നീലിയാർ ഭഗവതി – Neeliyar Bhagavathi Theyyam Unbelievable History in Malayalam

Neeliyar Bhagavathi Theyyam

നീലിയാർ ഭഗവതി

Neeliyar Bhagavathi Theyyam History in Malayalam:- നീലി – കൊട്ടിയൂർ കാട്ടിലെ നീലി – പ്രകൃതിയേയും അക്ഷരങ്ങളെയും സ്നേഹിച്ച സുന്ദരിപെണ്ണ്. അധസ്ഥിതയായതിനാൽ ഗുരുമുഖത്ത് നിന്നല്ലാതെ പുരാണങ്ങളും ശാസ്ത്രങ്ങളും ഒക്കെ പഠിച്ചഅടിയാത്തിപെണ്ണ്. നീലി കൊട്ടിയൂർ മലഞ്ചെരിവിലൂടെ പുരാണകഥകൾ പാടി നടന്നു. നാടുവാഴിയുടെ കിങ്കരന്മാർക്ക് അതിഷ്ടപെട്ടില്ല. ജാതിയിൽ താണവളായ ഒരു പെണ്ണ് പുരാണങ്ങളും വേദങ്ങളും ഇതിഹാസങ്ങളുംഒക്കെ പഠിക്കുകയോ. അവർക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. അവർ അവൾക്കെതിരെഅപവാദകഥകൾ മെനഞ്ഞ് കൊട്ടിയൂർ മണതണയിൽ അവളെ വകവരുത്തി.

രാത്രി കൊട്ടിയൂർ വനാന്തരങ്ങളിൽ അവർ ഒരു പെണ്ണിന്റെ പാട്ടുകേട്ടു . വെള്ള സാരിയുടുത്ത ആ പെണ്ണിനെ പലരും രാത്രി കണ്ട്പേടിച്ചു. അതെ നീലി യക്ഷിയായി. കൊട്ടിയൂർ അരുവിക്കരയിലെ പാലമരചോട്ടിലും കണ്ടു അവളെ പലരും രാത്രിയിൽ. നദിയിൽ കുളിക്കാൻ വരുന്നവർക്കെതിരെ അവൾ എണ്ണയും താളിയും നീട്ടും. അത് വാങ്ങിയവരെ അവൾ കഴുത്ത് കടിച്ച് ചോര കുടിക്കും. കൊട്ടിയൂർനാട് വിറച്ചു. ഒരു മന്ത്രവാദിക്കും തളയ്ക്കാൻകഴിഞ്ഞില്ല അവളെ.

അങ്ങിനെയിരിക്കെ ഒരുദിവസം കൊട്ടിയൂരപ്പനെ തൊഴാൻ വന്ന കാളകാട്ട് തന്ത്രി നദിയിൽ കുളിക്കാനെത്തി. ദണ്ഡും കുടയും കരയിൽ വെച്ച് കുളിക്കാനിറങ്ങവെനീലി തന്ത്രിക്ക് നേരെ എണ്ണയും താളിയും നീട്ടി. എന്റെ അമ്മ തന്ന അമൃതാണിതെന്ന് പറഞ്ഞുകൊണ്ട് തന്ത്രി ആ എണ്ണയും താളിയും കുടിച്ചു. മന്ത്ര തന്ത്രങ്ങൾ ഉരുക്കഴിക്കുന്ന മഹാ പണ്ഡിതനായ കാളകാട്ട് തന്ത്രിയുടെ നാക്കിൽ നിന്നും അമ്മ എന്ന വാക്ക് ഉതിർന്ന് വീണപ്പോൾ അവൾ തന്ത്രിയെ കൊന്നില്ല . നാട് വിറപ്പിച്ച ആ യക്ഷി അമ്മയായി – നീലിയാറമ്മ – ദേവിയായി – പ്രകൃതീശ്വരിയായി.

