ഊർപ്പഴശ്ശി ദൈവം പുരാണം മലയാളത്തിൽ – Daring Urpazhassi God Purana in Malayalam

ഊർപ്പഴശ്ശി ദൈവം പുരാണം മലയാളത്തിൽ – Urpazhassi God Purana in Malayalam

urpazhassi god
Urpazhassi Theyyam (courtsey)

ചൂതും ചതുരംഗ കളിക്കും പുകഴ്‌പെറ്റ മേലൂർ ഗ്രാമം. തനിക്ക് അവകാശപ്പെട്ട അങ്കവും ചുങ്കവും കൈയ്യടക്കി വാഴുന്ന മുക്കാതം നാട്ടിലെ കാറക്കുന്നത്ത് ഇളയ നായരിൽ നിന്നും അയ്ബത്തിരുകാതം നാട്ടിലെ ചെക്കിക്കാട്ട് ഉണ്ണിയാര കുറുപ്പിന്റെ മരുമകനിൽ നിന്നും തന്റെ നാടും അവകാശവും തിരിച്ചുവാങ്ങാൻ പോന്ന ഒരു മകനില്ലാതെ പോയല്ലോ എന്ന് പ്രാർത്ഥിച്ച് കഴിഞ്ഞ് പോന്നവിഷ്ണു ഭക്തയായ മേലൂർ കോട്ടയിലെ മേലൂരിളം നായർകന്യാവിന് ഒരു മകൻ പിറന്നു. വിഷ്ണു തേജസ്സിൽ ജനിച്ച ആ കുട്ടിക്ക് അമ്മ തമ്മരവിയമ്മ ദയരപ്പൻ എന്ന്പേർ വിളിച്ചു.

Urpazhassi Theyyam
Urpazhassi Theyyam

അരിയിൽ എഴുതേണ്ട പ്രായ മായപ്പോൾ കനകപ്പൊടിയും രത്നക്കല്ലുമായ്‌ എണ്ണമ്മനെന്ന ഗുരുക്കളുടെ സവിധത്തിൽ അവനെ എഴുത്തിനിരുത്തി. ഗുരു ഹരിശ്രീ എന്നെഴുതിക്കുമ്പോൾ ദയരപ്പൻ ഹരിശ്രീ ഗണപതയെ നമഃ എന്നെഴുതി. അതെ ഗുരുക്കൾക്ക് മുമ്പെ അതിവേഗത്തിൽ എഴുത്തും പൊയ്ത്തും വശത്താക്കുന്ന അമാനുഷനായകുട്ടി. ഗുരുനാഥന് അവനിൽ നീരസം ഉടലെടുത്തു. ഗുരുക്കൾ കളരിയിൽ ഇല്ലാത്ത നേരത്തൊരു ദിനം അവൻ ഗുരുക്കളുടെ ഗ്രന്ഥവും ചൂരൽ വടിയുമെടുത്ത് മറ്റ്‌ കുട്ടികളെ പഠിപ്പിച്ചപ്പോൾ ക്ഷുഭിതനായ ഗുരുക്കൾ ദയരപ്പനെ മൂന്ന് വട്ടം അടിച്ചു.

urpazhassi theyyam

ഗുരുക്കളോട് പ്രതികാരം ചെയ്യാനുറച്ച് ഒരുദിവസം വിരുന്നുണ്ണാൻ വീട്ടിലേക്ക് ക്ഷണിച്ച ഗുരുക്കളെയും കൂട്ടി എണ്ണതേച്ച് കുളിക്കാനായി അവൻ അരിഞ്ചിറക്കടവിലേക്ക് കൂട്ടി കൊണ്ട്പോയി. ദയരപ്പന്റെ നിർബന്ധത്തിന് വഴങ്ങി നാലും മൂന്ന് ഏഴ്കുടിപ്പക സ്ഥാനം ഗുരുക്കൾ ചൊല്ലി കൊടുത്തു. ആയോധനത്തിലെ അടവ് വിദ്യകളും കുടിപ്പക സ്ഥാനവും വശത്താക്കിയ ദയരപ്പൻ കുളിക്കാനിറങ്ങിയ ഗുരുക്കളെനിഷ്ക്കരുണം കഠാരയെടുത്ത് തറതറത്തറച്ച് അവൻ കുടിപ്പക തീർത്തു.

