ഒതേനന്റെ ഉടവാൾ പൂജിക്കുന്ന പണച്ചിറമ്മൽ കളരി – Panachirammal Kalari History In Malayalam

Panachirammal Kalari History In Malayalam

panachirammal kalari

പാണൻ ഉടുക്ക് കൊട്ടി പാടി നടന്ന പാണവയൽക്കരയിൽ കോലത്ത് നാട്ടിലെ പുകഴ്പെറ്റ ഒരു കളരിയുണ്ട്. പണച്ചിറമ്മൽ കളരി – 18 കളരികളിൽ പുകഴ്പെറ്റ രണ്ടാമത്തെ കളരി. ഈ 18 കളരികളിൽ 6 കളരികൾ കുഞ്ഞിമംഗലത്ത് ആയിരുന്നു – പാണചിറമ്മൽ കളരി, എടാട്ട് കളരി, കല്ലന്താറ്റിൽ കളരി, അരയമ്പത്ത് കളരി , മാട്ടുമ്മൽ കളരി, മുതുവടത്ത് കളരി . പാണച്ചിറമ്മൽ കളരിയിൽ നിന്ന് കാരി ഗുരുക്കൾ ആയോധന വിദ്യകൾ പഠിച്ചിരുന്നു എന്ന് പറയ പ്പെടുന്നു. എയ്ത്തും പൊയ്ത്തും പഠിപ്പിച്ചിരുന്ന പണച്ചിറമ്മൽ കളരിക്ക്‌ പ്രസിദ്ധനായ ഒരു ഗുരുക്കൾ ഉണ്ടായിരുന്നു.

ചിരുകണ്ടൻ ഗുരുക്കൾ. വേദ ശാസ്ത്ര പുരാണങ്ങളും , മന്ത്ര തന്ത്രങ്ങളും അറിയുന്നപണ്ഡിതൻ, നാട്ടുവൈദ്യം , അസ്ഥിഭംഗ ചികിത്സാ വിധി, വിധൃത ഔഷധവും, മഞ്ഞപ്പിത്ത ചികിത്സാ വിധികളും, കുരുചികിത്സാ വിധികളും കരസ്ഥമാക്കിയകീർത്തിമാനായിരുന്നു ഈ ഗുരുക്കൾ. വടക്കൻ പാട്ടിലെ വീര നായകൻ തച്ചോളിഒതേനൻ തന്റെ വടക്കോട്ടുള്ള യാത്രയിൽപാണച്ചിറമ്മൽ കളരി അന്വേഷിച്ച് വരികയുംചിരുകണ്ടൻ ഗുരുക്കളുടെ കഴിവ് മനസ്സിലാക്കുകയും അദ്ദേഹത്തിൽ നിന്ന് ഉറുക്ക് മന്ത്രിച്ച് വാങ്ങുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.

ആയോധന വിദ്യയിലും പാണ്ഡിത്യത്തിലും അദ്ദേഹത്തിന്റെ കഴിവ്മനസ്സിലാക്കിയ ഒതേനൻ തന്റെ ഉടവാൾ ചിരുകണ്ടൻ ഗുരുക്കൾക്ക് സമ്മാനമായിനൽകുകയുണ്ടായി. ഈ ഉടവാൾ ഇന്നും പണച്ചിറമ്മൽ കളരിയിലെ ശ്രീലകത്ത് ഒരുപ്രതിഷ്ഠാ ബിംബം പോലെ പരിപാലിച്ച് വരുന്നു. കൂടാതെ ഒതേനൻ വഴി കളരിക്ക് വിശാലമായ ഭൂസ്വത്തുക്കൾ ജന്മമായി സിദ്ധിച്ചിരുന്നു എന്ന് പറയപ്പെടുന്നു.

