ഗുരുവായൂർ ഉത്സവം – Guruvayur Utsavam 2023
ഗുരുവായൂർ ഉത്സവത്തിനെ കുറിച്ച് അറിയുന്നതിന് മുൻപേ ഉത്സവങ്ങൾ എത്രവിധം ഉണ്ടെന്നു നോക്കാം. പ്രധാനമായും ഉത്സവങ്ങൾ മൂന്നുതരം
മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.
വിശ്വപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം രാത്രി ആറാട്ടോടുകൂടി സമാപിക്കുന്നു.
Gurvayur Utsavam 2023 Dates
ഇപ്രാവശ്യം ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് 03 / 03 / 23 നു ആണ്. അന്നാണ് വളരെ പ്രസിദ്ധമായ ആനയോട്ടവും നടക്കുന്നത്. അങ്ങനെ പത്തു ദിവസം നീളുന്നു ഓരോ ദിവസത്തെയും വിശേഷ ചടങ്ങുകൾ താഴെ കൊടുത്തിരിക്കുന്നു
ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. കലശം ഉത്സവം കൊടികയറുന്നതിന്റെ എട്ടു ദിവസം മുമ്പ് ആരംഭിക്കും. കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിക്കുകയില്ല.
ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഗുരുവായൂർ ഉത്സവം – ഒന്നാം ദിവസം
ഒന്നാം ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണം.
അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ഉത്സവത്തിന് “മുളയിടൽ” ചടങ്ങുണ്ട് . നാലമ്പലത്തിനകത്ത് വടക്കേ ഭാഗത്ത് മണിക്കിണറിനു സമീപത്താണ് മുളയറ ഒരുക്കുന്നത്.
മുറി പ്രത്യേകം അലങ്കരിച്ച് ശുദ്ധിചെയ്ത് പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. എല്ലാദിവസവും മുളയിൽ പൂജനടക്കുന്നു.
ഗുരുവായൂർ ഉത്സവം – രണ്ടാം ദിവസം
രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്കുകൊടിയും കൂറയും സ്ഥാപിക്കുന്നു. ഉൽസവക്കാലത്ത് എല്ലാ ദിവസവും കാലത്ത് പന്തീരടി പൂജയ്ക്ക് ശേഷം കാലത്ത് 11 മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും. രാത്രി അത്താഴ പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചു വെയ്ക്കലുമുണ്ട്.
ദീപാരാധനയ്ക്കു ശേഷം പ്രാസാദശുദ്ധിക്രിയകൾ നടക്കും. ഇതോടേ ക്ഷേത്രപ്രദേശത്തിന് അറിയാതെയെങ്കിലും സംഭവിച്ച് അശുദ്ധികൾ നീക്കപ്പെടും.
ഗുരുവായൂർ ഉത്സവം – മൂന്നം ദിവസം
മൂന്നാം ദിവസം ബിംബശുദ്ധികളാണ്. ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ കലശങ്ങൾ പൂജിച്ച് അഭിഷേകം ചെയ്യും. അന്ന് മഹാകുംഭപൂജയും വൈകുന്നേരം അധിവാസഹോമവും ഹോമകുണ്ഠശുദ്ധിയും നടക്കുന്നു.
ഗുരുവായൂർ ഉത്സവം – നാലം ദിവസം
നാലാം ദിവസം മഹാകുംഭപ്രോക്ഷണവും പ്രായശ്ചിത്തഹോമങ്ങളും കലശാഭിഷേകങ്ങളും നടക്കുന്നു.
ഗുരുവായൂർ ഉത്സവം – അഞ്ചാം ദിവസം
അഞ്ചാം ദിവസത്തിൽ ശാന്തി- അത്ഭുതശാന്തി ഹോമങ്ങളും കലശാഭിഷേകങ്ങളും നടകുന്നു.
ഗുരുവായൂർ ഉത്സവം – ആറാം ദിവസം
ആറാം ദിവസം കാലത്ത് കൂത്തമ്പലത്തിൽ പത്മമിട്ട് സഹസ്രകലശത്തിനുള്ള കുടങ്ങൾ ഒരുക്കി വയ്ക്കുന്നു.
ഗുരുവായൂർ ഉത്സവം – ഏഴാം ദിവസം
ഏഴാം ദിവസം പന്തീരടി പൂജയ്ക്കുശേഷം മണ്ഡപത്തിൽ തയ്യാറക്കിയ ഹോമകുണ്ഡത്തിൽ തത്ത്വഹോമവും ഹോമകലശപൂജയും നടത്തുന്നു.
