Beautiful Panchuruli Theyyam – പഞ്ചുരുളി

 

Panchuruli Theyyam – പഞ്ചുരുളി

Panchuruli Theyyam - പഞ്ചുരുളി
Panchuruli Theyyam – പഞ്ചുരുളി
 
പഞ്ചുരുളി
 

About Panchuruli Theyyam story in malayalam

 
വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി.  പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി.
 
  തുളു ഭാഷയില്‍ പഞ്ചി പന്നിയാണ്. പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ!.  വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി പന്നി (“പഞ്ചി“) രൂപമെടുത്ത കാളിയാണ്‌. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല്‍ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട്. 
 
കോലക്കാരനായ മലയൻ 41 നാളത്തെ കഠിനവ്രതം അനുഷ്ടിക്കണം എന്നാണ് വിധി . വിശ്വാസമനുസരിച്ചു മരത്തിൽ തുടങ്ങി മരത്തിൽ തീരുന്ന തെയ്യമാണത്രെ പഞ്ചുരുളി. അതനുസരിച്ചു അരയാൽ മരച്ചോട്ടിൽ എത്തുന്ന കോലക്കാരൻ അവിടെ വെച്ച ഒരു കത്തിയും മാലയും സ്വീകരിക്കും.
 
ദർശനം വന്നാൽ ആട്ടക്കാവിലേക്കു കുതിക്കും അവിടെയാണ് തോറ്റവും തുടർന്ന് തെയ്യവും ഉറഞ്ഞാടുക.
അസുരനിഗ്രഹത്തിനായി അവതരിച്ച ഈ വരാഹി ദേവി ഭക്തന്മാർക്ക് കൺകണ്ട ദേവിയാണ്. വട്ടത്തിലുള്ള പുറത്തട്ടു മുടിയിൽ അസുരശിരസ്സുകൾ എന്ന മട്ടിൽ അനേകം തട്ട് ചൊറകൾ ഉണ്ടാകും . ഉഗ്രസ്വരൂപിണിക്കു ഉതകും മട്ടിലുള്ള അനേകം ഉദ്ധനൃത്ത വിധങ്ങളാണ് ദേവി നടത്തുക
 
ഈ മൂര്‍ത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്. ശാന്ത രൂപത്തില്‍ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ്‌ ചെയ്യുക.  നൃത്തത്തിന്റെ മൂര്ദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും.  ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും. 
 
മലയന്‍, വേലന്‍, മാവിലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം  കെട്ടുന്നത്.  ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്‌.  രുദ്ര മിനുക്ക്‌ എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക. 
 
ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ. വിഷ്ണുമൂര്‍ത്തിയാകട്ടെ പാതി ഉടല്‍ മനുഷ്യന്റെതും പാതി സിംഹത്തിന്റെതുമാണ്. (നരഹരി തെയ്യമായ നരസിംഹ രൂപം). ബാലിക്കും, 
 
പുലിദൈവങ്ങള്‍ക്കും, വിഷ്ണുമൂര്‍ത്തിക്കും തണ്ടവാല്‍ എന്ന വിശേഷ ചമയം കാണാവുന്നതാണ്. വാലുള്ള മൃഗം എന്ന സങ്കല്‍പ്പമാണിത്. ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്. ഇവരുടെ മുഖത്തെഴുത്തും അതതു മൃഗത്തിന്റെ ഭാവഹാവാദികള്‍ ഉള്‍ചേര്‍ന്നതാണ്. 
 
ഫോട്ടോ : വിഷ്ണു സുരേന്ദ്രൻ