മൂക്കുതല ദേവിക്ഷേത്രം – Sree Mookkuthala Bhagavathi Temple Origin
മൂക്കുതല ദേവിക്ഷേത്രം – Sree Mookkuthala Bhagavathi Temple Story
വാതരോഗ ശമനത്തിന് ഗുരുവായൂരമ്പലത്തിൽ ഭജനമിരുന്നു, ഭാഗവതം സംക്ഷേപിച്ചു മധുരതരമായ ‘നാരായണീയം ‘ എന്ന മഹാകാവ്യം എഴുതി ശ്രീ മേല്പത്തൂർ നാരായണ ഭട്ടതിരി ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചിട്ടുള്ള ഐതീഹ്യം പ്രസിദ്ധമാണല്ലോ? രോഗമുക്തനായ അദ്ദേഹം തുടർന്നും പല രചനകൾ നടത്തി വേദാന്ത ദർശനത്തിനും സംസ്കൃത സാഹിത്യത്തിനും മികച്ച സംഭാവനകൾ ചെയ്തിട്ടുണ്ട്.
ഭക്തി സംവർധന യോഗം, സർവ്വമത സംഗ്രഹം, മാനമേയോദയം, ഭാഗവതൈകാദശ സാരം, കൃഷ്ണചരിത സംക്ഷേപം തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ജീവിതത്തിന്റെ അന്ത്യ ദശയിൽ അദ്ദേഹം ശരണാഗതി അടഞ്ഞതു ദേവീ പാദങ്ങളിലാണ്. ‘ആപദി കിം കരണീയം?’ എന്ന ചോദ്യത്തിന് ശ്രീ കാക്കശ്ശേരി ഭട്ടതിരി ‘ സ്മരണീയം ചരണയുഗളം അംബായാ ‘ എന്ന് മറുപടി നൽകിയിട്ടുള്ളത് സുവിദിതമാണല്ലോ? അതു പോലെ ശ്രീ മേല്പത്തൂർ ഭട്ടതിരിയും മുക്തി തേടി ‘ശ്രീ മൂക്കുതല ഭഗവതിയുടെ ‘ തൃപ്പാദങ്ങളിൽ മനസ്സുറപ്പിച്ചു.
ദേവിയുടെ തൃപ്പാദങ്ങൾ മാത്രം വർണിച്ചുകൊണ്ടു 70ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യം ശ്രീ മേല്പത്തൂർ അക്കാലയളവിൽ രചിച്ചിരുന്നു. ശ്രീപാദ സപ്തതി എന്നറിയപ്പെടുന്ന പ്രസ്തുത കാവ്യം ചില ശ്രീദേവ്യുപാസകർ ദേവീമാഹാത്മ്യത്തിനു സമം പ്രാധാന്യം നൽകി പാരായണം ചെയ്തു പോരുന്നുണ്ട്. ശ്രീപാദ സപ്തതി എന്ന കൃതിയ്ക്കു പുറമേ ശ്രീ മൂക്കുതല ഭഗവതിയെ വർണിച്ചുകൊണ്ടുള്ള ഒരു ഷോഡശ കീർത്തനവും അദ്ദേഹം രചിച്ചിട്ടുണ്ട്. മൂക്കുത്തലയിൽ ഭജനമിരുന്ന അദ്ദേഹം ക്ഷേത്ര പരിസരത്ത് വച്ചു തന്നെ ഉടലോടെ സ്വർഗ്ഗം പൂകിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മലപ്പുറം ജില്ലയിൽ എടപ്പാളിന് സമീപം ചങ്ങരംകുളത്തു നിന്നും മൂന്നര കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് മൂക്കുത്തല ക്ഷേത്രം നിലകൊള്ളുന്നത്. ഗ്രാമീണ ഭംഗി കൈമോശം വന്നിട്ടില്ലാത്ത പ്രദേശം. മൂന്നു ദേശങ്ങളുടെ പാതകൾ സംഗമിക്കുന്ന കവല മുക്കവല ആയെന്നും അത് ലോപിച്ചു മൂക്കോല ആയെന്നും കരുതുന്നു. മൂക്കോല എന്നു കൂടി ക്ഷേത്രം അറിയപ്പെടുന്നുണ്ട്. മേല്പത്തൂർ ‘മുക്തി സ്ഥലേശ്വരി‘ എന്നാണ് കാവ്യങ്ങളിൽ വർണിച്ചിരിക്കുന്നതു. മൂക്കുത്തല മുക്തി സ്ഥലമായിട്ടാണ് അദ്ദേഹം കണ്ടത്.
