History of Thevar Vellan Theyyam

തേവർ വെള്ളൻ തെയ്യത്തിന്റെ ഐതിഹ്യം – History of Thevar Vellan Theyyam

Thevar Vellan Theyyam

About Thevar Vellan Theyyam: ഏതാണ്ട് 600 വർഷങ്ങൾക്ക് മുൻപ് പഴയ കുറുമ്പ്രനാട് താലൂക്കിലെ തിരുവള്ളൂർ ദേശത്ത് ചാനിയംകടവ് – എന്ന പ്രദേശത്ത് “കാവുംങ്കുനി ചോയ്യോൻ” എന്ന കൃഷിപ്പണിക്കാരന്റെ മൂത്ത മകനായി പുലയർകണ്ടി എന്ന വീട്ടിലാണ് തേവർ വെള്ളൻ ജനിച്ചത്.

കുറ്റിപ്പുറം നാടുവാഴികളുടെ ആശ്രിത ജന്മിയായ തേവർ മഠക്കാരുടെ കൃഷിപണിക്കാരനായിരുന്നു ചോയ്യോൻ. ഒരിക്കൽ ഒരു പഴയ വീട് പൊളിച്ച് മാറ്റുന്ന പണിയിൽ ഏർപ്പെട്ടിരിക്കെ… ചോയ്യോന് ഒരു സ്വർണ്ണനിധികിട്ടാനിടയായി. അത് അയാൾ ആരും കാണാതിരിക്കാൻ മഞ്ഞളും, നൂറും പുരട്ടി വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കുന്നത് അടുത്ത വീട്ടിലെ” കൊമ്മോടിക്കുട്ടി ” എന്ന തെങ്ങ് ചെത്ത് പണിക്കാരൻ കാണാനിടവരികയും, അയാൾ ആ വിവരം തേവർ മഠത്തിൽ അറിയിക്കുകയും ചെയ്തതിന്റെ ഫലമായി തംമ്പ്രാക്കളുടെ പടയാളികൾ വന്ന് ചോയ്യോൻ അന്തികള്ള് കുടിക്കാൻ പോകുന്ന വഴിയിൽ തടഞ്ഞ് ചോദ്യം ചെയ്തു.

ചേറും, ചെളിയും പുരണ്ട് ചാളയിൽ കഴിയേണ്ട പുലയൻ സ്വർണ്ണനിധി സൂക്ഷിക്കുന്നോ… എന്നും പറഞ്ഞ് ചോദ്യവും മർദ്ദനവും ഒന്നിച്ചായിരുന്നു. ചോയ്യോൻ കൂസാതെ മറുപടി പറഞ്ഞുവെന്ന് മാത്രമല്ല അവരെയെല്ലാം തുരത്തി ഓടിക്കുകയും ചെയ്തു. ഇതിൽ കലിപൂണ്ട തേവർ മഠക്കാർ വിവരം കുറ്റിപ്പുറം കോവിലകത്ത് അറിയിച്ച് ചേയ്യോനെ ചാനിയംകടവ് ” കോട്ടപ്പാറ” എന്ന സ്ഥലത്ത് വെച്ച് വധിക്കാൻ തീരുമാനിച്ച് വന്നെങ്കിലും രക്ഷപ്പെടാനായി പുഴയിൽ ചാടിയി ചോയ്യോൻ പിന്നീട് തിരിച്ച് വന്നില്ല.

തന്റെ അച്ഛനെ ചതിച്ച് കൊന്ന നാടുവാഴി തംമ്പ്രാക്കളോടുള്ള അടങ്ങാത്ത പക തേവർ വെള്ളത്തെ മനസ്സിൽ കനൽക്കട്ടകളായി എരിയാൻ തുടങ്ങി.സമ്പത്തും, അധികാരവും, ആയുധശക്തിയുമുള്ള തംമ്പ്രാക്കളോട് പൊരുതാൻ ആയുധവിദ്യ പഠിക്കണമെന്നുള്ള മോഹവുമായി-സവർണ്ണനാണെങ്കിലും തന്നെയും തന്റെ അച്ഛനെയും ഏറെ സ്നേഹിച്ചിരുന്ന ചെന്നപ്പാലൻകുറുപ്പിനെ സമീപിച്ച് ആഗ്രഹം പറഞ്ഞതിനനുസരിച്ച് കുറേനാൾ വെള്ളനെ അയാൾ ആയുധവിദ്യ പഠിപ്പിക്കുകയും ചെയ്തു. അതിന്റെ പേരിൽ സവർണ്ണരായ ആളുകൾ അദ്ദേഹത്തെ പുലകുറുപ്പ് എന്ന് പറഞ്ഞ് പരിഹസിക്കുയും ചെയ്യുകയുണ്ടായി.

