ശ്രീ കുടക്കത്ത് ഭഗവതി ക്ഷേത്രം വെള്ളൂർ ഐതിഹ്യം
ശ്രീ കുടക്കത്ത് ഭഗവതി ക്ഷേത്രം വെള്ളൂർ ഐതിഹ്യം മലയായാളത്തിൽ
രാജ്യരക്ഷായുക്തമായിരുന്നു എല്ലാ കോട്ടകളും കടവുകളും. എന്നാൽ വെള്ളൂർ കോട്ടയും കടവും ചിറക്കൽ കോവിലക ത്തേക്ക് വർഷാവർഷം വേണ്ടുന്ന വാരം പാട്ടമായി ലഭിക്കേണ്ടുന്ന നെല്ല് കൊണ്ടു പോകുന്നതിനായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. കന്നി-മകര മാസങ്ങ ളിൽ മുപ്പതിനായിരം പറ നെല്ലായിരുന്നു ഈ കടവിൽകൂടി കോവിലകത്തേക്ക് എത്തി ക്കൊണ്ടിരുന്നത്. കോവിലകത്തെ ഊട്ടുന്ന ചേരിക്കല്ലെന്ന നിലയിലാണ് വെള്ളൂർചേരിക്കല്ലിന് ‘ഓമനച്ചേരിക്കല്ല്’ എന്ന വിശേഷണം വന്നുചേർന്നത്.
ചിറക്കൽ കോവിലകത്തിന്റെ ഉപാസനാദേവത മാടായിക്കാവിലെതിരുവർകാട്ട് ഭഗവതിയാണ്. വളപട്ടണം കളരിവാതുക്കലും വെള്ളൂർ – നാല്പത്തീരടി കളരിയിലും ചാമക്കാവിലും കുടികൊള്ളുന്നത് ശ്രീപാർവ്വതിയുടെ രൂപഭേദമായ ദുർഗ്ഗാദേവിയാണ്.
പരശുരാമൻ കേരളത്തിൽ ബ്രാഹ്മണരെ കുടിയിരുത്തിയെന്നതും 108 ശിവാലയങ്ങളും ദുർഗ്ഗാക്ഷേത്രങ്ങളും നിർമ്മിച്ചുവെന്നതും – ‘പരശുരാമകല്പസൂത’മെന്ന പൂജാവിധികൾ കല്പിച്ചുവെന്നതും യാത്രാമധ്യേ വില്ലുചാരിവെച്ച് വിശ്രമിച്ച സ്ഥലമാണ് രാമവില്യമെന്നതും സുവിദിതമാണല്ലോ. ദുർഗ്ഗ ഭേദകാളി സ്വരൂപമായതിനാൽ നിവേദ്യ വസ്തുക്കളിൽ മദ്യവും മാംസവും ഉത്തമമാണ്. ബ്രാഹ്മണർക്കിതു നിഷിദ്ധവുമാണ്. അതിനാൽ കുലധർമ്മമെന്നനില യിൽ കലശകർമ്മങ്ങൾ നടത്തുന്നതിന്ന് തീയ്യസമുദായക്കാരെയാണ് ചുമതലയേൽപ്പിച്ചത്.
അവർക്ക് രാജാവിൽ നിന്നു ആചാരപദവിയും മുദ്രയും നൽകി നാടിന്റെ സാമുദായിക അധീശത്വം കൊടുത്തു അംഗീകാരം നൽകുകയുണ്ടായി. വെള്ളൂർ നാലപ്പാടിയും പകുത്തേടത്ത് തണ്ടയാനുമായിരുന്നു വെള്ളൂച്ചേരിക്കല്ലിലെ ആചാരപദവി. യഥാക്രമം നായിത്തൂർ, കീനേരി എന്നീ തറവാടുകളിലായിരുന്നു ആചാരസ്ഥർ. മേൽ സൂചിപ്പിച്ച ബ്രാഹ്മണമേധാവിത്വം വെള്ളൂരിലും ഉണ്ടായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ അതിന്റെ ബാക്കിപത്രമാണല്ലോ.