ഗുരുഹത്യാ പാപപരിഹാരത്തിന് തന്റെ നാഗ മണി മോതിരമഴിച്ച് പാദത്തിൽ വെച്ച് വന്ദിച്ചു. അമ്മ ഈ ക്രൂര കൃത്യത്തെ ചോദ്യംചെയ്തപ്പോൾ അമ്മയ്ക്ക് നേരെയും കഠാരയൂരി വലിച്ചെറിഞ്ഞു അവൻ. തെന്നിമാറി ചിത്രതൂൺ മറഞ്ഞ് നിന്നത് കൊണ്ട് രക്ഷപെട്ടു. ഒരുനാൾ ദയരപ്പൻ ആയുധം കടയിക്കുവാൻ കൊല്ലപുരയിൽ ചെന്നപ്പോൾ പെരുംകൊല്ലൻ വീട്ടിലില്ലെന്ന് കൊല്ലന്റെഭാര്യ കളവ് പറഞ്ഞപ്പോൾ തന്റെ ദിവ്യ ശക്തിയാൽ കൊല്ലപ്പുരക്കൽ പാമ്പും തേളും നിറഞ്ഞു. മപ്പപേക്ഷിച്ചപ്പോൾ അത് നീക്കി കൊടുത്തു ദയരപ്പൻ. തന്നെ അമ്മ ഗർഭം ധരിച്ച കാലത്ത് ഇറച്ചി എന്ന് പറഞ്ഞ് ” ചേടിയും ചെമ്പരപ്പും ” പൊതിഞ്ഞ് കെട്ടി കൊടുത്ത് ചതിച്ച ഇളയജാതി പെറ്റ പന്തിരുവരെയും മുതുവ ജാതിപെറ്റ മുപ്പത്ത്മൂവരെയും കുത്തിയുരുട്ടി കുടിപ്പക തീർത്തു ദയരപ്പൻ.

കാച്ചികുടിക്കാൻ പാല് തരാതിരുന്ന ചീരുഅമ്മയെയും , ആഭരണം തയ്യാറാക്കുന്നതിൽ നിന്നും സ്വർണ്ണം തട്ടിയെടുത്ത തട്ടാനെയും ശിക്ഷിച്ചു ഈ നായർ ചേകോൻ. തനിക്കവകാശപ്പെട്ട അങ്കവും ചുങ്കവും കൈയ്യടക്കി വാഴുന്ന കാറക്കുന്നത്ത് ഇളയനായരെയും അമ്പത്തിരുകാതം നാട്ടിലെ ചെക്കിക്കാട്ട് ഉണ്ണിയാര കുറുപ്പിന്റെ മരുമകനെയും തറച്ച് കൊന്ന് കുടിപ്പക തീർത്ത ദയരപ്പൻ 36 വയസ്സിനുള്ളിൽ 64 കൊല ചെയ്ത് കുടിപ്പക തീർത്തു.

ചുരികകെട്ടി ചേകവനാകണമെന്ന് തീരുമാനിച്ച ദയരപ്പനെ ” ഉദയമാന ഊർപ്പഴശ്ശിക്കാവിലേക്ക് വാണ ദൈവമെന്ന് ” പേർ ചൊല്ലി അനുഗ്രഹിച്ച് ചുരിക നൽകി ആചാരപ്പെടുത്തി പുന്ത്ര് വാടി കൈമൾ. മേലൂർ കോട്ടയിലെത്തിയ ദയരപ്പനെ പെറ്റമ്മ അരിയെറിഞ്ഞെതിരേറ്റു. മേലൂർകോട്ട, മേക്കലൂർ മേൽപ്പാടം, കീക്കലൂർ കീഴ്മാടം, പുഷ്പ്പവള്ളി കളരി, മാതിരങ്ങോട്ട് മാടം , കോതിരങ്ങോട്ട് ചിറ്റാരി, വയനാട്ട് കോട്ട എന്നിവയ്ക്കധിപനായിക്കൊണ്ട് ദയരപ്പൻ പഴയനാട്ടെ 60 കുറുപ്പന്മാരോടും 1200 നേർ ചെങ്ങാതി മാരോടും കൂടി ഊർപ്പഴശ്ശികാവിൽ പട്ടം കെട്ടി മുടികമിച്ച്മുടിയൻ ക്ഷത്രിയ രാജാവായി ഒരു വ്യാഴവട്ടക്കാലം വാണു എന്നാണ് ഊർപ്പഴശ്ശി ദൈവത്തിന്റെ കുലസ്ഥാനത്തിൽ പറയുന്നത്.

