പുത്തൂർ നാറോത്തുംചാൽ മുണ്ട്യക്കാവ് ചരിത്രം – Amazing Puthur Narothumchal Mundyakavu History
പുത്തൂർ നാറോത്തുംചാൽ മുണ്ട്യക്കാവ്
Amazing Puthur Narothumchal Mundyakavu History:- പുത്തൂർ ദേശത്തേക്ക് അന്യ നാടുകളിൽ നിന്നും വിവാഹ ബന്ധത്തിലൂടെയും തൊഴിൽ തേടിയെത്തിയവരും ആയ ജനങ്ങൾ കർഷക തൊഴിലാളികളായി ജീവിത നിവർത്തി നടത്തി വന്നിരുന്ന കാലമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗം. അതിൽ ഏറ്റവും കൂടുതൽ തീയ സമുദായ കാരായിരുന്നു. നമ്മുടെ വടക്കേ മലബാറിൽ കള്ള് ചെത്തു തൊഴിലായി സ്വീകരിച്ചവരെക്കാൾ കൃഷികാരും കർഷക തൊഴിലാളികളുമായിരുന്നു കൂടുതൽ.
ഒരു നാട്ടു പാരമ്പര്യം രൂപപ്പെടുമ്പോൾ ദൈവ സ്ഥാനങ്ങളും തെയ്യക്കാവുകളും അതിന്റെ പരിപാലകരും ഊരായ്മയും തന്ത്രികളും അനുഷ്ടാന കർമങ്ങൾ നിവഹിക്കാൻ അതത് സമുദായ അംഗങ്ങളെയും ചുമതല പെടുത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ദേവാലയങ്ങളിൽ തന്ത്രി, ശാന്തിക്കാർ, കഴകം, വാദ്യം, അടിച്ചു തളി, മാറ്റ് ഇവയ്ക്കായി ഓരോ കുടുംബങ്ങളെ ഏൽപ്പിച്ചു കൊടുത്തു.
നാട്ടിൽ ഇല്ലാത്ത സമുദായക്കാരെ വേറെ നാടുകളിൽ നിന്നും കുടുംബസമേതം കൊണ്ട് വന്നു പാർപ്പിച്ചു. അങ്ങിനെയാണ് ഇല്ലങ്ങളും വാര്യൻ മഠങ്ങളും, നമ്പീശൻ മഠങ്ങളും മാരാർ ഭവനങ്ങളും വെളുത്തേടൻ വീടുകളും അമ്പല പരിസരങ്ങളിൽ ഉണ്ടായതു. ഊരായ്മകാരും സാമാന്തന്മാരും ഒക്കെ ഇതിനു ചുറ്റുമായി താമസമുറപ്പിച്ചു.
ഭൂതാലയങ്ങൾ എന്നറിയപ്പെടുന്ന തെയ്യ കാവുകളിലും അറകളിലും തറവാടുകളിലും അവിടുത്തെ അനുഷ്ടാന കർമങ്ങൾക്കായി കലശകാരൻ, തെയ്യം കെട്ടി ഇറങ്ങേണ്ട കാണലാടിമാർ പെരുമലയൻ മാർ, മണക്കാടൻ മാർ എന്നിവരെ ചെറു ജൻമ്മാവകാശം (ദേശതിർത്തികൾക്കുള്ളിൽ തങ്ങളുടെ അനുഷ്ടാന കർമം നിർവഹിയ്ക്കാനുള്ള അവകാശം ) നൽകി ഏല്പിച്ചു. പാരമ്പര്യമായി തങ്ങളുടെ കർമങ്ങൾ നൂറ്റാണ്ടുകളായി എല്ലാവരും നിർവഹിച്ചു പോരുന്നു
പുത്തൂർ ദേശത്തു എത്തിച്ചേർന്ന തീയസമുദായക്കാർ കൂടുതലും കൊഴുമ്മൽ വെള്ളൂർ കുണിയൻ പ്രദേശങ്ങളിൽ ഉള്ളവരായിരുന്നു. വടക്കേ മലബാറിൽ ഓരോ സമുദായ ഗൃഹവും ഒരു മുണ്ട്യകാവുമായോ അറകളുമായോ ബന്ധപ്പെട്ടിരിക്കും അതിനു മുകളിലായി കൃത്യമായ ദേശാടിസ്ഥാനത്തിൽ കഴകങ്ങൾ ഉണ്ട്. പല പ്രേദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന കാരണം പുത്തൂരിലെ തീയ സമുദായകാർ ആദ്യം കൊഴുമ്മൽ മാക്കീൽ മുണ്ട്യകാവൂമായാണ് ബന്ധപെട്ടതു. കൂടെ തങ്ങളുടേതായ തറവാടുകളുമായും ബന്ധപെട്ടു ദൈവിക കാര്യങ്ങൾ നിവർത്തിച്ചു വന്നു.
