വെള്ളൂർ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം – Vellur Shree Kottanacheri Mahakshethram Interesting History

വെള്ളൂർ ശ്രീ കൊട്ടണച്ചേരി മഹാക്ഷേത്രം – Vellur Shree Kottanacheri Mahakshethram History in Malayalam

Vellur Shree Kottanacheri Mahakshethram

ഉരിനെ വലംവെച്ചൊഴുകുന്ന വെള്ളൂർപുഴ. നിരവധി നീരുറവകൾ കൈത്തോടുകളായിപുഴയാടുചേർന്നു പാലത്തരയിലെത്തുമ്പോൾസമ്പുഷ്ടയായൊഴുകി നാടിന്റെ ദേശാതിർത്തിഒരുക്കുന്നു. പാലത്തര നീലങ്കൈഭഗവതിക്കും പുഴക്കര പെരുമുടിക്കാൽ ദേവിക്കും കുണിയൻവലിയോർക്കാവിലമ്മയ്ക്കും പുഴയോരത്തുതന്നെയാണ് ആരൂഢം. ആദിമുച്ചിലോട്ടമ്മയുടെ തീക്കുഴിച്ചാലും അടുത്തുതന്നെ. ദേവന്മാരുടെ സഞ്ചാരപഥങ്ങളെക്കുറിച്ചു “സ്വരൂപാചാരം” എന്ന ഗ്രന്ഥത്തിൽ പ്രതിപാദനമുണ്ട്.

Vellur Shree Kottanacheri Mahakshethram
Shree Vettakkorumakan Theyyam

കുറുമ്പനാട് സ്വരൂപത്തിന്റെ രക്ഷകനായ വൈരജാതനും ക്ഷേത്രപാലകനും ബാലുശ്ശേരി വേട്ടക്കൊരുമകനും ചങ്ങാതി ഊർപ്പിഴച്ചിയും ശാസ്താവും കോലസ്വരൂപത്തിങ്കലും അള്ളട സ്വരൂപത്തിലും തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിന്നുവേണ്ടി വടക്കോട്ടു സഞ്ചരിച്ചു. വെളിച്ചപ്പാടന്മാരുടെ മുൻമൊഴികളിൽ നിന്ന്

“കുറുമ്പനാട് സ്വരൂപത്തിൽ നിന്നും എഴുന്നള്ളിയ പരദേവത മടിയൻ ക്ഷേത്രപാലകന്റെ ഇടത്തും വലത്തും എഴുന്നള്ളിയ പരദേവത വൈരജാതനുംബാലുശ്ശേരിവേട്ടക്കൊരുമനും ഊർപ്പിഴച്ചിയും ശാസ്താവും കോലസ്വരൂപത്തിങ്കലും അള്ളടസ്വരൂപത്തിലും കുറുമ്പനാട് സ്വരൂപത്തോടുംപതിനേഴ് നാട്ടിലെ വാഴവോടും പതിനേഴ്നാടുംഎനിക്കെന്ന് കേൾപ്പിച്ച് എഴുന്നള്ളി കോലസ്വരൂപ്ത്തിങ്കൽ കരയേറി പെരുംതൃക്കോവിലപ്പനും പയ്യന്നൂർ പെരുമാളും ചുഴലിഭഗവതിയും സോമേശ്വരി അമ്മയും തിരുവർക്കാട്ട് ഭഗവതിയും മുമ്പായി മുപ്പതൈവരോടും അനുവാദം വാങ്ങി രണ്ടു കൂറ്റിൽ കാര്യം പറയുന്നവരേയും മുന്നൂറ്റിഅമ്പതുനായന്മാരേയും ഈടേറ്റും വാങ്ങിക്കൊടുത്തു. അള്ളടസ്വരൂപത്തിൽ ഓളോറതേന്മാവിൻചോട്ടിലെഴുന്നള്ളി ഉദിനൂർ കോവിലിലും ചെറുവത്തൂർ ഊരുവേലിക്കകത്തെഴുന്നള്ളി നാലുപുറവും ഏഴുകൊവ്വലിൽ ആയിരത്തിരുനൂറ് നായന്മാരുംമുപ്പതിനായിരപഭുവും ലോകരുമൊന്നായിപട്ടോലയും ഭണ്ഡാരവും തീർത്തു തോട്ടുങ്കാലിൽനിന്നും വെള്ളൂർ പാലത്തോളം സാന്നിദ്ധ്യം” തീർത്താണ് വെള്ളൂരിലേക്കുള്ള ദേവന്മാരുടെ ആഗമനം.