പണചിറമ്മൽ കളരിയും മല്ലിയോട്ട് പാലോട്ട് കാവും

കുഞ്ഞിമംഗലം മല്ല്യോട്ട് പാലോട്ട് കാവുമായി ഈ കളരിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഒരുനാൾ ഭണ്ഡാരപ്പുര തറവാട്ട്കാരണവരായ ചെമ്മരൻ പണിക്കർ, പാണച്ചിറമ്മൽ ഗുരുക്കൾ, കുതിരുമ്മൽ നാലാപ്പാടി, കൊട്ടാരത്തിൽ കാരണവർ , മുറുക്കാൻ കെട്ടെടുത്ത് പേരൂൽ നേണിക്കം, എന്നിവർ അതിയടത്ത് പാലോട്ട്കാവിൽ വിഷു ഏഴാം വിളക്ക് കാണാൻ പോയി.പാലോട്ട് ദൈവത്തെ കണ്ട് മനം കുളിർത്ത ചെമ്മരൻപണിക്കരുടെ വെള്ളോലക്കുട ആധാരമായിപാലോട്ട് ദൈവം അവരുടെ കൂടെ പുറപ്പെട്ടുവത്രെ.

മടക്കയാത്രാ മദ്ധ്യേ അവർ പണച്ചിറമ്മൽ കളരിയിൽ വിശ്രമിച്ചു. പാണച്ചിറമ്മൽ തറവാട്ടിൽ നിന്ന് വിഭവ സമൃദ്ധമായ സദ്യയും കഴിച്ച് മല്ല്യോട്ടേക്ക് യാത്ര തുടർന്നു. വഴിയിൽ വെച്ച് ദാഹം തോന്നിയപ്പോൾ മുള്ളിക്കോടൻ മണിയാണിയുടെ ഭവനത്തിൽ കയറി സംഭാരം ചോദിച്ചു. എന്നാൽ മണിയാണിയുടെ ഭാര്യ ഒരുകിണ്ടി നിറയെപാലാണ് ചെമ്മരൻ പണിക്കർക്ക് നൽകിയത്. ചെമ്മരൻ പണിക്കർ തന്റെഭവനത്തിലെത്തി കൊട്ടിലയിൽ വെച്ച ആചാരകുട ഇളകിയാടാൻ തുടങ്ങി.

അതേസമയം മുള്ളിക്കോടന്റെ പടിഞ്ഞാറ്റയിലുംകണ്ടു അതിശയം. ഒഴിഞ്ഞ പാൽ കിണ്ടിയിൽ പാൽ നിറഞ്ഞ് നുരഞ്ഞ് പൊങ്ങുന്നു. പ്രശ്ന ചിന്തയിൽ പാലോട്ട് ദൈവം മല്ല്യോട്ട്എഴുന്നള്ളിയതായി കണ്ടു. വരും വഴി പാണച്ചിറമ്മൽ തറവാട്ടിൽ വിശ്രമിച്ചത് വഴിമല്ല്യോട്ട് പാലോട്ട് കാവുമായി പാണച്ചിറമ്മൽകളരിക്കും തറവാടിനും പ്രത്യേക ബന്ധമായി. പണ്ട്കാലത്ത് മല്ല്യോട്ട് പാലോട്ട് കാവ് ചീറുമ്പകാവായിരുന്നു. മല്ല്യോട്ട് നമ്പിയുടെഅഭാവത്തിൽ ഭണ്ഡാരപുര തറവാട്ട് കാരണവരായിരുന്നു നടത്തിപ്പ്.

അന്ന് ചീറുമ്പകാവിലെ പൂജാദി കർമ്മങ്ങൾ നിർവ്വഹിച്ചിരുന്നത് പാണച്ചിറമ്മൽ തറവാട്ട്കാരായിരുന്നു. പിൽക്കാലത്ത് വിവാഹ ബന്ധം വഴിയാണ് ചീറുമ്പയുടെ പൂജാദി കർമ്മങ്ങളുടെ അവകാശം പുതിയ പുരയിൽതറവാടിന് സിദ്ധിച്ചത് എന്ന് പറയപ്പെടുന്നു. മല്ല്യോട്ട് പാലോട്ട് കാവിൽ വിഷുവിളക്കിന് പാലോട്ട് ദൈവത്തിന്റെ ചരിതങ്ങൾ പാട്ടൂട്ടിൽ നിന്നും തെയ്യം പുറപ്പെടുമ്പോൾഎഴുന്നെള്ളത്തിന്റെ കൂടെയും പാടേണ്ടത് പാണച്ചിറമ്മൽ തറവാട്ടുകാരാണ്.

