Attukal Ponkala 2020

Attukal Ponkala 2020 – ആറ്റുകാൽ പൊങ്കാല

attukal ponkala 2020


Attukal Ponkala – ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2020 മാർച്ച് 1-ാം തിയതീ ഞായറാഴ്ച ആരംഭിക്കുകയാണ്. അന്നേ ദിവസം രാവിലെ 9.30 ന് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു മാർച്ച് 9-ാം തിയതി തിങ്കളാഴ്ച പൊങ്കാല, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നെള്ളിപ്പ് എന്നീ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്നൂ

മാർച്ച് 10-ാം തിയതി ചൊവ്വാഴ്ച രാത്രി 9.20 നുള്ള ശുഭമുഹൂർത്തത്തിൽ കാപ്പഴിച്ച് കുടിയിളക്കുന്നൂ.രാത്രി 12.30 മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോട് കൂടിയാണ് പൊങ്കാല മഹോത്സവം സമാപിക്കുന്നത്.
എല്ലാ ഭക്തജനങ്ങളും ഉത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്ന് അഭ്യർത്ഥിക്കുന്നൂ .

ഉത്സവം ഭംഗിയായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ വിനപുരസ്സരം അഭ്യർത്ഥിച്ചു കൊള്ളുന്നൂ .

E-mail : attukaltemple@bsnl.in
Website : www.attukal.org

An Overview of Attukal Ponkala

പ്രതീക്ഷകളുടെ ആഘോഷമാണ് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളില്‍ ഭക്തിസാന്ദ്രമായ മനസ്സുമായി ഭക്തജനങ്ങള്‍ ആറ്റുകാലില്‍ എത്തിച്ചേരുന്നു. മാര്‍ച്ച് 5ന് രാവിലെ 10.15നു പൊങ്കാല അടുപ്പില്‍ തീപകരും. 3.15നു പൊങ്കാല നിവേദിച്ചശേഷം കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ നടക്കും.

1997ല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതാണ് ആറ്റുകാല്‍ പൊങ്കാല. അന്നു 15 ലക്ഷം സ്ത്രീകളാണു പൊങ്കാലയിട്ടത്. 2009ല്‍ ഈ റെക്കോര്‍ഡ് തിരുത്തി പൊങ്കാല ലോകശ്രദ്ധ നേടി. ആ വര്‍ഷം 25 ലക്ഷം പേരാണു പൊങ്കാലയിട്ടത്. എന്നും എപ്പോഴും ഭക്തര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തുണയായി നില്‍ക്കുന്ന ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നതോടെ നന്മയുടെ വഴികള്‍ ഭക്തരില്‍ തേടിയെത്തുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് അറിയാത്തവരാണ് പുതുതലമുറ. അനീതിയെ ചുട്ടുകരിക്കുന്ന അമ്മയായാണ് ആറ്റുകാല്‍ അമ്മയെ ഭക്തര്‍ കാണുന്നത്.

Myth / Story About Attukal Bhagavathi Kshethram

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഒരു ഭക്തനുണ്ടായ ദേവീ ദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഭക്തന്‍ കിള്ളിയാറില്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലിക അവിടെയെത്തി.തന്നെ അക്കരെ കടത്താന്‍ കാരണവരോട് ആ ബാലിക ആവശ്യപ്പെട്ടു. ബാലിക ചുമന്ന് പുഴ കടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ട് പോയി.

ബാലികയ്ക്ക് നല്‍കാനായി സല്‍ക്കാരങ്ങള്‍ ആ ഭക്തന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. രാത്രി ഭക്തന്‍ ഉറങ്ങവെ സ്വപ്‌നത്തില്‍ ബാലിക പ്രത്യക്ഷപ്പെട്ട് താന്‍ നിര്‍ദേശിക്കുന്ന സ്ഥലത്തു തന്നെ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്നു രാവിലെ സ്വപ്നത്തില്‍ കാണിച്ച സ്ഥലത്തു കാരണവര്‍ ഓല പണിതു ബാലികാ രൂപത്തിലുള്ള ദേവിയെ കുടിയിരുത്തി എന്നാണ് ഐതിഹ്യം.

ഈ സ്ഥലത്താണ് ഇന്ന് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇവിടെ ക്ഷേത്രം പണിയുകയും കൈകളില്‍ ശൂലം, പരിച, വാള്‍, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീ വിഗ്രഹം പണിതു ബദരീനാഥിലെ മുഖ്യ പുരോഹിതനെ വരുത്തി പ്രതിഷ്ഠാകര്‍മം നടത്തുകയും ചെയ്തു.

Another Story Related to Kannaki Devi

പാര്‍വതീ ദേവിയുടെ അവതാരമായ കണ്ണകീ ദേവി, മധുരാ നഗര ദഹനത്തിനു ശേഷം കേരളക്കരയില്‍ പ്രവേശിച്ചുവെന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാ മധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്ത്രീകള്‍ പൊങ്കാലയിട്ട് സ്വീകരിക്കുന്നുവെന്നാണ് ഈ ഐതിഹ്യം.