പടനായകന്മാരുടെ വേഷഭൂഷാദികളണിഞ്ഞതേജോരൂപികളായ വഴിയാത്രക്കാർ വളർന്നുപന്തലിച്ചു തണൽവിരിച്ചു നിൽക്കുന്നരയാൽത്തറ കണ്ടപ്പോൾ യാത്രാക്ഷീണം തീർക്കാൻ അല്പം വിശ്രമിക്കാമെന്നുറച്ചുആൽത്തറയിലിരുന്നു. അതുവഴി വന്ന കല്ലിടിൽകുടുംബത്തിലെ കൊട്ടൻ കാരണവർ അപരിചിതരെകണ്ടു കുശലപ്രശ്നത്തിലൂടെ ആഗമനോദ്ദേശം അന്വേഷിക്കുകയും ദാഹശമനത്തിന് ഇളനീർതരട്ടെയെന്ന് ചോദിക്കുകയും ചെയ്തു. സമ്മതമരുളി ക്ഷണമാത്രയിൽ തെങ്ങേൽ കയറി വേണ്ടത്ര ഇളന്നീർ കൈയ്യിൽ  തൂക്കിപ്പിടിച്ചുകൊണ്ടിറങ്ങിതുടമേൽ വെച്ചു ചെത്തി കുടിക്കാൻ പാകത്തിൽമൂടി ചെത്തി വിനയഭാവത്തിൽ രണ്ടുപേർക്കുമായി കൊടുത്തു.

പൊടുന്നനെ ഒരാൾ കുടിച്ചുതീർത്തു. മറ്റെയാൾ ഇളനീർ കയ്യിൽവെച്ചുകൊണ്ട് ചെറിയൊരു സന്ദേഹത്തോടെ കൊട്ടൻ ജാതിയിലാരാണെന്നന്വേഷിച്ചു തീയ്യനാണെന്നു പറഞ്ഞപ്പോൾ ഇളനീർ കുടിച്ചില്ല. കൊട്ടന്റെ ഇളന്നീർ സ്വീകരിച്ചതിനാൽ “കൊട്ടനെ ചാരിനിന്നുകൊള്ളുക”എന്നരുളിച്ചെയ്തു രണ്ടുപേരും അന്തർദ്ധാനംചെയ്തു.  പിന്നീട് കാണാനിടയായ നിമിത്തങ്ങൾ ജ്യാതിഷചിന്ത ചെയ് തറിഞ്ഞപ്പോൾ   ഇളനീർ കുടിച്ചത് വേട്ടക്കൊരുമകനാണെന്നും, കുടിക്കാതിരുന്ന ഊർപ്പിഴച്ചി നേരെ കിഴക്കുഭാഗത്തുള്ള മാവിലനായന്മാരുടെ ആലക്കാട്ടുള്ള കളരിയിലെത്തിയാണ് സൽക്കാരം സ്വീകരിച്ചു ആരൂഢമുറപ്പിച്ച്തെന്നും കണ്ടു.

ഇവിടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്താൻ ദേശവാസികളും ആചാരസ്ഥരും  കരപ്രമാണികളും ഒത്തുചേർന്നു ദേവന്നഭീഷ്ടമായ അടിയന്തിരങ്ങളും ഉത്സവങ്ങളും നടത്താൻ  തീരുമാനിച്ചു.ദേവനണിയാനുള്ള ആടയാഭരണങ്ങളും ചാപബാണങ്ങളും ചാമരവും കടുത്തിലയും ചെറുകത്തിയും ഉടവാളും പടവാളും പൊന്തിയും പരിചയും കുടയും പന്തവും കുറവു തീർത്തുകാളകാട്ട് തന്ത്രികളാൽ ദേവനെപ്രതിഷ്ഠിച്ചു. “കൊട്ടനെ ചാരിനിന്നുകൊളളുക” എന്ന ദേവവാക്യമാണ് കൊട്ടിണച്ചേരിയെന്ന പേരിനാധാരമായത്.