ഇനിയും കൂടുതൽ അഭ്യാസമുറകൾ പഠിക്കണമെന്ന ആഗ്രഹവുമായി തനിക്കൊത്ത മൂന്ന് നാല് ചങ്ങാതിമാരെയും കൂട്ടി വെള്ളൻ തെക്കൻ നാടായ പാലക്കാട് കല്ലടിക്കോട്ടേക്ക് കാൽനടയായി പുറപ്പെട്ടു.

യോഗീഗുരുക്കന്മാരുടെ ഏക സഹോദരി മാത്രമേ അപ്പോൾ ആ പൂന്തെയ്ക്കുന്നി വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആങ്ങളമാർ നാലു പേരും നായാട്ടിന് പോയ സമയമായിരുന്നു. അത്. വെള്ളനും കൂട്ടരും ഞങ്ങൾ കടത്തനാട്ട് കാരാണെന്നും ആയുധമുറകൾ പഠിപ്പിച്ച് തരണമെന്നും പറഞ്ഞപ്പോൾ –ആളും, തരവും, ജാതിയും നോക്കാതെ വിദ്യ പഠിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് ആദ്യം പൂന്തെയ്ക്കുന്നി വിസമ്മതിച്ചെങ്കിലും…. വെള്ളൻ കൈയ്യിൽ കരുതിയ അച്ഛന് കിട്ടിയ നിധിയിലെ സ്വർണ്ണ നാണയങ്ങൾ അവൾക്ക് മുന്നിൽ കാഴ്ചവെച്ചപ്പോൾ….. സ്വർണ്ണ തിളക്കത്തിൽ മതിമറന്ന കന്നി ഒടുവിൽ സമ്മതം മൂളി.

രണ്ട് മൂന്ന് വർഷക്കാലം കൊണ്ട് വെള്ളനും, കൂട്ടരും ആയുധമുറകളും, ആൾമാറാട്ട വിദ്യയും, മന്ത്രതന്ത്രങ്ങളുമെല്ലാം പെട്ടന്നു തന്നെ പഠിച്ചു വശത്താക്കി. എവിടെയും ആത്മധൈര്യം കൈമോശം വരാതിരിക്കാനായി കന്നി തന്റെ ഒരു മോതിരം വെള്ളന് സമ്മാനിക്കുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ വെള്ളന് കേൾക്കാൻ കഴിഞ്ഞത് താൻ വീട്ടിലില്ലാത്ത സമയം നോക്കി തമ്പുരാക്കൻമാർ തന്റെ സഹോദരിമാരെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന
വാർത്തയാണ്. പട്ടിണി കിടന്നും മറ്റ് പല വിധ യാതനകൾക്കും വിധേയരാകേണ്ടി വന്ന പെങ്ങൾമാരുടെ കഥ കൂടി കേട്ടപ്പോൾ അയാളുടെ മനസ്സിലെ പ്രതികാര അഗ്നി ആളിക്കത്തി.

പിറ്റേന്ന് കാലത്ത് വെള്ളൻ നേരെ തേവർമഠം ലക്ഷ്യമാക്കി നടക്കവൈ….. മകരക്കൊയ്ത്ത് കലമായിരുന്നതുകൊണ്ട് പഠിപ്പുരയുടെ തെക്ക് ഭാഗത്തുള്ള ‘കോടൻ കണ്ട’ത്തിൽ കൊയ്ത്ത് നടക്കുന്നുണ്ടായിരുന്നു . കാലാകാലങ്ങളായി തന്റെ കുടുംബങ്ങളും, സമുദായക്കാരും കൊയ്തിരുന്ന പാടം ഞങ്ങളെ പട്ടിണിക്കിട്ടിട്ട് അന്യദേശക്കാരെ കൊണ്ട് വന്ന് തമ്പ്രാക്കൾ കൊയ്യിക്കുന്നത് കണ്ടപ്പോൾ അയാളുടെ അരിശം ഇരട്ടിച്ചു.അവർ കൊയ്തിട്ട് കറ്റകൾ ഒരു വലിയ കെട്ടാക്കി തലയിൽ ചുമന്ന് പുലർകണ്ടി പാറേമ്മൽ കൊണ്ടു ചെന്നിട്ട് മെതിക്കാൻ തുടങ്ങി.

