു മഹത് വ്യക്തിയായിരുന്നു പയ്യന്നുർ തായിനേരി ഹരിജൻ കോളനിയിലെ പരേതനായ ശ്രീ:കരക്കാടൻ നാരായണൻ പൂജാരി.തന്റെ യൗവനവും ജീവിതവും സാക്ഷാൽ സുബ്രഹ്മണ്യന് വേണ്ടി സമർപ്പിച്ച കർമ്മയോഗി. ഒരു വാക്ക് കൊണ്ടോ എന്തെങ്കിലും കർമ്മങ്ങൾ കൊണ്ടോ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത പരിപൂർണ്ണ മുരുക ഭക്തൻ .(ജീവിച്ചിരിപ്പില്ല.അദ്ദേഹത്തിന്റെ ഫോട്ടോയും ലഭ്യമല്ല . )

sree makreri subramanya swami temple

മനസ്സിൽ ദൈവീക സാനിദ്യം ഉടലെടുത്ത് സുബ്രഹ്മണ്യ ദർശനം ഉണ്ടായപ്പോഴാണ് പഴനിയിൽ ചെന്ന് കാവടി ഏറ്റു വാങ്ങിയത്. സാക്ഷാൽ വേലായുധന് വേണ്ടി ഊര് ചുറ്റി സഞ്ചാരം നടത്താമെന്നും ശ്രീ: പൂജാരി പ്രതിജ്ഞ എടുത്തു . അങ്ങിനെ ഒരു വലിയ സഞ്ചാരത്തിന്റെയും അതിന്റെ സമാപന ദിവസം നടത്തുന്ന ആണ്ടിയൂട്ട് മഹോത്സവത്തിന്റെയും മടക്കിക്കെട്ടി വെച്ച ഓർമ്മപ്പുസ്തകം ഇതാ ഇവിടെ തുറക്കപ്പെടുന്നു .


പണ്ട് പണ്ട് എന്റെ പ്രായം നന്നേ ചെറുത്‌. വീട് വയലിൽ നിന്നും ഉയരെയുള്ള പറമ്പിൽ ആയിരുന്നു. പടിഞ്ഞാറോട്ടു നോക്കിയാൽ വിശാലമായ നെൽവയൽ. പിന്നെ തായിനേരിപ്പുഴ. ഒന്നാം വിള കഴിഞ്ഞാൽ പുഞ്ചകൃഷി. മകരമാസ കുളിരിലെ തുഷാരബിന്ദുക്കൾ രാവിലെ നെല്ലോലകളിൽ തൂങ്ങിക്കിടന്നു താഴോട്ട് ഇറ്റിവീഴാൻ ഊഹം കാത്ത് കഴിയുന്ന മനോഹര ദൃശ്യം നന്നായി കണ്ട് ആനന്ദിച്ചിരുന്ന കാലം ഇപ്പോഴും മനസ്സിലുണ്ട്.


അപ്പോഴാണ് വയലിലൂടെ കാവടിച്ചെണ്ട മുട്ടുന്ന ശബ്ദം കേൾക്കുന്നത്. അന്നൂർ കനിയംകുളം വീടുകളിലെ സഞ്ചാരം കഴിഞ്ഞു പിന്നെ ഇപ്പുറം കടന്ന് മാപ്പിടിച്ചേരി കുഞ്ഞിരാമന്റെ വീടും , മാപ്പിടിച്ചേരി കണ്ണന്റെ വീടും തളിയിൽ വെള്ളച്ചിയുടെ വീടും കഴിഞ്ഞ് കാവടി തെക്കോട്ട് തളിയിൽ പയ്യാറിന്റെ വീട് ലക്ഷ്യമാക്കി പോകുകയാണ്. ഞാൻ വീട്ടിൽ നിന്നും ചാടിയിറങ്ങി കാവടി പോകുന്നത് നോക്കി നോക്കി നിൽക്കും. ഒരു പ്രാത്യേക സ്വരത്തിലുള്ള ചെണ്ടയുടെ സ്വരം. ഒരാൾ പീലിക്കാവടി ചുമന്നു നടക്കുന്നു. അതാണ്‌ കഥാ പുരുഷൻ നാരായണൻ പൂജാരി ആണെന്ന് പിന്നീടാണ് മനസ്സിലായത്.കൂടെ വേറെ അഞ്ചാറു പേർ വരമ്പിലൂടെ വരി വരിയായി പോകുന്നുണ്ട്.

ചെണ്ടയുടെ മുട്ട് പ്രതിദ്ധ്വനിച്ചു രണ്ടായി പിരിഞ്ഞു ദൂരെ തായിനേരിപ്പുഴയും മാടക്കാൽ പുഴയും കടപ്പുറം പുഴയും കടന്ന് അറബിക്കടലിൽ പതിക്കുന്നത് അന്ന് വ്യക്തമായി കേൾക്കാമായിരുന്നു .കിഴക്ക് നിന്നും സൂര്യ മണവാളൻ പയ്യെ പൊങ്ങിവരുന്നതേയുള്ളൂ ആ സമയം. ഓർക്കുമ്പോൾ കുളിര് കോരിത്തരിക്കുന്ന ഇപ്പോഴും.
സഞ്ചാരം ലക്ഷ്യമിട്ട വീടിനു മുന്നിൽ എത്തിയാൽ ചെണ്ടയുടെ താളം മാറ്റും. ചെണ്ട അൽപ്പം സ്പീഡ് കൂട്ടും .

പിന്നെ നീണ്ട ഒരു ശഖു മുഴക്കമാണ് . ആ വീട്ടിലെ ഭിക്ഷ വാങ്ങിയ ശേഷം അടുത്ത വീടിലേക്ക്. അപ്പോൾ ചെണ്ടയുടെ താളം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചു പോകും.ഇപ്പോൾ ചെമ്മിടിച്ചി കാരിച്ചിയുടെ വീട്ടിലെത്തി. പിന്നെ തളിയിൽ പൊക്കന്റെയും മിന്നാടിച്ചി മാതുവിന്റെ വീട്ടിൽ, ഒടുവിൽ പള്ളിയത്ത് നാരായണനന്റെ വീടും കഴിഞ്ഞ് കാവടി സഞ്ചാരം തെക്കോട്ട് പോകുന്നുണ്ട് തായിനേരി ഹരിജൻ കോളനി ലക്ഷ്യമാക്കി.

ഞാൻ ഇമ വെട്ടാതെ അങ്ങിനെ നോക്കി നോക്കി നിൽക്കും.( മുരുക ഭക്തൻ നാരായണൻ പൂജാരിയുടെ അത്ഭുത സിദ്ധികളും സഞ്ചാരം നടത്തി സ്വരൂപിക്കുന്ന ധാന്യങ്ങളും പൈസയും കൊണ്ട് “ആണ്ടിൽ ഒരൂട്ട്” എന്ന അണ്ടിയൂട്ട് സദ്യയും. ഇതിന്റെ മറ്റൊരര്ഥം സുബ്രഹ്മണ്യഭക്തരായ ആണ്ടിപ്പണ്ടാരങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഊട്ട് (സദ്യ) എന്ന നിലയിലായിരിക്കാം തുടക്കം. കാവടിയെടുക്കുന്നവര്‍ക്കുള്ള സദ്യ. രസകരമായ ഉത്സവത്തിന്റെ നേർക്കാഴ്ചകളും നിങ്ങൾക്ക് മുന്നിൽ ഇനി അടുത്ത ലക്കത്തിൽ വരച്ചു കാട്ടും )
വിവരണം: മമ്മു തായിനേരി