ഉറപഴശ്ശിയും വേട്ടക്കൊരുമകനും തമ്മിലുള്ള സൗഹൃദം – Friendship Between Urpazhassi God and Vettakkorumakan Theyyam

ഊർപ്പഴശ്ശി കാവിൽ വാണ ദേവൻ ഊർപ്പഴശ്ശി ദൈവം എന്നറിയപ്പെട്ടു. തനിക്ക് വാളും കൈയുമുള്ള ഒരു നല്ല ചെങ്ങാതി വേണമെന്ന് ആഗ്രഹിച്ച ദയരപ്പൻ ഒരുനാൾ നാടുവിട്ടിറങ്ങി, ബാലുശ്ശേരി വാണ അഭിമാന്യ പ്രഭു വേട്ടക്കൊരുമകനെ കാണാനെത്തി. വടക്കെ പടികൊട്ടിലിൽ വെള്ളയും കരിമ്പടവും വിരിച്ച് വഴക്കോല സ്ഥാനം വായിച്ച് അരിയെറിഞ്ഞ് വരവേറ്റ് ഇരിക്കാൻ പറഞ്ഞു വേട്ടക്കൊരുമകൻ ഐശ്വര്യ പ്രഭുവായ ഊർപഴശ്ശിയെ. ഇരുവരുംസഹകരിക്കുവാൻ തീരുമാനിച്ചു. രണ്ട് കിട്ടിയാൽ ഒന്ന് , ഒന്ന് കിട്ടിയാൽ ഒര് മുറിഏതും എന്തും സമമായി വീതിക്കാം എന്ന് സഖ്യം ചെയ്തു. വാരി കടുത്തിലയും , ചൂരപരിശയുമായി വേട്ടക്കൊരുമകനും , വലത്കൈയ്യിൽ ആയുധവും ഇടത് കൈയ്യിൽ ഔഷധവുമായി ഊർപ്പഴശ്ശിയും വടക്കോട്ട് യാത്രതിരിച്ചു.

എവിടെ നിന്നാലും മേൽമാടവും ഭണ്ഡാരവും വേട്ടക്കൊരുമകനും, കീഴ്മാടത്തിങ്കൽ പൂവും നീരും ഊർപഴശ്ശിക്കും , കുറ്റിയും വെടിയും ഉച്ചവെള്ളാട്ടവും സംക്രാന്തിയും ഇരുവരുംതുല്യമായി സ്വീകരിച്ചു. കൊടുംപുരികം മുഖത്തെഴുത്തും ബഹുവർണ്ണ വട്ട പീലിതിരുമുടിയും അര ചമങ്ങളുമണിഞ്ഞ് കൈയ്യിൽ പരിചയുംപൊന്തിയും കടുത്തലയുമെടുത്ത് പുറപ്പെട്ട്വരുന്ന ഐശ്വര്യപ്രഭു ഊർപ്പഴശ്ശി വിഷ്ണു സ്വരൂപനാണ്, വൈദ്യനാഥനാണ് , ദൈവത്താറാണ് .

ഉർപഴശ്ശി ദൈവത്തിന്റെ അമ്പലങ്ങൾ – Urpazhassi God Temples

തന്റെ സുഹൃത്തായ അഭിമാന്യ പ്രഭു വേട്ടക്കൊരുമകനൊത്ത് കുഞ്ഞിമംഗലം ശ്രീമാന്യമംഗലം വേട്ടക്കൊരുമകൻ ക്ഷേത്രം (ആലും കോട്ടം), പൂന്തുരുത്തി കോട്ടം, രാമന്തളി താവുരിയാട്ട്, ഒതയമ്മാടം, കരിപ്പുരം വെള്ളി( മാടായി), ആലപ്പടമ്പ് തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ഊർപ്പഴശ്ശി ദേവൻ കുടികൊള്ളുന്നു.

വിവരണം: ടി.ടി.ലക്ഷ്മണൻ കുഞ്ഞിമംഗലം

Urpazhassi Theyyam Photos

Urpazhassi Theyyam
Urpazhassi Theyyam
Urpazhassi Theyyam
Urpazhassi Theyyam Photo

തെയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് ഞങ്ങളുടെ വെബ്സൈറ്റ് ഇപ്പോൾ രജിസ്റ്റർ ചെയ്യുക

You May Also Like

Malayalam Troll Plain Memes: Troll Malayalam

Only Cricket News Website in Malayalam: CrickWorld