ദേവൻ അഭിമാനപ്രഭുവും ചൈതന്യസ്വരുപനുമാണെന്നതിന് ഐതിഹ്യങ്ങളേറെയുണ്ട്. ശിക്ഷാരക്ഷണത്തിനുടമയണ് ചിറക്കൽ രാജാവ്– കന്നിയിലും മകരത്തിലും വാരമളന്നു കൊണ്ടുപോകാനുള്ള സമയം പ്രജാന്വേഷണവും യാത്രാവേളയിലാണ്.  പെരുമ്പപ്പുഴ കടന്നാൽ രണ്ടു വിശ്രമകേന്ദ്രം ഒന്ന് തുളുവന്നൂർ കൊട്ടാരം. മറ്റേത് കൊഴുമ്മൽകോട്ടൂർ മഠം, ചൂരിത്തോട് വയൽവരമ്പിലൂടെ കൊട്ടണച്ചേരിക്കു മുന്നിലെത്തി കുറ്റോൽ പുഴയും കടന്നാണ്യാത്ര പോകേണ്ടത്.

ഒരു മകരത്തിൽ കോട്ടൂർ മഠത്തിൽ നിന്നും ചിറക്കലിലേക്കുള്ള മടക്കയാത്ര പല്ലക്ക് ചുമക്കാനുള്ളവർ, മുന്നിലും പിന്നിലും പടയാളികൾ,കാര്യക്കാരും കണക്കെഴുത്തുകാരും, ഏറ്റവും മുന്നിൽ തറ്റുടുത്ത് പൂണൂൽ ധരിച്ചു പിൻ കുടുമകെട്ടിഭസ്മക്കുറിയണിഞ്ഞു ഓലക്കുടയും ധരിച്ചു കയ്യിലെതോർത്തുവീശി ഹാ ഹോയ്, ഹാ ഹോയ് എന്നുച്ചത്തിൽ ശബ്ദം മുഴക്കിക്കൊണ്ട് പട്ടരും. വഴിയാത്രക്കാർ തീണ്ടാപ്പാടകലെ മാറി നിൽക്കാനുള്ള ശബ്ദഘോഷമാണത്. പല്ലക്കിലേറിയുള്ള തമ്പുരാന്റെ എഴുന്നള്ളത്ത് കൊട്ടണച്ചേരി ക്ഷേത്രമടുക്കാറായി.

വഴിയോരത്ത്വാദ്യഘോഷങ്ങളുടേയും വെടിയൊച്ചയുടെയും ആരവം തമ്പുരാന് അസഹ്യത സൃഷ്ടിച്ചു. അവിടെ എന്താണ് നടക്കുന്നതെന്നന്വഷിച്ചു വരാൻ കാര്യസ്ഥരെ അയച്ചു. കാര്യം ഗ്രഹിച്ചു വന്ന അവർ തമ്പുരാനെ ഉണർത്തിച്ചു. തീയ്യരുടെ ക്ഷേത്രമാണ്. വേട്ടക്കൊരുമകനാണ് ദേവൻ. ദേവന്റെ പുറപ്പാട് സമയത്തെ ക്ഷേത്രം ചുഴന്നു കൊണ്ടുള്ള  വരിപ്പാട്ട് നടക്കുകയാണ് (ഹരിനമ്മോ) ശബ്ദകോലാഹലം കൊണ്ടുണ്ടായ അരിശം, നായന്മാരുടെ ദേവൻ തീയ്യ ക്ഷേത്രത്തിലാണെന്നറിഞ്ഞതോടെ വർദ്ധിക്കുകയാണുണ്ടായത്.

പല്ലക്ക് വാഹകന്മാരോട് പല്ലക്ക് നിലത്ത് ഇറക്കി വെക്കാനാജ്ഞാപിച്ചു. രണ്ടു പടയാളികളെ വിട്ടു കളിയാട്ടം നിർത്താനുളള രാജകൽപ്പനഅറിയിക്കാൻ ക്ഷേത്രത്തിലേക്ക് പറഞ്ഞയച്ചു. സമയമേറെയായിട്ടും തിരിച്ചുവരവ്കാണാത്തതിനാൽ അകമ്പടിക്കാരനായ പട്ടരെ പറഞ്ഞയച്ചു. പട്ടരുടെയും തിരിച്ചുവരവ് കാണുന്നില്ല. പ്രക്യതിയിലുണ്ടായപെട്ടെന്നുള്ള പ്രതിഭാസങ്ങൾ തമ്പുരാനിൽഭാവമാറ്റങ്ങളുണ്ടാക്കി. കാൽനടയായി തമ്പുരാൻ ക്ഷേത്രത്തിലെത്തിയ സമയംദേവന്റെ ഉറഞ്ഞാട്ടമായിരുന്നു.