കൂടാതെ തിരുവോണത്തിന് ശ്രീകോവിലിൽ കയറിചിറ്റാട ചർത്തേണ്ടതും പാണച്ചിറമ്മൽ ഗുരുക്കളാണ്. ഇങ്ങനെ മല്ല്യോട്ട് പാലോട്ട്കാവുമായി ഒരുപാട് ആചാര ബന്ധമുണ്ട് പണച്ചിറമ്മൽ കളരിക്ക്‌. ഒന്നൂറെ നാൽപ്പത് തെയ്യങ്ങൾ സാന്നിധ്യം കൊള്ളുന്ന കളരിയിൽ 19 തെയ്യങ്ങൾ കെട്ടിയാടുന്നു. ഒരുപക്ഷെ പണച്ചിറമ്മൽ കളരിയിലാണ് ഏറ്റവും കൂടുതൽ തെയ്യങ്ങൾകെട്ടിയാടുന്നത് എന്ന് തോന്നുന്നു. ഘണ്ഠകർണ്ണൻ, ഉച്ചിട്ട, ദ്രുദ്രാൽ ഭഗവതി, വണ്ണാത്തി പോതി, പരാളിയമ്മ, കമ്മിയമ്മ, ബ്രഹ്മാഞ്ചേരി ഭഗവതി, ശ്രീഭൂതം, വിഷ്ണുമൂർത്തി, രക്തചാമുണ്ടി, കുഞ്ഞാർകുറത്തി, കുണ്ടോറ ചാമുണ്ഡി, മോന്തിക്കോലം, കൊടുംകാളിയമ്മ, കരിഞ്ചാമുണ്ഡി, മംഗല ചാമുണ്ഡി, പരവ, ഭൈരവൻ , കരിങ്കുട്ടിശാസ്തൻ, ഇങ്ങനെ 19 തെയ്യങ്ങൾ കെട്ടിയാടുന്നു ഈ കളരിയിൽ.

മലയൻ, വണ്ണാൻ, വേലൻ, ചിങ്കത്താൻ, കൂവേരി തടിക്കടവ് പെരുവണ്ണാൻ , ഇവർക്കാണ് ഇവിടെ തെയ്യം കെട്ടാനുള്ള അവകാശം. ഇത്രയേറെ വ്യത്യസ്ത തെയ്യം സമുദായക്കാർ തെയ്യം കെട്ടുന്നത് ഇവിടെമാത്രമാണെന്ന് തോന്നുന്നു.പ്രശസ്തമാണീകളരിയിലെ കളിയാട്ടം – അല്ല പെരും കളിയാട്ടം . നവരാത്രി ഇവിടെ പ്രധാനമാണ്. നവരാത്രിക്ക് ഇവിടുത്തെ അപൂർവ താളിയോല ഗ്രന്ഥങ്ങളും മറ്റും പൂജയ്ക്ക് വെക്കും. കോലത്തിരിയുടെ സൈന്യത്തിലേക്ക് പടയാളികളെ നൽകിയ കുഞ്ഞിമംഗലത്തെ ഈ പുകഴ്പെറ്റ കളരിയുടെ ഗാഥകൾ ഇന്നുംപാടാറുണ്ട് ആ പാണവയൽ കിളികൾ.

Courtesy: ടി.ടി. ലക്ഷ്മണൻ കുഞ്ഞിമംഗലം

Panachirammal Kalari Address Location:

Loading