നൂറ്റാണ്ടുകൾക്കപ്പുറം പ്രശസ്തിയുടെ പടവുകൾ തീർത്ത രണ്ട് ബ്രാഹ്മണഇല്ലങ്ങൾ വെള്ളൂരിൽ ഉണ്ടായിരുന്നു ഒന്ന് കുളങ്ങരയില്ലം, മറ്റേത് കിഴക്കില്ലം. ഇന്നത്തെ വെള്ളൂർ പുതിയതെരു സങ്കേതമായിരുന്നു കുളങ്ങര ഇല്ലം. ഇല്ലവും ഉപാസനാ ക്ഷേത്രമായ വിഷ്ണു ക്ഷേത്രവും ഇവിടെയായിരുന്നു. പിൽക്കാലത്ത് വന്ന വർണ്ണ വ്യവസ്ഥയുടെ സ്വാധീനത്താൽ കുളങ്ങര ഇല്ലം അധഃപതനത്തിലേക്ക് നീങ്ങി. എങ്കിലും ഇല്ലത്തിന്റെ കിണർ, ക്ഷേത്രക്കുളം, ക്ഷേത്ര കിണർ എന്നിവയുടെ ചില ഭാഗങ്ങൾ ഇന്നും ശേഷിപ്പുണ്ടെന്നു കേൾക്കുന്നു. വിഷ്ണു സങ്കേതം എന്ന നിലയിൽ പുതിയതെരുവിൽ വിഷ്ണുമൂർത്തിയെ കെട്ടിയാടിക്കുകയും ചെയ്തു വന്നിരുന്നു. അതുകൊണ്ടുതന്നെ വെള്ളൂരിന്റെ കുലപരദേവതയായിട്ടാണ് വിഷ്ണുമൂർത്തിയെ ആരാധിച്ചു വരുന്നത്.
കിഴക്കില്ലം നിന്നിരുന്ന സ്ഥലം “കിഴക്കുമ്പാട്” എന്നപേരിൽ അറിയപ്പെടുന്നു. ദുർഗ്ഗാംശമായ ചാമുണ്ഡീശ്വരിയും നാഗക്കാവു മായിരുന്നു ആരാധാനാകേന്ദ്രങ്ങൾ. സന്താനഭാഗ്യമില്ലാത്ത ബാഹ്മണദമ്പതികളായിരുന്നു അവസാനഘട്ടത്തിൽ ഇല്ലത്തെ താമസക്കാർ. വാർദ്ധക്യകാലത്ത് കുലധർമ്മമാചരിക്കുന്നതിന് ദത്തുപുത്രനെ സ്വീകരിക്കുന്നതിന്നു സമുദായം വിലങ്ങായപ്പോൾ മോക്ഷപ്രാപ്തിക്ക് തീർത്ഥാടനവും തപസ്സും ഉപാധിയായിക്കരുതി ബ്രഹ്മഗിരിമലകൾ ലക്ഷ്യമാക്കി യാത്രപുറപ്പെട്ടു. തങ്ങൾ തിരിച്ചുവരുന്നതു വരെ ഇല്ലത്തും ദൈവസങ്കേതങ്ങളിലും സന്ധ്യാ ദീപം കൊളുത്തുന്നതിന്നു വെള്ളൂർ നാല്പാടിയെയാണ് ചുമതലപ്പെടുത്തിയത്.