പുത്തൂർ നാട്ടിൽ പടിഞ്ഞാറെ കരയിൽ കൂടുതൽ അംഗങ്ങൾ ഉള്ള സമുദായമായി ഈ സമൂഹം മാറി. അപ്പോൾ തങ്ങൾക്കു സ്വന്തമായി നാട്ടിൽ തന്നെ ഒരു സ്ഥാനം വേണമെന്ന ആശയം ഉടലെടുത്തു. ആദ്യം വണ്ണാരത്തുള്ള ഒരു കാഞ്ഞിരമരത്തിനു കീഴെ വിഷ്ണു മൂർത്തിയെ കെട്ടി ആടിച്ചു. പിന്നീട് അനുയോജ്യമായ സ്ഥലത്തിന് വേണ്ടി ആ തല മുറ അന്വേഷണം തുടങ്ങി. അങ്ങിനെയാണ് ഇപ്പോൾ ഉള്ള സ്ഥാനത്തു നാറോത്തുംചാൽ മുണ്ട്യക്കാവ് ഉയർന്നു വന്നത്
മുൻപ് സൂചിപ്പിച്ച പോലെ ഈ ദേശത്തു പല ഭാഗങ്ങളിലും, മുൻപ് ഇവിടെ നിവസിച്ചു അജ്ഞാത കാരണങ്ങളാൽ വേറെ ദേശങ്ങളിലേക്ക് പോയവർ ബാക്കിയാക്കിയ ക്ഷേത്രങ്ങളുടെയും കോട്ടങ്ങളുടെയും അവശിഷ്ടങ്ങൾ കാണാം. നാറോത്തുംചാൽ മുണ്ട്യ നിർമ്മിക്കപ്പെട്ട സ്ഥലത്തും ദേവാലയ ശേഷിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. യാഗ യജ്ഞങ്ങൾ പോലും നടന്നിരിക്കാൻ സാധ്യത ഉള്ള ദേശമാണ് പുത്തൂർ.
ഋഷി മാർ ഉപാസിച്ച ദേവതാ സ്ഥാനങ്ങളുടെ ശേഷിപ്പുകൾ ആകാം. മുണ്ട്യ നിർമ്മിക്കപ്പെട്ട ഭാഗത്തിന്റെ പടിഞ്ഞാറു വശത്തു ഒരു വലിയ എരിഞ്ഞി മരം തറ കെട്ടി സംരക്ഷിച്ചതായി കാണാം. വള്ളി പടർപ്പുകൾ നിറഞ്ഞ ഈ മരത്തിനു കീഴിൽ എല്ലാ വർഷവും പൂജ നടത്തുന്നുണ്ട് എന്നാണറിവ്. ഒരു ശിവക്ഷേത്രത്തിന്റെ ഭാഗമായിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്. ശിവലിംഗം ഈ ഭാഗത്തു നിന്നും കിട്ടി എന്നും മുൻ തലമുറ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും ഈ മരവും തറയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
നീലേശ്വരം കോട്ടപ്പുറത്തു തന്റെ ഭക്തനായ പാലന്തായി കണ്ണൻ എന്ന കാലിയ കിടാത്തന്റെ കൂടെ ചുരികയിൽ കയ്യെടുത്തു വന്ന ദൈവമാണ് ലോക നാഥനായ വിഷ്ണു മൂർത്തി. കുറുവാട്ട് കുറുപ്പ് എന്ന് പേരുള്ള ദേശ പ്രമാണി കോട്ടപ്പുറം ദേശത്തു പ്രതാപത്തോടെ വാഴുന്ന കാലം. ആ ദേശത്തു പാലന്തായി കണ്ണൻ എന്ന് പേരുള്ള ഒരു കാലിയ ചെറുക്കൻ ഉണ്ടായിരുന്നു. ഒരു ദിവസം കാലികളെ മേയാൻ വിട്ടു അടുത്തുള്ള ഒരു മാവിൽ കയറി ഇരുന്നു പഴുത്ത മാങ്ങ ആസ്വദിച്ചു കഴിച്ച ശേഷം മാങ്ങാ അണ്ടി വലിച്ചെറിഞ്ഞത് കുളികഴിഞ്ഞു മടങ്ങി വരുന്ന കുറുവാടന്റെ മരുമകളുടെ ദേഹത്തു വീണു.