ആറ്റുകാല്‍ ദേവീക്ഷേത്രത്തിനു മുമ്പിലെ തെങ്ങോല കൊണ്ടു മറച്ച മറയിലിരുന്ന് ദേവിയുടെ തോറ്റം പാടുന്നവര്‍ ഈ കഥ പാടാറുണ്ട്. ദേവി കോവലനെ വേല്‍ക്കുന്നതും ശേഷം ചിലമ്പിനെച്ചൊല്ലി പാണ്ടി രാജാവ് കോവലനെ കഴുമരത്തില്‍ തൂക്കുന്നതും ദേവി ചിലമ്പഴിച്ച് പാണ്ടി രാജാവിന്റെ കഴുത്തറുത്ത് അടുപ്പില്‍ തീ കൊളുത്തി മണ്‍കലത്തില്‍ പൊങ്കാല തിളപ്പിച്ച് തീക്കൊള്ളി കൊണ്ട് അഗ്‌നിദേവനെ ധ്യാനിച്ച് പാണ്ടി രാജ്യം കത്തിച്ചാമ്പലാക്കുന്നതും ശേഷം കൊടുങ്ങല്ലൂര്‍ വാഴുന്നതുമാണ് കഥ.

കൊടുങ്ങല്ലൂരില്‍ നിന്നാണ് ദേവി അണിഞ്ഞൊരുങ്ങി ആറ്റുകാലിലേക്ക് എഴുന്നള്ളുന്നത് എന്നാണ് തോറ്റംപാട്ട്.

ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലാണ് ഈ ദേവീചരിത്രം രചിക്കപ്പെട്ടിട്ടുള്ളത്. ആറ്റുകാല്‍ പൊങ്കാല സ്ത്രീകളുടെ ഉല്‍സവമാണ്. വ്രതശുദ്ധിയോടെ പൊങ്കാലയിടുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടി വരുന്നു. പൊങ്കാലയാല്‍ കോപശമനംവരുന്ന ദേവി ഭക്തകളെ അനുഗ്രഹിക്കും എന്നാണു വിശ്വാസം.

ഒരുകാലത്തു തമിഴകത്തില്‍ ലയിച്ചു നിന്നിരുന്ന തിരുവിതാംകൂറിലേക്ക് കണ്ണകിയുടെ പ്രവേശനം ചരിത്ര വസ്തുതകളെ കൂടി ശരിവയ്ക്കുന്നുണ്ട്. ആറ്റുകാല്‍ ദേവിയുടെ ക്ഷേത്ര ഗോപുരങ്ങളില്‍ കണ്ണകി ചരിത്രം ശില്‍പങ്ങളായി ഉറഞ്ഞു തുള്ളി നില്‍ക്കുന്നു.

ക്ഷേത്രോല്‍ഭവം സംബന്ധിച്ച ഐതിഹ്യവും ക്ഷേത്ര ശില്‍പ്പ വര്‍ണനയും ഉല്‍സവങ്ങളും അനുഭവ കഥകളും ഉള്‍ക്കൊണ്ട കാവ്യമാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യം കിളിപ്പാട്ട്. ചിലപ്പതികാരത്തിന്റെ ചുവടു പിടിച്ച് മെനഞ്ഞെടുത്തതാണ് ആറ്റുകാല്‍ ദേവീ മാഹാത്മ്യമെങ്കിലും കണ്ണകി ദേവിയുടെ അവതാരത്തെ പറ്റിയുള്ള കഥ ഇതില്‍ വ്യത്യസ്തമാണ്.

കലിദോഷം മാറാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്ന ചിന്തയില്‍ മുഴുകിയ പാര്‍വതീ ദേവി പരമശിവനെ വന്ദിക്കാനെത്തിയ കലി പുരുഷനെ കാണുന്നു. കലിപുരുഷന്‍ ശിവവന്ദനം കഴിഞ്ഞു തിരികെ പോകാന്‍ ഭാവിക്കവേ ദേവി കലിപുരുഷനെ ശപിച്ചു ചാമ്പലാക്കാന്‍ ഒരുങ്ങുന്നു. പാര്‍വതിയുടെ ഭാവം മാറിക്കണ്ട ശിവന്‍ അതു തടയുകയും ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

കലികാലത്തു നാരികളുടെ സ്ഥാനം തുച്ഛമായിരിക്കുന്നെന്നും ചാരിത്രനിഷ്ഠ നഷ്ടമായി പോകുന്നതും ലോകത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നതും കണ്ട് പാര്‍വതീദേവി ദു:ഖിതയായിത്തീരുന്നു. കലികാലത്ത് ഉണ്ടാകുന്ന അനര്‍ഥങ്ങള്‍ മാറ്റാന്‍ ഭക്തിക്കു മാത്രമേ കഴിയുവെന്നതിനാല്‍ ഭക്തിയും പാതിവ്രത്യ ബോധവും ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഭൂമിയില്‍ അവതരിക്കുകയാണ് യുക്തമെന്നു പാര്‍വതീദേവി നിശ്ചയിക്കുന്നു.

പാര്‍വതിയുടെ ആഗ്രഹത്തിന് വഴങ്ങി കാവേരി പൂമ്പട്ടണത്തില്‍ ജനിക്കുന്ന കണ്ണകിയുടെ ഭര്‍ത്താവായ കോവലനായി ജനിക്കണമെന്നു ശിവന്‍ തീരുമാനിക്കുന്നു. ദക്ഷിണ കേരളത്തില്‍ അനന്തശായിയുടെ ദക്ഷിണ ഭാഗത്തായി ഒഴുകുന്ന നദീതീരത്തിനടുത്തുള്ള ആറ്റുകാല്‍ ദേശത്തു സര്‍വ മംഗള മംഗല്യയായി വാഴുന്ന തന്റെ വിഭൂതികള്‍ക്ക് കോട്ടം തട്ടാതെ താന്‍ വിരാജിക്കുമെന്ന് ദേവി തുടര്‍ന്ന് അരുളിച്ചെയ്യുന്നു. ഇങ്ങനെ ആറ്റുകാലില്‍ അവതരിക്കുകയായിരുന്നു ആറ്റുകാലമ്മയെന്നും കഥയുണ്ട്.