ആകാരത്തിലും സ്വഭാവത്തിലും ഭക്തിവിഷയങ്ങളിലും വിപ്രസമനായിരുന്നു നാല്പാടി. ദുർഘടമായ കാനനപാതകൾ പിന്നിട്ടു വൃദ്ധ ദമ്പതികൾ ചെന്നെത്തുന്നത് ബാഗമണ്ഡലത്ത് ബഗണേശ്വര(ശിവ)സവിധത്തിലാണ്. ത്രിവേണിയിൽ സ്നാനം ചെയ്തു ഭഗവൽ ദർശനത്തി നുശേഷം ബ്രഹ്മഗിരിയിലെ തലക്കാവേരി ക്ഷേത്ര ത്തിലെത്തി പ്രാർത്ഥനയിൽ മുഴുകി ജീവിതകാലം അവിടെ തീർക്കുകയായിരുന്നുവത്രെ. മാസങ്ങൾ കഴിഞ്ഞിട്ടും തീർത്ഥാടനത്തിനുപോയ വൃദ്ധബാഹ്മണദമ്പതികൾ തിരിച്ചു വരാത്തത് നാല്പാടിയെ ഏറെ വ്യസനിപ്പിച്ചു.
കീനേരി തണ്ടയാനുമായി ആലോചിച്ചു അവരെ അന്വേഷിച്ചു പോകാൻ തന്നെ ഉറച്ചു. ചാലിൽ വീട്ടിലെ യുവാവിനെ സഹയാത്രികനായി കൂടെ കൂട്ടി. മൂവരും ബാഗമണ്ഡലത്തേക്കു തിരിച്ചു. ക്ഷേത്രദർശനം നടത്തി തിരുനടയിൽ തങ്ങളുടെ ആഗമനോദ്ദേശ്യം ഉണർത്തിച്ചു. തുടർന്നു തലക്കാവേരിയിലെത്തിയ അവർക്ക് വൃദ്ധദമ്പതികളുടെ വിയോഗവാർത്തയാണ് അറി യാനിടയായത്. ദു:ഖമനസ്കരായ അവർ കാവേരി അമ്മയെ പണമിച്ചു. ഭക്തിസത്തമന്മാരും ഉത്തമാചാരപദവിയുള്ളവരമായ ഭക്തരുടെ അചഞ്ചലമായ ധർമ്മനിഷ്ഠയിൽ ദേവി പ്രസന്നയായി, അവരുടെ കൂടെ പോകാനുറച്ചു.
അവരുടെ ആചാരക്കുടയാണ് ദേവി തന്റെ യാനമായി സ്വീകരിച്ചത്. വൈദ്യശുശൂഷകരായ തൂവ്വക്കാരൻ, വെള്ളക്കരിവേടൻ ദൈവങ്ങളും സഖികളായ പള്ളക്കീൽ ചാമുണ്ഡിയും കുറത്തിഅമ്മയും ശീഭൂതത്താറും കൂടെ എഴുന്നള്ളി. കുടക് രാജ്യാതിർത്തിയിൽ നിന്നു കതിവനൂർവീരനും കൂടെ വന്നു.
മാരുതവേഗിതരായിട്ടാണ് തിരിച്ചുവരവ്. ദാഹപീഡകൾക്കൊന്നും വശംവദരല്ല. ഘോരവന ങ്ങൾക്കിടയിലൂടെയുള്ള നാട്ടുവഴികൾ പിന്നിട്ടുതട്ടുമ്മൽ ദേവീസന്നിധിയിലൂടെ കാങ്കോലപ്പന്റെ തിരുമുറ്റത്തൂടെ കാങ്കോൽ ഇളയപൊതുവാളുടെ ഉപാസനാ സങ്കേതമായ വെള്ളൂർപുഴയോടു ചേർന്ന നാഗക്കാവിൻ കടവിലൂടെയാണ് കടന്നുകയറിയത്. നാഗക്കാവിനുതൊട്ടു തെക്കെപറമ്പിലാണ് ചിറക്കൽ കോവിലകം പടയാളികളായ പെരിയാടന്മാരുടെ തറവാട്ഭവനം.