ദേവന്റെ പ്രഭാവം നേരിട്ടുകാണാനിടയായ തമ്പുരാന് ചെയ്തുപോയ പ്രവർത്തനങ്ങളിൽ കുണ്ഠിതം തോന്നിയെങ്കിലും തിരിച്ചുപോരാനൊരുങ്ങി പല്ലക്കിലേറിയപ്പോൾ കരുത്തന്മാരായ ഭാരോദ്വാഹകർ കിണഞ്ഞു ശ്രമിച്ചിട്ടും പല്ലക്കുയർത്താൻ കഴിഞ്ഞില്ല തൽസമയം തന്നെ ക്ഷേത്രസാന്നിധ്യത്തിൽപശ്നചിന്തചെയ്ത് അന്നുവരെ നടന്നു വരുന്ന ഒരു ദിവസത്തെ കളിയാട്ടം മൂന്നുദിവസത്തെ കളിയാട്ടമായി നടത്താനും അതിന്നു വേണ്ടതായ ഭൂസ്വത്തുക്കളും ദ്രവ്യങ്ങളുംക്ഷേത്രശകുടുംബങ്ങൾക്ക് കോവിലകത്ത് നിന്നു ചാർത്തി കൊടുക്കാനും കൽപ്പിച്ച്പരിഹാരം കാണുകയും ചെയ്തു.

ക്ഷേത്രനടയിൽ കൈകൾ കൂപ്പി പ്രാർത്ഥിച്ചു ദോഷനിവർത്തി വരുത്തി. മടയിൽ ചാമുണ്ഡിയാൽ നിഗ്രഹിക്കപ്പെട്ട നായന്മാരൂം പട്ടരും ദൈവക്കോലങ്ങളായി മാറി. മൂന്നാം കളിയാട്ടത്തിൻ നാൾ പട്ടരും കിടാങ്ങളുമെന്ന പേരിൽ ഇപ്പോഴും കെട്ടിയാടപ്പെടുകയുംചെയ്യുന്നു. പല്ലക്ക് ഇറക്കിവെച്ച സ്ഥലത്ത്ശിലാനിർമ്മിതമായ പല്ലക്ക് പ്രതിരൂപമായി.നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 


വേട്ടക്കൊരുമകനെ കൂടാതെ  വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, കുടകിൽ നിന്നും കുടക്കത്ത് ഭഗവതിയുടെ കൂടെ എഴുന്നള്ളിയ പള്ളക്കീൽ ചാമുണ്ഡി, തൂവക്കാരൻ, പള്ളിക്കരിവേടൻ, ചാമക്കാവിൽ നിന്നും എഴുന്നള്ളിയ കാവിൽ തെയ്യം, പഞ്ചുരുളി, പാരാളിയമ്മ, മടയിൽ ചാമുണ്ഡിയാൽ ദൈവക്കരുവായ പട്ടറും കിടാക്കാളും , കാരണവർ എന്നീ ദേവതകൾക്ക് കൊട്ടണച്ചേരിയിൽ സ്ഥാനമുണ്ട്. കൊട്ടണച്ചേരിയിൽ ദേവന്റെ ഇഷ്ട വഴിപാട് വെടിവഴിപാട് ആണ്. അതുകൊണ്ട് തന്നെ   വെടിക്കെട്ട് വഴിപാടായി നടത്തുന്ന ഉത്തരകേരളത്തിലെ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടണച്ചേരി.  കൂടാതെ നിത്യവും സൂര്യോദയത്തിനും അസ്തമയത്തിനും കതിന മുഴക്കുന്ന ക്ഷേത്രമാണ് കൊട്ടണച്ചേരി.             

– കതിന 2010 ( സ്മരണിക KKD ദേവസ്വം )