ഈ വാർത്ത കാട്ട് തീ പോലെ തേവർ മഠത്തിലുമെത്തി. കോവിലകത്തെകളപ്പുരയിലേക്ക് കൊണ്ടുവരേണ്ട കറ്റകൾ മാറ്റിയ വിവരമറിഞ്ഞ് തമ്പുരാക്കൾ കലിതുള്ളി. പുലയൻ വെള്ളന്റെ ധിക്കാരത്തിന് തക്ക ശിക്ഷ നൽകാനായി തമ്പ്രാക്കൾ അവരുടെ കുറേ പടയാളികളെ അങ്ങോട്ടയച്ചു. തുടർന്ന് പാറ മുകളിൽ വെച്ച് വെള്ളനുമായി ഒരു പോരാട്ടം തന്നെ നടന്നിട്ടും വെള്ളനെ കീഴ്പ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല. പിന്നീട് വെള്ളൻ തേവർ മഠത്തിലും പോയി ഒരുപാട് പരാക്രമങ്ങളും നാശനഷ്ടങ്ങളും വരുത്തുകയുണ്ടായി.

വെള്ളനെ നേരിടുന്നതിൽ പരാജയപ്പെട്ട് തമ്പ്രാക്കൾ ഒടുവിൽ കടത്തനാടൻ വീരശൂരപരാക്രമി കൂടിയായ തച്ചോളി ഒതേനനെ തന്നെ വെള്ളനെ വധിക്കാൻ ഏർപ്പാടാക്കുകയുണ്ടായി.

ഈ വിവരം അറിഞ്ഞ വെള്ളൻ ഒതേനനെ അദ്ദേഹത്തിന്റെ തട്ടകമായ മേപ്പയിൽ മാണിക്കോത്തേക്ക് തന്നെ നേരിട്ട് അങ്ങോട്ട് ചെന്ന് കാണുകയും, ഒതേനനുമായി ഒരു വലിയ ആയുധപ്പോരാട്ടം തന്നെ നടത്തി.അതിൽ പരാജയം സമ്മതിച്ച ഒതേനൻ വെള്ളനെ തന്റെ ചങ്ങാതിയായി പരിഗണിക്കുകയും മാണിക്കോത്ത് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയുമുണ്ടായി.

വെള്ളൻ പഠിച്ച വിദ്യ തനിക്ക് പഠിപ്പിച്ച് തരണമെന്ന് പറഞ്ഞ് വെള്ളന്റെ ശിഷ്യത്വം സ്വീകരിക്കുകയും: നമ്മുടെ ഈ സൗഹൃദം എല്ലാ കാലത്തും ഓർമ്മിക്കാൻ വേണ്ടി രണ്ടു പേരുടെയും തിറയും, ഉത്സവങ്ങളും ഒരേ ദിവസം തന്നെ നടത്തണമെന്നും ഒതേനൻ പറഞ്ഞതിനനുസരിച്ചാണ് – ഇന്നും കുംഭമാസം 10-11 തീയ്യതികളിൽ മേപ്പയിൽ മാണിക്കോത്തും, ചാനിയംകടവ് പുലയർ കണ്ടിയിലും ഒരേ ദിവസം ഉത്സവങ്ങൾ നടന്നുവരുന്നത്. വെള്ളൻ പിന്നീട് ദേശാടനത്തിനായി പുറപ്പെട്ടെന്നും. കുറ്റ്യാടി, മുചുകുന്ന്, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചെന്നും ഏറ്റവും ഒടുവിൽ അയനിക്കാട് വെള്ളൂക്കുനി എന്ന സ്ഥലത്തുവെച്ച് വസൂരി രോഗം വന്ന് മരിച്ചുവെന്നുമാണ് വിലയിരുത്തപ്പെടുന്നത്

You May Also Like

Gulikan Theyyam

Kathivanoor Veeran Theyyam