തെക്കിനിയും വടക്കിനിയും കൊട്ടിലും പടിഞ്ഞാറ്റയുമായി കടവിനോടഭിമുഖമായിരിക്കുന്ന തറവാടിന്റെ കൊട്ടിലിലേക്കാണ് നാല്പാടിയും തണ്ടയാനും നടന്നുകയറിയത്. കിഴക്കവാതിലിലൂടെ കടന്നു പടിഞ്ഞാറെ വാതിലിലൂടെ പുറത്തിറങ്ങിയാണ് നാല്പാടിയുടെ ഭവനത്തിൽ (ഇന്നത്തെ കുടക്കത്ത് ഭണ്ഡാരപ്പുര) പ്രവേശിക്കുന്നത്. പൂമുഖപ്പടിയിലിരിക്കുന്ന പടനായ കരുടെ സഹധർമ്മിണി (കാങ്കോൽ ഇളയ പൊതുവാൾ കുടുംബാംഗം) ഇതൊക്കെ കാണുന്നുണ്ടായിരുന്നു.
കിഴക്കുമ്പാട് പെരിയാടന്മാർ ചിറക്കൽ കോവിലകത്തിന്റെ പടയാളികളിൽ പ്രമുഖരായിരുന്നു. പെരിയാട്ട് കളരി പ്രശസ്തമാണ്. ചാമക്കാവ് ക്ഷേത്രം വരുന്നതിന്നു മുമ്പ് കളരിയും പഞ്ചുരുളി ക്ഷേത്രവുമുണ്ടായിരുന്നു. ചാമക്കാവ് ക്ഷേത്രത്തിന്റെ തെക്കെമതിലിനോട് ചേർന്നു കളരിയിലെ ദൈവത്തറയും സ്ഥാനവും ഇന്നും കാണാം. കോടോത്ത് നായന്മാരുടെ സംരക്ഷണത്തിനായിപ്പോയിരുന്ന പെരിയാടൻ കണ്ടനാട്ടിലെ ഒരു പോരാളി വീരമൃത്യുവരിച്ച് പെരിയാട്ട് കണ്ടർ എന്ന പേരിൽ ദൈവക്കോലമായി കെട്ടിയാടിക്കപ്പെടുന്നുണ്ട്.
നാല്പാടിയുടെയും കൂട്ടരുടെയും വരവും പോക്കുമൊന്നും ഉച്ചവിശമത്തിലേർപ്പെട്ട സ്വഭർത്താവിനെ സാധ്വിയായ അവർ അറിയിച്ചില്ല. അറിയിച്ചാലുണ്ടാവുന്ന അനന്തരഭവിഷ്യത്തുകൾ അവർക്കറിയുമായിരുന്നു. അതു കൊണ്ടുതന്നെ വളരെ വൈകിയിട്ടാണ് കാര്യങ്ങൾ അറിയിക്കുന്നത്. പിന്നെ പറയാനുണ്ടോ. തങ്ങളുടെ ധർമ്മദൈവങ്ങൾ കുടികൊള്ളുന്ന കൊട്ടിലിൽ തീയ്യനായ നാല്പാടി കയറി അശുദ്ധമാക്കിയാൽ പടവാളുകൊണ്ടാണ് പകരം ചോദിക്കേണ്ടത്. ക്രോധാവേശം പൂണ്ട് പടനായർ തന്റെ പടവാളൂരിയെടുത്തു നാൽപ്പാടിയുടെ ഭവനം ലക്ഷ്യമാക്കി കുതിക്കുകയാണുണ്ടായത്.
ദീർഘയാത്ര കഴിഞ്ഞത്തിയ നാല്പാടിയും തണ്ടയാനും പാദശുദ്ധിവരുത്തി തന്റെ കന്നിക്കൊട്ടിലിൽ കുടയും ചാരിവെച്ചു ദാഹശമനത്തിനൊരുങ്ങുക യായിരുന്നു. പടവാളുയർത്തിപ്പിടിച്ചു കാറ്റിന്റെ വഗത യിലോടിവരുന്ന പടനായരെ നാല്പാടിയുടെ കുണ്ടത്തിൽ വീട്ടുകാരിയായ സഹധർമ്മിണി കാണുന്നുണ്ടായിരുന്നു. ക്രുദ്ധനായ പടനായരുടെ സാന്നിധ്യം അറിഞ്ഞു പുറത്തേക്കിറങ്ങിയ നാല്പാടിയും തണ്ടയാനും ചാലിൽ വീട്ടുകാരനായ യുവാവും പടനായരും ഒന്നിച്ചാണ് തറവാട്ടുമുറ്റത്തെത്തുന്നത്. കൊട്ടിലകത്ത് ചാരിവെച്ച് പട്ടോലക്കുടയിതാ നർത്തനം ചെയ്ത കൊണ്ട് ഇവരുടെ മദ്ധ്യത്തിലേക്ക് വരുന്നു.