ഗുരുവായൂർ ഉത്സവം – എട്ടാം ദിവസം
എട്ടാം ദിവസം പന്തീരടി പൂജയ്ക്കുശേഷം 26 സ്വർണ്ണക്കുടങ്ങളിലും 975 വെള്ളിക്കുടങ്ങളിലും അഭിഷേകത്തിനായെടുക്കുന്നു. തൈലകഷായങ്ങൾ, നെയ്യ്, തേൻ, എണ്ണ, പഞ്ചാമൃതം എന്നിവയും അഭിഷേകത്തിനുണ്ടാവും. അന്നു് മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷി നിർത്തി പാണികൊട്ടി പൂജയോടുകൂടി ബലി ഇടുന്നു.
ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്. ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം.
ഗുരുവായൂർ ഉത്സവം – ഒമ്പതാം ദിവസം
ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. കിഴക്കേ ഗോപുരം വഴി പുറത്തിറങ്ങി, കുളം പ്രദക്ഷിണം വച്ച് കിഴക്കേ നടയിലൂടെ അകത്തു പ്രവേശിച്ച് വടക്കേ നടയിൽ എഴുന്നെള്ളിപ്പ് തീരും. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു.
പിന്നീട് ആനപ്പുറത്തു കയറി പള്ളിവേട്ടയ്ക്കായി ഭഗവാൻ ഇറങ്ങുന്നു. ക്ഷേത്രത്തിലെ കഴകക്കാരനായ പിഷാരടി പന്നിമാനുഷങ്ങളുണ്ടോ? എന്നു ചോദിക്കുന്നതോടെ പള്ളിവേട്ട തുടങ്ങും. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് 9 പ്രദക്ഷിണം നടത്തുന്നു.
9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. വേട്ടമൃഗത്തെ ക്ഷേത്രപലകന് കാഴ്ചവെച്ച് അകത്തേക്ക് എഴുന്നെള്ളുന്നു. അന്ന് മണ്ഡപത്തിൽ പ്രത്യേക അലങ്കരിച്ച സ്ഥലത്ത് വെള്ളിക്കട്ടിലിൽ പട്ടുതലയിണയും വച്ച് പള്ളിയുറക്കമാണ്. അന്ന് 12 പാരമ്പര്യക്കാർ നിശ്ശബ്ദരായി ഭഗവാന് കാവലിരിയ്ക്കും.
നാഴികമണി അബദ്ധത്തിൽ പോലും ശബ്ദിയ്ക്കാതിരിക്കാൻ കെട്ടിയിടും.
ഗുരുവായൂർ ഉത്സവം – പത്താം ദിവസം
പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം രാവിലെ 6 മണിക്ക് ഉണരുന്നു. ഉഷപൂജയും എതിരേറ്റുപൂജയും ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്.
അന്ന് സ്വർണ്ണത്തിൽ തീർത്ത ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. വൈകീട്ട് നഗരപ്രദക്ഷിണം തുടങ്ങുന്നു. പഞ്ചവാദ്യത്തോടുകൂടിയാണ് പ്രദക്ഷിണം നടത്തുന്നത്. പുരാണങ്ങളിലെ നിരവധി സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നത് കാണാം.
പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ ഓർമ്മ പുതുക്കുന്നു. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന നമ്പീശൻ പണ്ടൊരു ആറാട്ടുനാളിൽ എഴുന്നള്ളിപ്പിനിടയിലാണ് കുളത്തിന്റെ വടക്കുഭാഗത്തെ അത്താണിക്കല്ല് നിൽക്കുന്ന സ്ഥലത്തുവച്ച് കൊല്ലപ്പെട്ടത്. നമ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും.
അതിനുശേഷം തിടമ്പ് ഭഗവതി അമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും. ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും. തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിയ്ക്കും.
ആറാട്ടുതിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷം രുദ്രതീർത്ഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും കീഴ്ശാന്തിക്കാരും മുങ്ങുന്നു. ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീർത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു.
ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജ. ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളു. ആറാട്ട് ദിവസം രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.
To Visit the Official Website for More Details of Guruvayur Temple: Click Here
Frequently Aske Questions
- What is the schedule of Guruvayur Utsavam?
In 2023, it starts from the 3rd of March to the 12th of March, for a 10 days festival
2. What are the special attractions of Guruvayur Utsavam?
Anayottam is one of the famous events on Guruvayur Utsavam, In this year it is celebrated on 03/03/23