ദേഷ്യത്തോടെ അവൾ പോയപ്പോൾ പാവം കണ്ണൻ പേടിച്ചു നാട്ടിൽ നിന്നും ഓടിപ്പോയി.. അക്കാലത്തു കൊല്ലിനും കൊലയ്ക്കും മടിക്കാത്ത ആളായിരുന്നു കുറുവാട്ട് കുറുപ്പ്. നാട്ടിൽ നിന്നും ഓടി ദേശങ്ങൾ കടന്നു കണ്ണൻ മംഗലാപുരത്തിനടുത്തുള്ള കോയിൽ പാടിയിൽ എത്തി. അവിടെ കണ്ട തറവാട്ടിൽ ചെന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ തറവാട്ടിലെ കാര്യങ്ങൾ ചെയ്തു അവിടെ തന്നെ ജീവിക്കാൻ തറവാട്ടമ്മ അനുവദിച്ചു.. പുത്രനിർവിശേഷമായ വാത്സല്യത്തോടെ അവർ അവനു വേണ്ടതെല്ലാം ചെയ്തു.
തറവാട്ടിനടുത്തുള്ള നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിത്യേന വിളക്ക് വെച്ചു കണ്ണൻ പ്രാർത്ഥിക്കും. അങ്ങിനെ കുറെയേറെ കാലം കഴിഞ്ഞപ്പോൾ തന്റെ ദേശം കാണാൻ കണ്ണന് മോഹം ഉണ്ടായി. തറവാട്ടമ്മയോട് താൻ നാട്ടിൽ പ്പോയി തിരിച്ചു വരാൻ അനുവദിക്കണം എന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അനുവദിച്ചു. പോകുമ്പോൾ നരസിംഹ മൂർത്തിയുടെ പള്ളിയറയിൽ സൂക്ഷിച്ച ചുരിക (ഇരു ഭാഗത്തും മൂർച്ചയുള്ള ആയുധം ) എടുത്തോളൂ. ഭഗവാൻ രക്ഷിക്കട്ടെ എന്ന് പറഞ്ഞു കണ്ണനെ യാത്രയാക്കി.
മാറാപ്പിൽ ചുരികയും വച്ചു ജന്മ നാടു കാണാനുള്ള ഉത്സാഹത്തോടെ കണ്ണൻ തെക്കോട്ടു നടന്നു. ഒരു ഉച്ച സമയം ജന്മ നാട്ടിലെത്തിയ കണ്ണൻ കുളത്തിൽ കുളിച്ചു തന്റെ കുടിലേക്കു പോകാം എന്ന് കരുതി ചുരിക വെച്ച മാറാപ്പു കുള കരയിൽ വെച്ചു കുളത്തിൽ ഇറങ്ങി തന്റെ നാടിന്റെ കുളി രിലേക്ക് മുങ്ങി നിവർന്നു. ഇതു കണ്ട ആരോ കുറുവാടന്റെ അടുത്ത് വിവരം എത്തിച്ചു. കലമേറെ കഴിഞ്ഞിട്ടും പ്രതികാരം അടങ്ങാത്ത കുറുവാടൻ വാളുമായെത്തി കണ്ണന്റെ തലയരിഞ്ഞു. ജന്മ നാടിന്റെ കുളിരിലേക്ക് തന്റെ ചുടു നിണം അർപ്പിച്ചു കണ്ണൻ ഇല്ലാതായി. അപ്പോഴേക്കും മാറാപ്പിലെ ചുരിക അനങ്ങാൻ തുടങ്ങി.
സംഹാര മൂർത്തിയായി വിഷ്ണു മൂർത്തി കുറുവാടന്റെ കുലം മുടിക്കാൻ എത്തി. സാഷ്ടാഗം വീണു മാപ്പ് അപേക്ഷിച്ച കുറുവാടനോട് പാലന്തായി കണ്ണനെയും, ഹിരണ്യ കശിപുവിനെ വധിച്ചു പ്രഹ്ലാതനെ രക്ഷിച്ച പാതി സിംഹവും പാതി മനുഷ്യ രൂപവുമായ വിഷ്ണു മൂർത്തി സങ്കല്പത്തിൽ ഭഗവാനെയും കോട്ടപ്പുറത്തു വൈകുണ്ഡപുരം ഉണ്ടാക്കി കാവോരുക്കി പൂജിയ്ക്കാൻ അരുളി ചെയ്തു. അതിനു ശേഷമാണ് വിഷ്ണു മൂർത്തിപരദേവത എല്ലാ നാട്ടിലും എല്ലാ തറവാട്ടിലും സാന്നിദ്യം അരുളിയത്
വിഷ്ണു മൂർത്തി ചങ്ങാതി എന്ന് വിളിയ്ക്കുന്ന രക്ത ചാമുണ്ഡി എല്ലാ മുണ്ട്യ കാവുകളിലും കൂടെ ഉണ്ടാകും. ശുംഭ നിശുഭൻ എന്ന എന്ന രക്ഷസന്മാരെയും ചണ്ഡ മുൺഡൻ മാരെയും നിഗ്രഹിക്കാൻ മഹാ കാളിയായി ആദി പരാശക്തി അവതാരമെടുത്തപ്പോൾ യുദ്ധ മുഖത്തു രക്ത ഭീജൻ എന്ന അസുരനു മായി ഏറ്റു മുട്ടിയപ്പോൾ വധിക്കാൻ ആകാതെ കുഴങ്ങി. താഴെ വീഴുന്ന ഓരോ തുള്ളി രക്തത്തിൽ നിന്നും ഓരോ അസുരൻ പുനർ ജനിച്ചു. വരസിദ്ധി നേടിയ അസുരനെ വധിക്കാനാകാത്തപ്പോൾ കോപിതയായ മഹാ കാളിയുടെ കനൽ കണ്ണിൽ നിന്നും പിറന്ന ഉഗ്ര സ്വരൂപീണിയായ രക്ത ചാമുണ്ഡി പിറന്നു. ഒരു തുള്ളി രക്തം നിലത്തു വീഴാതെ ഭൂതല മെങ്ങും പരത്തിയ നാവിൽ എടുത്തു അസുരനെ വധിച്ചു.