ഞാനും വരുന്നു കൂടെ എന്ന് പറഞ്ഞ് കൊണ്ട് അവൾ കാളകാട്ടിന്റെ കൂടെ പടിഞ്ഞാറോട്ട് യാത്രയായി. അവർ നടന്ന് വളപട്ടണംപുഴ കടന്ന് മാങ്ങാട്ട് പറമ്പിലെത്തി.വിസ്തൃതമായ ഒര്കാവ്. കാട്ട് വള്ളികൾ ഇഴപിരിഞ്ഞാടുന്ന വള്ളികെട്ട്. വിവിധ കാട്ട്മരങ്ങൾ തണൽവിരിച്ച – കാട്ടിലെ നരിയും നാട്ടിലെ പശുവും ഒന്നിച്ച് മേയുന്ന കാട്. ആ മനോഹരമായ കാവിൽ വസിക്കാൻ നീലിക്ക് മോഹം. നീലിയുടെ ആഗ്രഹം മനസ്സിലാക്കിയ കാള കാട്ട് തന്ത്രി നീലിയെ ആ കാവിലെ ഒരുമരത്തിൽ ആണിയടിച്ച് പ്രതിഷ്ഠിച്ചു. അങ്ങിനെ ദേവി നീലിയാർ ഭഗവതിയായി – കോട്ടത്തമ്മയായി.

നീലിയാർ കാവിലെ ഓരോ മരങ്ങളിലും ഉണ്ട് ഈ ദേവിയുടെ ദിവ്യ സാന്നിദ്ധ്യം. അത്കൊണ്ട് തന്നെ പ്രകൃതീശ്വരിയായ അമ്മയുടെ നീലിയാർ കോട്ടത്തെ മരക്കൊമ്പുകൾ ഒടിക്കുന്നത്പോലും ദേവിയുടെ കോപം ക്ഷണിച്ച് വരുത്തും എന്നാണ് വിശ്വാസം. സാക്ഷാൽ ഭദ്രകാളി ആണ് നീലിയാർ ഭഗവതി എന്ന് തെയ്യത്തിന്റെ വാചാലിൽനിന്നും മനസ്സിലാക്കാം. ” എന്നെ പല സ്ഥലത്തും കാണും വളപട്ടണം കടവ് കഴിഞ്ഞാൽ കളരിയാൽ ഭഗവതിയായ് ഇക്കരെ വന്നാൽ മാടായിക്കാവ് തിരുവർക്കാട്ട് ഭഗവതിയായി ഇവിടെ കോലം തികഞ്ഞ മാതാവായിട്ട് ഭൂലോകം മേൽലോകം കീഴ്‌ലോകം അങ്ങിനെ 14 ലോകത്തും നിറഞ്ഞിരി ക്കുന്ന വസ്തുവാണ് ഞാൻ സർവചരാചര നാഥ , പ്രകൃതീശ്വരി. ദാരിക വധം കഴിഞ്ഞിരിക്കുന്ന സമയം രാവുമല്ല പകലുമല്ല അതാണീ അന്തി പകലീശ്വരി എന്റെ രൂപം നിങ്ങൾക്ക് പലയിടത്തും കണാം ചെമ്പടിച്ച ശ്രീകോവിലിലും ഓടിട്ട മാടത്തിലും പ്രൗഢിയിലും കണാം മറക്കുമോ ഈ കാട്. എന്നാൽ നിങ്ങൾക്കും നന്ന്………..”