അസംഭവ്യ മായ ദൃശ്യങ്ങൾക്കു മുമ്പിൽ സർവ്വരും സ്തംഭിച്ചു നിൽക്കുന്നു.
“അത്ഭുതം കണ്ടവർക്കുള്ളിൽ ചിത്തമോഹം വളർന്നു വരുത്തീ പാശ്നികന്മാരെ കരുത്തെല്ലാ മറിവാൻ” എന്ന് പൂരക്കളി തൊഴുന്ന പാട്ടിൽ നിന്ന്. ഓങ്ങിയ പടവാൾ കുടക്കുമുന്നിൽ സമർപ്പിച്ച് പടനായർ സാഷ്ടാംഗം പ്രണാമം ചെയ്തു. ദേവചൈതന്യം കണ്ടറിഞ്ഞ അവർ ദേശവാസികളെയും കരപ്രമാണിമാരെയും വരുത്തി ജ്യോതിഷചിന്തചെയ്തു ആചാരക്കാരുടെ പട്ടോലക്കുടയിൽ കാവേരിഅമ്മയും ഭൂതഗണങ്ങളും ഇവിടേക്കെഴുന്നള്ളിയതായും യഥാവിധി ആരൂഢമൊരുക്കി വിഗ്രഹപതിഷ്ഠ നടത്തണമെന്നും പ്രശ്നവിധിയുണ്ടായി.കീനേരി തണ്ടയാൻ തിരുവർകാട്ടുഭഗവതിയുടെ ഉപാസകനാകയാൽ ഭഗവതിക്കും പ്രത്യേകപീഠവും തിരുവായുധവും പ്രതിഷ്ഠിക്കണമെന്നും കണ്ടു.
ദേശവാസികളൊത്തു പള്ളിയറയൊരുക്കി തന്ത്രിവര്യൻ കാളകാട്ട് തന്ത്രികൾ പ്രതിഷ്ഠ നടത്തി. പൂജാവിധികളും ആചാരപദവികളും അനുഷ്ഠാനകമങ്ങളും ഉത്സവാദി കളും കൽപ്പിച്ചു. കുടക്കകത്ത് എഴുന്നള്ളി വന്ന ദേവിയെ ഇവിടെ കുടക്കത്ത് ഭഗവതി എന്നപേരിലാണ് അറിയപ്പെടുകയെന്നും നാടിന്നും ഭക്തരായ പ്രജകൾ ക്കും ഐശ്വര്യവും സമൃദ്ധിയും ദേവിയുടെ അനുഗ്രഹം കൊണ്ട് ലഭിക്കുമെന്നും തന്ത്രികൾ അരുളിച്ചെയ്തു. പള്ളക്കീൽ ചാമുണ്ഡി, പള്ളക്കീൽ കുറത്തി, തുവ്വക്കാ രൻ, പള്ളക്കരിവേടൻ, ശ്രീഭൂതത്താർ ദേവന്മാർക്ക് സാന്നിദ്ധ്യമുറപ്പിച്ചു. മടയിൽ ചാമുണ്ഡിയും കുണ്ടോർ ചാമുണ്ടിയും കുലപരദേവതയായ വിഷ്ണുമൂർത്തി, നാഗദേവത ആരൂഢദേവതകളായി കുടക്കത്ത് സ്ഥാന മൊരുക്കി. കതിവനൂർ വീരന് തൊട്ടടുത്ത കൊവ്വൽ പറമ്പിൽ ആരൂഢമൊരുക്കി.