ഏഴ് ഏക്കറിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര സങ്കേതം ഒരു ചെറിയ വന പ്രദേശത്തിന്റെ പ്രതീതിയിലാണ്. ക്ഷേത്രത്തെ ചുറ്റി സസ്യ സമ്പന്നമായ ഒരു കാവുണ്ട്. ക്ഷേത്രത്തിന്റെ നിർമ്മിതി, നിത്യപൂജ, പ്രതിഷ്ഠ, ക്ഷേത്രാചാരങ്ങൾ തുടങ്ങിയവ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. അഷ്ടബന്ധം ഇട്ടു പ്രതിഷ്ഠ ഉറപ്പിച്ചിട്ടില്ല. ഉപദേവന്മാരാരും ക്ഷേത്രത്തിലില്ല. മണികൊട്ടിയുള്ള പൂജ വൃശ്ചിക മാസത്തിലെ കാർത്തികയ്ക്കു തന്ത്രി സ്ഥാനം വഹിക്കുന്ന അണിമംഗലത്തുകാർ മാത്രമേ നടത്താറുള്ളു.
നിത്യവും മലർനിവേദ്യം നടത്തുന്നതിനുള്ള മലർ അന്നന്നു വറുത്തെടുക്കണം. വൃശ്ചിക കാർത്തികയ്ക്കുള്ള പൂജയ്ക്കു തന്ത്രി ക്ഷണിക്കാതെ തന്നെ എത്തണം. അങ്ങനെ നീളുന്നു ക്ഷേത്രത്തിലെ അപൂർവ്വതകൾ. ക്ഷേത്രത്തിനു പുറകിൽ ആദിശങ്കരന്റെ തപസ്ഥാനം പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട്. അവിടെ ആചാര്യ സ്വാമികളുടെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ആദിശങ്കരൻ ജ്യോതിയിൽ ദർശിച്ച മറ്റു ചൈതന്യങ്ങളെ ക്ഷേത്രത്തിനടുത്തു മറ്റു സ്ഥാനങ്ങളിൽ പ്രതിഷ്ഠ ചെയ്തിട്ടുള്ളതായി കരുതുന്നുണ്ട്. ശ്രീ ദുർഗ്ഗാ ദേവി മൂക്കുത്തല ക്ഷേത്രത്തിനു വലതു മാറി മറ്റൊരു ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ആ ക്ഷേത്രം കീഴേ കാവ് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഈ സന്നിധി മേലേ കാവ് എന്നും അറിയപ്പെടുന്നു.
മേലേ കാവിൽ നിന്നും കീഴേ കാവിലേക്കു പോകുന്ന ഒരു ചെറിയ പാതയുണ്ട്. അവിടെ ഒരു സ്ഥാനത്ത് വച്ചാണ് മേല്പത്തൂർ സ്വർഗ്ഗം പൂകിയതെന്നു വിശ്വസിക്കപ്പെടുന്നു. മേല്പത്തൂരിന്റെ സ്മരണ നിലനിർത്തിക്കൊണ്ടു അദ്ദേഹത്തിന്റെ പ്രതിമ അവിടെ സ്ഥാപിച്ചിരിക്കുന്നു. ഈ പാത സഞ്ചാരയോഗ്യമാക്കി തീർത്തത് കാശി നമ്പീശൻ എന്നു പേരായ ഒരു ഭക്തോത്തമനായിരുന്നു. മേലേക്കാവും കീഴേക്കാവും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.