Puthur Narothumchal Mundyakavu
മുണ്ട്യകാവിൽ കന്നി മൂലയ്ക്കായി പുറം കാലൻ എന്നറിയപ്പെടുന്ന ഗുളികന്റെ സ്ഥാനമാണ്. മഹാ ദേവന്റെ പുറം കാലിലെ പെരുവിരലിൽ നിന്നും ഉത്ഭവിച്ച മൂർത്തിയാണ് ഗുളികൻ. ശൈവംശമായ ദേവൻ ത്രിശൂലവും ഏന്തി സദാ സഞ്ചരിക്കുന്ന ദൈവമായാണ് സങ്കൽപം..
പുത്തൂരിൽ പടിഞ്ഞാറെ കരയിൽ കാനം പ്രദേശത്തു നിന്നും ഒഴുകി വരുന്ന നാറോത്തും ചാലിന്റെ കരയിൽ നാറോത്തും ചാൽ മുണ്ട്യ ഉണ്ടായി. നെല്യേരി ഇല്ലക്കാർ ആണ് തന്ത്രി മാർ. കൊല്ലത്തിലും കളിയാട്ട സമയത്തു വിഷ്ണു മൂർത്തിയുടെ സാന്നിധ്യത്തിൽ ഒരു വർഷത്തെ നടത്തിപപ്പുകാരായി രണ്ടു പേരെ കൂട്വായകാരായി നിയമിക്കുന്നു.. ഒരു വർഷത്തെ നടത്തിപ്പ് ഇവരുടെ ചുമതലയാണ്.. എല്ലാ ദിവസവും അന്തി വിളക്ക് തെളിക്കാനായും തെയ്യ സമയത്തു അകത്തെ കർമങ്ങൾ ചെയ്യാനും അന്തിതിരിയൻ ഉണ്ടാകും. ഒരു സമുദായി യും നിശ്ചയിക്കും… സമുദായത്തിലെ മൂത്ത കാരണവരെ അച്ഛൻ ആയി നിശ്ചയിക്കും. ഇവിടെ മാത്രമല്ല നാട്ടിലെ എല്ലാ ദൈവ സ്ഥാനത്തും ദൈവങ്ങളെ ആനയിക്കാൻ കലശക്കാരൻ വേണം
മുണ്ട്യകാവിലെ തെയ്യവും അനുബന്ധമായി നടക്കുന്ന കലാപരിപാടികളും പുത്തൂർ കാരുടെ എല്ലാം ഗൃഹാതുര സ്മരണയാണ്. എന്റെ ചെറുപ്പത്തിലേ അനുഭവങ്ങൾ കുറെയേറെ ഉണ്ട്. എഴുതാൻ ശ്രമിക്കാം. പിന്നെ ഞാൻ എഴുതിയത് കേട്ടറിവിന്റെ അടിസ്ഥാനത്തിൽ ആണ് തെറ്റുകൾ കണ്ടേക്കാം. തിരുത്താൻ അപേക്ഷ. ( മേലേരിയെ കുറിച്ച് എഴുതിയതിൽ മുരിക്ക് ഉപയോഗിക്കാറില്ല എന്ന കാര്യം ഒരാൾ അറിയിച്ചു നന്ദി ) അനുഭവങ്ങളും പുരാ വൃത്താങ്ങളുമായി ഈ പ്രയാണം തുടരും. നന്ദി
Courtesy: Jayanarayan KP
You May Also Like