19 ഏക്കറോളം വിസ്തൃതമായ നീലിയാർ കോട്ടത്ത് മറ്റ് കാവുകളിലെ പോലെ ശ്രീകോവിലോ നാലമ്പലമോ ഇല്ല. കാവ് തന്നെ ദേവിയുടെ ശ്രീകോവിൽ. പ്രകൃതി ഒരുക്കിയ മനോഹരമായ ഒരിടംവിവിധ കാട്ടുമരങ്ങളും സസ്യ ലതാതികളുംഔഷധ സസ്യങ്ങളൂം ഇടതൂർന്ന് വളർന്ന് നിൽക്കുന്ന കാവിൽ വിവിധ പക്ഷികളുടെ കളകൂജനം എല്ലായ്പ്പോഴും കേൾക്കാം. ഭക്ത ജനങ്ങൾക്ക് കാവിലൂടെ സഞ്ചരിക്കാൻ ചവുട്ടി തയഞ്ഞ ഊടുവഴികൾ മാത്രം. ഈ കാവിൽ നീലിയാർ ഭാഗവിതിയുടെ തെയ്യംമാത്രമേയുള്ളു. അത് കൊണ്ട് തന്നെ ഈ തെയ്യത്തെ ഒറ്റത്തിറ എന്നും പറയുന്നു.

Neeliyar Bhagavathi Theyyam Temple and Festival Timings

കോലത്തുനാട്ടിൽ ഇടവത്തിൽ കളിയാട്ടംകഴിഞ്ഞാൽ പിന്നെ തുലാവം 10 മുതലാണ്കളിയാട്ടം ആരംഭിക്കുക. എന്നാൽ ഇവിടെ അത് ബാധകാമല്ല. ഇവിടെ എല്ലാ സംക്രമത്തിനും തെയ്യമുണ്ട്. കൂടാതെ ഭക്തരുടെ പ്രാർത്ഥന അനുസരിച്ച് മിക്ക ദിവസങ്ങളിലും കളിയാട്ടമുണ്ട്. എന്നാൽ കർക്കിടകം 2 മുതൽ 16 വരെ ഇവിടെ തെയ്യം ഉണ്ടായിരിക്കുകയില്ല. ആ ദിവസങ്ങളിൽ നീലിയാർ ഭഗവതിയുടെ ആരൂഢ സ്ഥലമായ മണതണയിൽ കളിയാട്ടം നടക്കുന്നത് കൊണ്ടാണിത്.

തിരിയോലകൊണ്ട് അരുകെട്ടിയ വെളുപ്പുംചുവപ്പും വരകളുള്ള വർണതുണികളും അണിയലുകളും കെട്ടിയ 20 അടിയോളംനീളമുള്ള തിരുമുടിയും വിതാന തറയുമണിഞ്ഞ് സന്ധ്യക്ക് പുറപ്പെടുന്ന തെയ്യത്തിന് ഒരു വീക്ക് ചെണ്ടയും ചേങ്ങിലയും മാത്രമേ വാദ്യമായുണ്ടാകൂ. പുറപ്പെട്ട് അര മണിക്കൂറിനുള്ളിൽ ഈ തെയ്യം മുടി അഴിക്കും. സന്താന ഭാഗ്യത്തിനുംസൗഭാഗ്യത്തിനും വേണ്ടി ഭക്തർ ഈകോലത്തെ കെട്ടിയടിക്കുന്നു. കാരക്കാട്ടിടം നായനാന്മാർ ആചാരം കൊടുക്കുന്ന പെരുവണ്ണാന്മാരാണ് ഈ തെയ്യം കെട്ടേണ്ടത്. നീലിയാർ കോട്ടത്തിന്പുറമെ ചെറുകുന്ന് എരിഞ്ഞിക്കൽ മതമംഗലം എന്നിവിടങ്ങളിലും ഈ തെയ്യമുണ്ട്.

ടി.ടി.ലക്ഷ്മണൻ കുഞ്ഞിമംഗലം

You May Also Like

പൊട്ടൻ തെയ്യം ഐതിഹ്യം

കതിവനൂർ വീരൻ തെയ്യം ഐതിഹ്യം

കരിംചാമുണ്ഡി തെയ്യം ഐതിഹ്യം

പൂരമേളവും പൂരത്തിന്റെ ഓർമകളും