ആചാര്യ സ്വാമികൾ ദർശിച്ച ശ്രീഭദ്രകാളിയെ പ്രതിഷ്ഠ ചെയ്തത് കണ്ണമ്പള്ളി ക്ഷേത്രത്തിലാണ്. ശ്രീ ആഴ്വാഞ്ചേരി തംബ്രാക്കളുടെ നിയന്ത്രണത്തിലാണ് കണ്ണമ്പള്ളി ക്ഷേത്രഭരണം. മേലെക്കാവിൽ നിവേദിക്കുന്നതിൽ ഒരു അംശം കണ്ണമ്പള്ളി ക്ഷേത്രത്തിനു അവകാശപ്പെട്ടതത്രെ. കുറച്ചു മാറി കോളാഞ്ചേരിയിൽ ശ്രീനരസിംഹ മൂർത്തിയുടെയും രക്തേശ്വരത്തു ശ്രീ മഹാദേവന്റേയും കരുവാറ്റിൽ ശ്രീ ശാസ്താവിന്റേയും സ്ഥാനങ്ങൾ കാണുന്നു.
മൂക്കുത്തല ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിക്കുന്ന ഐതീഹ്യങ്ങളിൽ ഏറെ പ്രചാരമുള്ളതു ശ്രീ ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യത്തിനാണ്. ഭാരത പര്യടനത്തിന് പുറപ്പെട്ട ശ്രീ ആചാര്യ സ്വാമികൾ നരണി പുഴ കടന്നു സഞ്ചരിക്കുമ്പോൾ ഒരു ദിവ്യ പ്രഭ ആ പ്രദേശത്തു കണ്ടുവത്രെ. ഉടനേ ആചാര്യ സ്വാമികൾ ശ്രീ അഘോര രുദ്രനെ ധ്യാനിച്ചു. ആ ജ്യോതിസ്സ് ശ്രീ രുദ്രന്റെ രൂപത്തിൽ ദർശനമരുളിയെങ്കിലും പ്രഭ കെട്ടടങ്ങിയില്ല. തുടർന്ന് ശ്രീ നരസിംഹസ്വാമി ,ശ്രീ ഭദ്രകാളിദേവി , ശ്രീദുർഗ്ഗദേവി , ശ്രീ ശാസ്താവ് തുടങ്ങിയ ദേവതകളെയൊക്കെ ധ്യാനിച്ചു.
അതാതു രൂപങ്ങൾ ആ ജ്യോതിയിൽ അദ്ദേഹം തെളിഞ്ഞു കണ്ടുവെങ്കിലും മൂല ചൈതന്യം എന്തെന്ന് അപ്പോൾ ബോധ്യമായില്ല. ശ്രീ ശങ്കരാചാര്യ സ്വാമികൾ ആ ചൈതന്യത്തിനരുകിൽ ധ്യന നിരതനായി ഇരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ പുരോഭാഗത്തു മൂലചൈതന്യം പ്രത്യക്ഷീഭവിച്ചു. ജഗദ്ധാത്രിയായ ശ്രീ ഭഗവതി മഹിഷശിരസ്സിന്മേൽ ചുവടുറപ്പിച്ചു, നാല് തൃക്കയ്യുകളിൽ ഇടതു കരം അരയിൽ ബന്ധിച്ചും ഇതര കരങ്ങളിൽ ശൂലം, വക്ര ഖഡ്ഗം, ഫലകം എന്നിവ ധരിച്ചും കൊണ്ടുള്ളതായിരുന്നു ആ രൂപം. ആ രൂപത്തിൽ തന്നെ ആചാര്യ സ്വാമികൾ അവിടെ പ്രതിഷ്ഠ ചെയ്തുവെന്നാണ് വിശ്വാസം.
പുല്ലരിയാനെത്തിയ ചെറുമിയുടെ അരിവാളിന്റെ വെട്ടു കൊണ്ടു ഒരു സ്വയംഭൂ സ്ഥാനത്തു നിന്നും നിണം വാർന്ന കഥയും പ്രചാരത്തിലുണ്ട്. ചരിത്രപരമായ വീക്ഷണത്തിൽ മൂക്കുത്തല ക്ഷേത്ര സങ്കേതം ആദിമരുടെ കാവായിരുന്നിരിക്കാനാണ് സാധ്യത. കാവ് വൈദിക വൽക്കരിക്കപ്പെട്ടപ്പോൾ ആവിർഭവിച്ചതാവണം ശ്രീ ആചാര്യ സ്വാമികളുമായി ബന്ധപ്പെട്ട ഐതീഹ്യം. ആദി ശങ്കരനേയും മേൽപ്പത്തൂരിനെയും കൂടാതെ മറ്റു പല മഹാ പണ്ഡിതന്മാരും കവികളും മൂക്കുതല ദേവിയെ ഭജിച്ചിട്ടുണ്ട്.
ശ്രീ കാക്കശ്ശേരി ഭട്ടതിരി ദേവിയുടെ തികഞ്ഞ ഭക്തനായിരുന്നു. ശ്രീ ഉദ്ദണ്ഡശാസ്ത്രികൾ ക്ഷേത്രത്തിൽ ദർശനം നടത്തി ഒരു ശ്ലോകം ചമച്ചതു പ്രസിദ്ധമാണ്. ശ്രീ പൂന്താനം നമ്പൂതിരിയും ക്ഷേത്രത്തിൽ ഭജനം പാർത്തിട്ടുണ്ട്. സാഹിത്യ വാസനയുണ്ടാകാൻ ദേവിയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ശ്രീ കുഞ്ചൻ നമ്പ്യാരുടെ സഹോദരൻ ശ്രീ രാമപാണി വാദർ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു. ശ്രീ കൂടല്ലൂർ കുഞ്ഞിക്കാവ് നമ്പൂതിരിയാണ് ക്ഷേത്രത്തിലെ മേൽക്കൂര ചെമ്പ് മേയിപ്പിച്ചത്.
ശ്രീ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, മഹാകവി ശ്രീ ഉള്ളൂർ, ശ്രീ കൊട്ടാരത്തിൽ ശങ്കുണ്ണി തുടങ്ങി ഒട്ടേറെ കവികൾ ദേവിയെ ഭജിച്ചിട്ടുണ്ട്. അതുകൊണ്ടാവണം വൃശ്ചിക കാർത്തികയ്ക്കു പുറമേ നവരാത്രിയും ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്.
ക്ഷേത്രത്തിനെ ചുറ്റിയുള്ള കാവിൽ അധികമായി വഴ എന്നൊരു വൃക്ഷമാണ് കാണുന്നത്. വഴയുടെ ഇലകൾ ആരും അടർത്താറില്ല അതേ സമയം ഞെട്ടറ്റു പതിക്കുന്ന ഇലകൾ ഭക്തർ ഒരു ദിവ്യ വസ്തുപോലെ എടുത്തു സൂക്ഷിക്കുന്നു.
ദേവീ മാഹാത്മ്യം ഗ്രന്ഥം പോലെ പവിത്രമാണ് ദേവീ സന്നിധിയിലെ വഴ പത്രം എന്നാണ് ഭക്തരുടെ മതം. ദേവീ ബിംബം ഇവിടെ ഉറപ്പിച്ചിട്ടുള്ളതല്ലെന്നു പറഞ്ഞുവല്ലോ? വിഗ്രഹം സ്ഥാപിച്ച ഭാഗത്തെ തറയിൽ ( പീഠം ഇല്ല ) നിന്നും ചില കാലയളവിൽ എടുക്കുന്ന ചുരുക്കം ചില കല്ലുകൾ വളരെ ദിവ്യത്വം ഉള്ളതായിട്ടാണ് കരുതുന്നത്. ‘മൂക്കോല കല്ല് ‘ എന്ന് ഇത് പ്രസിദ്ധവുമാണ്. ഈ കല്ലുകൾ ലോഹം പൊതിഞ്ഞു പലരും ദേഹത്ത് ധരിക്കാറുണ്ട്…
Location: Click Here
You May Also Like
Sree Madiyankoolom Kshethram Kanjangad – ശ്രീമഡിയൻകൂലോം ക്ഷേത്രം, കാഞ്ഞങ്ങാട്
Hemachala Lakshmi Narasimha Swami Temple Story 2024 – ഹേമചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ഐതിഹ്യം